തൃശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ തൃശൂർ അതിരൂപതയുടെ സമുദായ ജാഗ്രത സമ്മേളനം. മണിപ്പൂർ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ക്രൈസ്തവ സമൂഹങ്ങൾക്കും, സ്ഥാപനങ്ങൾക്കും ഉറപ്പാക്കുന്നതിനും നടപടി കൈക്കൊള്ളണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

മലയോര മേഖലയിലെ വന്യമൃഗ ആക്രമണ ഭീഷണി ഒഴിവാക്കുകയും കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലെ പ്രശ്നപരിഹാരത്തിനായി നിയമിച്ച ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് 9 മാസങ്ങൾ കഴിഞ്ഞു.

ഇപ്പോഴും റിപ്പോർട്ട്പ്രസിദ്ധീകരിക്കുവാൻ പോലും തയ്യാറാകാത്ത കേരള സർക്കാരിന്റെ നടപടി ശരിയല്ല. നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്ന അവസ്ഥയും അവസാനിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനം ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നതിൽ വിവേചനവും, നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്ന അവസ്ഥയുണ്ടെന്നും സംസ്ഥാന സർക്കാർ ഇതവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ വിധി അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

തൃശൂർ സെന്റ് തോമസ് കോളേജിലാണ് സമുദായ ജാഗ്രത സമ്മേളനം നടന്നത്. സമ്മേളനത്തിൽ ബിഷപ്പുമാർ, സമുദായ നേതാക്കൾ, ഇടവകകളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. രാഷ്ട്രീയ പാർട്ടികളെ സഭയുടെ ആശങ്കയും ആവശ്യവും അറിയിക്കുകയാണ് ജാഗ്രതാ സമ്മേളനത്തിന്റെ ലക്ഷ്യം. തൃശൂരിൽ ലോക്‌സഭാ തെറഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടയിലാണ് സഭയുടെ പ്രമേയം. സഭ നേരിടുന്ന ഈ ആശങ്കകളും വേദനയും രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് അതിരൂപത സമ്മേളനം വിളിച്ചു ചേർത്തത്.

20 ശതമാനത്തിലേറെ ക്രൈസ്തവ വോട്ടുകളുള്ള തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ സമ്മർദ്ദ ശക്തിയാവാനാണ് സിറോ മലബാർ സഭ തൃശൂർ അതി രൂപതയുടെ നീക്കം. മതേതര ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്ന സഭ മണിപ്പൂർ ഉൾപ്പെടെയുള്ള സംഘർഷങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ക്രൈസ്തവരെ അടിച്ചതെന്ന് സമുദായ സമ്മേളനം ചോദിക്കുമെന്ന് അതിരൂപതാ ആർച്ച് ബിഷപ്പും സിബിസിഐ അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.