- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രമസമാധാന ചുമതലയില്‍ നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; തൃശൂര്‍ പൂരത്തില്‍ എഡിജിപിയെ കുറ്റപ്പെടുത്തിയത് തന്ത്രപരം; ആ 'മൂകാംബിക ദര്‍ശനം' എഡിജിപിക്ക് വിനയാകുമോ? പിണറായി ആലോചനയില്‍
മന്ത്രിമാര്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ അദ്ദേഹം തൃശൂരില്‍നിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോകുകയും ചെയ്തു
തിരുവനന്തപുരം : ക്രമസമാധാന ചുമതലയില്‍ നിന്നും എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബ്. തൃശൂര്‍ പൂരം നടത്തിപ്പില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിയെ അറിയിച്ചത് ഇതിന് വേണ്ടി കൂടിയാണ്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. സിപിഐയുടെ നേതൃത്വത്തില്‍ അജിത് കുമാറിനെതിരെ സമ്മര്‍ദ്ദം ശക്തമാണ്. ഈ സാഹചര്യത്തിലാണ് പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
ആമുഖക്കുറിപ്പോടെയാണ് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയത്. ആമുഖക്കുറിപ്പില്‍ എഡിജിപിയുടെ വീഴ്ചകള്‍ അക്കമിട്ടു നിരത്തിയ ഡിജിപി, പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കാനാണു സാധ്യത. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാകും. ഗൂഡാലോചനയില്ലാ എന്നായിരുന്നു എഡിജിപിയുടെ നിഗമനം. ഇത് പോലീസ് മേധാവി തള്ളി. പോലീസ് മേധാവിയുടെ കുറിപ്പ് അടക്കം മുഖ്യമന്ത്രി പരിശോധിച്ചു. വിശദ അന്വേഷണം പ്രഖ്യാപിക്കും. ഇതിനൊപ്പം എഡിജിപിയെ മാറ്റാനും സാധ്യതയുണ്ട്. സിപിഎം സമ്മേളനങ്ങളിലും മറ്റും അജിത് കുമാറിനെതിരായ വികാരം ശക്തമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നടപടിയില്‍ ആലോചനകളിലേക്ക് കടക്കുന്നത്.
പൂരത്തിന്റെ സമയത്ത് തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. സാധാരണ കീഴുദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാല്‍, ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആക്ഷേപമുള്ളതിനാല്‍ റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിച്ചു. ഇതിന് ശേഷമാണ് എഡിജിപിയെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങളുമായി കുറിപ്പ് സര്‍ക്കാരിന് നല്‍കുന്നത്. എന്തു വന്നാലും ക്രമസമാധാന ചുമതലയില്‍ നിന്നും അജിത് കുമാറിനെ മാറ്റിയേ മതിയാകൂവെന്ന സന്ദേശം കൂടിയാണ് ഈ കുറിപ്പ്.
ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും എഡിജിപി 5 മാസം കാലതാമസം വരുത്തി. പൂരം നടത്തിപ്പിന് എസ്പിയും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേര്‍ന്നു തയാറാക്കിയ ക്രമീകരണങ്ങളില്‍ അവസാനനിമിഷം മാറ്റം വരുത്തി. സംഭവം നിയന്ത്രണത്തിന് അപ്പുറമായിട്ടും തൃശൂര്‍ പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ലെന്നു ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണു സൂചന. മന്ത്രിമാര്‍ വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ അദ്ദേഹം തൃശൂരില്‍നിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോകുകയും ചെയ്തു.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ തിരുവമ്പാടി ദേവസ്വത്തിനു പങ്കുണ്ടെന്നും രാഷ്ട്രീയലക്ഷ്യം സംശയിക്കുന്നതായും എഡിജിപി അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏതാനും ദേവസ്വം ഭാരവാഹികളുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. പൊലീസിന്റെ നിര്‍ദേശങ്ങളോടു തിരുവമ്പാടി തുടക്കംമുതല്‍ നിസ്സഹകരണ മനോഭാവം പുലര്‍ത്തിയെന്നും കലക്ടറുടെ പ്രശ്‌നപരിഹാരചര്‍ച്ചകള്‍ക്കിടെ പൂരം നിര്‍ത്തുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചതു ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൂരദിവസത്തെ ഭാരവാഹികളുടെ ഫോണ്‍വിളി വിവരങ്ങളുമുണ്ട്.
ഈ സാഹചര്യത്തിലാണ് ഗൂഡാലോചന പരിശോധിക്കണമെന്ന ആവശ്യം പോലീസ് മേധാവിയും മുമ്പോട്ട് വയ്ക്കുന്നത്. ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കാന്‍ സിപിഐയും രംഗത്തുണ്ട്.