ഒല്ലൂർ: വയനാട്ടിലെ വാകേരിയിൽ കർഷകനെ കൊന്നുതിന്ന കടുവയുടെ ആരോഗ്യനില ആശങ്കാജനകമെന്ന് വിലയിരുത്തൽ. കടുവയെ പുത്തൂരിൽ എത്തിച്ച ചൊവാഴ്ച ഉച്ചകഴിഞ്ഞാണ് മണ്ണുത്തി വെറ്ററിനറി സർവകലാശാല സർജറിവിഭാഗം തലവൻ ഡോ. ശ്യാം വേണുഗോപാൽ കടുവയെ നിരീക്ഷിച്ചത്. ചികിൽസ തുടങ്ങിയിട്ടുണ്ട്. കടുവയുടെ മുഖ ഭാഗം തകർന്ന അവസ്ഥയിലാണ്. കടുവയുടെ സംരക്ഷണവും പരിചരണവും വെല്ലുവിളിനിറഞ്ഞതാണെന്ന് പാർക്ക് ഡയറക്ടർ ആർ. കീർത്തി പറഞ്ഞു.

മുഖത്തും ദേഹത്തും ഉള്ള ആഴത്തിലുള്ള മുറിവുകൾ ഗുരുതരമെന്ന് കണ്ടെത്തി. മോശമായ ആരോഗ്യസ്ഥിതിമൂലം വേട്ടയാടാനുള്ള കഴിവില്ലായ്മയാകാം ജനവാസ കേന്ദ്രത്തിൽ ഇരതേടിയെത്താൻ ഇടയായതെന്നാണ് വിലയിരുത്തൽ. മറ്റ് മൃഗങ്ങളുമായി നടത്തിയ ഏറ്റുമുട്ടലിലാകാം കടുവയുടെ മുഖഭാഗം തകർന്നത്. നല്ല ക്ഷതമുണ്ട്. മൂക്ക്,വായ,പല്ലുകൾ,താടിയെല്ല് ഇവയെല്ലാം തകർന്നിട്ടുണ്ട്. രക്തമൊഴുകുന്നുമുണ്ട്. ഇത് നിയന്ത്രിക്കാനായില്ലെങ്കിൽ കടുവയുടെ ആരോഗ്യ നില അതീവ ഗുരുതരമാകും. കടുത്ത അവശതയും ക്ഷീണവും കലശലാണ്. പൊതുജനങ്ങൾക്ക് കടുവയെക്കാണാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ വയനാട്ടിലെ നരഭോജി കടുവയ്ക്ക് മികച്ച ഭക്ഷണവും ചികിത്സയും നൽകി ആരോഗ്യം തിരിച്ചുപിടിക്കാൻ ശ്രമം നടക്കുന്നു. കാട്ടിൽ മറ്റ് മൃഗങ്ങളുമായി ഏറ്റുമുട്ടൽ നടന്നിരിക്കാമെന്നാണ് ഡോക്ടർമാരുടെ അനുമാനം. ചികിത്സ കരുതലോടെയാണ് ഡോക്ടർമാർ നടത്തുന്നത്. പ്രായമായ കടുവയായതിനാൽ ശ്രദ്ധ ആവശ്യമാണ്. നാൽപ്പതു മുതൽ അറുപതു വരെ ദിവസം ക്വാറന്റൈനിൽ നിർത്തും. ഈ സമയത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുക്കണം.

കടുവയ്ക്ക് ഇരുനൂറ് കിലോയോളം ഭാരമുണ്ട്. . രാവിലെ പുത്തൂരിൽ എത്തിച്ചപ്പോൾത്തന്നെ പ്രതിരോധ കുത്തിവെയ്പ് നൽകിയിരുന്നു. ഇവിടെയെത്തിയതിനുശേഷം തീറ്റയെടുത്തിട്ടില്ല. മുഖത്തെ മുറിവുകളിൽ പഴുപ്പും അണുബാധയുമുണ്ടെന്ന് സംശയമുണ്ട്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ 45-ാംനമ്പർ കടുവയാണിത്. 13 വയസ്സാണുള്ളത്. മണ്ണുത്തിയിൽനിന്ന് ഡോക്ടർമാർ വ്യാഴാഴ്ച പാർക്കിലെത്തി പരിശോധിക്കും. മയക്കിയശേഷമാകും പരിശോധന.

ഇതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വേണം. തുടർന്ന് ആന്റിബയോട്ടിക്കുകൾ നൽകിത്തുടങ്ങും. വെറ്ററിനറി സർവകലാശാലയുടെ ഫീൽഡ് സ്റ്റേഷനും പുത്തൂരിലെ പാർക്കിലുണ്ട്. ആറു മാസം മുൻപ് ഇവിടെയെത്തിയ പുള്ളിപ്പുലിക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായത് പ്രതീക്ഷയാണെന്ന് പുത്തൂരിലെ അധികൃതരും പറയുന്നു. ദിവസവും ആറ് കിലോ ബീഫ് വീതം കടുവയ്ക്ക് നൽകാനാണ് ഡോക്ടർമാർ നിശ്ചയിച്ചിരിക്കുന്നത്. സുവോളജിക്കൽ പാർക്കിൽ ആറേക്കറോളം വരുന്ന പ്രദേശത്താണ് കടുവകളെ താമസിപ്പിക്കുന്നത്. നെയ്യാറിൽ നിന്ന് പിടികൂടിയ രണ്ട് പെൺകടുവകളും ഇവിടെയുണ്ട്.

വയനാട്ടിലെ ക്ഷീരകർഷകൻ പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തി ഭക്ഷിച്ച കടുവയെ കഴിഞ്ഞദിവസമാണ് പിടികൂടിയത്. പത്തുദിവസത്തോളം ശ്രമങ്ങൾ നടത്തിയാണ് കടുവയെ പിടികൂടിയത്.