- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃപ്പൂണിത്തുറ അപകടം: രണ്ടാഴ്ചക്കകം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും
കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീര. മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായി അപകട സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു സബ് കലക്ടർ. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് രണ്ടാഴ്ചക്കകം കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
അപകടത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച വീടുകൾ സബ് കലക്ടർ സന്ദർശിച്ചു. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എഞ്ചിനീയറിങ് വിഭാഗത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും സബ് കലക്ടർ പറഞ്ഞു. കണയന്നൂർ തഹസിൽദാർ ബിനു സെബാസ്റ്റ്യൻ, ഫോർട്ട് കൊച്ചി ആർ.ഡി ഓഫീസ് സീനിയർ സൂപ്രണ്ട് വി.വി ജയേഷ്, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സബ് കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം തൃപ്പൂണിത്തുറയിവെ വെടിക്കെട്ട് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയകാവ് ക്ഷേത്രത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയെന്ന കേസിൽ തെക്കുംഭാഗം കരയോഗം ഭാരവാഹികൾ ഉൾപ്പെടെ പിടിയലായിട്ടുണ്ട്. മൂന്നാറിൽ നിന്നാണ് ഇവരെ പിടികൂടിയത്.
അപകടത്തിന് പിന്നാലെ ക്ഷേത്ര ഭാരവാഹികളും കരയോഗ ഭാരവാഹികളും ഒളിവിൽ പോയിരുന്നു. കരയോഗത്തിന്റെ പ്രധാന ഭാരവാഹികൾ ഉൾപ്പെടെ ഹിൽപ്പാലസ് പൊലീസിന്റെ പിടിയിലായതായിട്ടാണ് വിവരം. തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ കേസ്. വടക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ടിനായി സ്ഫോടക വസ്തുക്കൾ ഇറക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടാകുന്നത്. ഇതിന്റെ തലേന്നാണ് തെക്കുംഭാഗം കരയോഗത്തിന്റെ വെടിക്കെട്ട് പുതിയകാവ് ക്ഷേത്രത്തിൽ നടന്നത്.
അധികൃതരുടെ മുൻകൂർ അനുമതി ഇല്ലാതെയാണ് ഈ വെടിക്കെട്ട് നടന്നതെന്ന് പൊലീസും ജില്ലാ ഭരണാധികാരികളും വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിലാണ് തെക്കുംഭാഗം കരയോഗം ഭാരവാഹികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്ഫോടനവുമായി തങ്ങൾക്ക് ബന്ധമില്ലെന്നാണ് കസ്റ്റഡിയിലുള്ളവർ പൊലീസിനോട് പറഞ്ഞത്. കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു.