തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വരുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഫ്‌ളക്സ് ബോർഡുകൾ കോർപ്പറേഷൻ അഴിച്ചുമാറ്റാൻ ശ്രമിച്ചതിന് പിന്നാലെ നഗരത്തിൽ ബിജെപി പ്രതിഷേധം. സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ പ്രചാരണാർഥം സ്ഥാപിച്ച ബോർഡുകൾ അഴിച്ചുമാറ്റാൻ ശ്രമിച്ചതിന് പിന്നാലെയാണ് തൃശൂർ നഗരത്തിൽ ബിജെപി പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് കോർപ്പറേഷൻ ഉദ്യോഗസ്ഥർ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടി.

തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോർഡുകളാണ് കോർപ്പറേഷൻ വാഹനത്തിലെത്തി ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പിന്നാലെ പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷൻ അനീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി ബോർഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തിൽ കയറ്റിയ ഫ്ലക്സ് ബോർഡുകൾ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. നീക്കം ചെയ്ത ഫള്ക്‌സ് ബോർഡുകൾ കോർപറേഷൻ തിരിച്ചു കെട്ടിയതോടെയാണ് പ്രതിഷേധക്കാർ അടങ്ങിയത്.

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഫളക്സ് ബോർഡുകളും നഗരത്തിൽ സ്ഥാപിച്ചിരുന്നുവെന്നും ഇത് അഴിപ്പിക്കാതെ പ്രധാനമന്ത്രിയുടെ ബോർഡ് മാത്രം അഴിപ്പിച്ചത് അനുവദിക്കില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ എത്തുന്നത്. പ്രധാനമന്ത്രിയുടെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ തൃശൂർ കോർപ്പറേഷൻ എടുത്ത തീരുമാനം ധിക്കാരപരവും അസഹിഷ്ണുത നിറഞ്ഞ തുമാണെന്ന് പ്രസിഡന്റ് അനീഷ് കുമാർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള സദസ്സിന്റെ ബോർഡുകളും തുടർന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളനത്തിന്റെ ബോർഡുകളും മറ്റും നഗരത്തിൽ ഉണ്ടായിട്ടും ബിജെപിയുടെ ബോർഡുകൾ മാത്രം മാറ്റാൻ തൃശ്ശൂർ കോർപ്പറേഷൻ ഉത്തരവിട്ടത് തികഞ്ഞ തെമ്മാടിത്തം തന്നെയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു .ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രധാനമന്ത്രിക്ക് പോലും നീതി ലഭിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ തൃശൂർ കോർപ്പറേഷൻ ജീവനക്കാർ അഴിച്ചുമാറ്റിയ കൊടികളും ബോർഡുകളും പുനഃ സ്ഥാപിച്ചതോടെയാണ് നഗരത്തിൽ ഉണ്ടായ സംഘർഷത്തിന് അയവ് വന്നത്.തുടർന്ന് ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ തൃശൂർ കോർപ്പറേഷനിലേക്ക് മാർച്ച് നടത്തുകയും കോർപ്പറേഷൻ കവാടത്തിൽ കൊടിയും ബോർഡും സ്ഥാപിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നീക്കാൻ കോർപറേഷൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് മേയർ എം.കെ.വർഗീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡുകളും മറ്റു ബോർഡുകളും 2024 ജനുവരി 3-ാം തിയ്യതി വരെ നീക്കം ചെയ്യേണ്ടതില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് ഞാൻ നിർദ്ദേശം നൽകിയിരുന്നു. സുരക്ഷാഉദ്യോഗസ്ഥരുടെയും മറ്റു മേലധികാരികളുടെയും നിർദ്ദേശ പ്രകാരം പൊലീസ് കമ്മീഷണർ പ്രത്യേക നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ബോർഡുകൾ നീക്കം ചെയ്യാൻ കോർപ്പറേഷൻ ജീവനക്കാർ ശ്രമിച്ചത്. ഇതാണ് ബിജെപി. പ്രവർത്തകർ തടഞ്ഞത്.

പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് സുരക്ഷാജീവനക്കാരുടെ നിർദ്ദേശപ്രകാരം ബോർഡുകൾ മാറ്റിയത് കോർപ്പറേഷൻ നിർദ്ദേശപ്രകാരമാണെന്ന് പ്രചരിപ്പിക്കുന്നത് അവാസ്തവവും കുപ്രചരണവുമാണ്. ഇത്തരത്തിൽ പ്രചരണം നടത്തുന്നതിന്റെ സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു, മേയർ പറഞ്ഞു. ഹൈക്കോടതിയുടെയും ഗവൺമെന്റിന്റെയും നിർദ്ദേശ പ്രകാരം ബോർഡ് സ്ഥാപിക്കുന്നതിന് അനുവാദം കൊടുക്കുന്നതിനും നീക്കം ചെയ്യുന്നതിനും കോർപ്പറേഷനിൽ പ്രത്യേക കമ്മിറ്റിയുണ്ട്. ആ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ബോർഡുകൾ നീക്കം ചെയ്യാറുമുണ്ടെന്നും മേയർ അറിയിച്ചു.