- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വാകേരി സീ സിയിൽ പശുക്കിടാവിനെ കൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തി; പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കഴിച്ചു മടങ്ങി; ദൃശ്യങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞു; നാട്ടുകാർ ഭീതിയിൽ, വനംവകുപ്പിനെതിരെ രോഷം; കടുവ നരഭോജിയാകണോ പിടികൂടാനെന്ന് ചോദിച്ചു നാട്ടുകാർ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി വാകേരിയിൽ നിന്നും നരഭോജി കടുവയെ പിടികൂടി ഒരാഴ്‌ച്ച തികയും മുമ്പാ നാടിനെ ഭീതിയിലാഴ്‌ത്തി വീണ്ടും കടുവയുടെ ആക്രമണം സിസിയിൽ ഉണ്ടായിരുന്നു. പശുക്കിടാവിനെ കൊന്നു ഭക്ഷിച്ച കടുവ വീണ്ടും തൊഴുത്തിലെത്തി. ഇവിടെ സ്ഥാപിച്ച സിസി ടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇന്നലെ കൊന്ന പശുക്കിടാവിന്റെ അവശിഷ്ടം തേടിയാണ് കടുവ എത്തിത്. തൊഴുത്തിലെത്തി അവശിഷ്ടങ്ങൾ കൂടി ഭക്ഷിച്ച ശേഷം കടുവ എങ്ങോട്ടോ മറഞ്ഞു.
വാകേരി സിസിയിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്റെ തൊഴുത്തിൽ നിന്നാണ് ഒരു ദിവസം മുമ്പ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തിൽ പശുവും ഉണ്ടായിരുന്നു. എന്നാൽ, കയർ പൊട്ടിച്ച് ഓടിയതോടെ പശു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിലാണ് ഇന്നലെ രാത്രി വീണ്ടും കടുവയുടെ ദൃശ്യം പതിഞ്ഞത്. പാതിഭക്ഷിച്ചുപോയ പശുക്കിടാവിന്റെ അവശിഷ്ടങ്ങൾ കഴിക്കാനാണു കടുവ ഇവിടെ എത്തിയത്.
കടുവയെ പിടികൂടാൻ ഉടൻ കൂട് സ്ഥാപിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ ക്യാമറകളിൽ കടുവയുടെ ചിത്രം പതിഞ്ഞ ശേഷം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്കു കൂട് സ്ഥാപിക്കുമെന്നായിരുന്നു വനംവകുപ്പിന്റെ നിലപാട്. ജനപ്രതിനിധികളും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് സ്ഥലത്ത് വിവിധയിടങ്ങളിലായി 10 ക്യാമറകൾ സ്ഥാപിച്ചു. മുഴുവൻ സമയ പട്രോളിങ്ങും കാവലും ഏർപ്പെടുത്തി.
കടുവയുടെ ആക്രമണം ജനവാസ മേഖലയിൽ ആയതിനാൽ കടുത്ത ഭീതിയിലാണ് നാട്ടുകാർ. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രോഷപ്രകടനവുണ്ട്. ഇപ്പോൾ പശുവിനെ ആക്രമിച്ച കടുവ നരഭോജിയാകണോ അതിനെ പിടികൂടാൻ എന്നാണ് നാട്ടുകാരുടെ ചോദ്യം. വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടുവ കടിച്ചുകൊന്നതിനെ തുടർന്ന് മേഖലയാകെ ഭീതിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂർ മൃഗശാലയിലേക്കു മാറ്റിയത്. ഇതോടെ ആശ്വാസമായെന്ന ധാരണയിലായിരുന്നു നാട്ടുകാർ.
എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ വാകേരിക്കടുത്ത് കല്ലൂർകുന്നിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചിരുന്നു. കല്ലൂർകുന്ന് സെന്റ് ആന്റണീസ് പള്ളിക്ക് സമീപമാണ് റോഡ് മുറിച്ച് കടക്കുന്ന കടുവയെ കണ്ടതെന്ന് തോട്ടത്തിലെ തൊഴിലാളികൾ പറഞ്ഞു. പശുക്കിടാവിനെ കൊന്നതോടെ വീണ്ടും മേഖലയാകെ കടുവ ഭീതിയിലായി.
വനംവകുപ്പ് കടുവകളെ നമ്പറിട്ട് വിളിക്കുന്നുണ്ടെങ്കിലും അവർ പറയുന്ന കടുവകൾ തന്നെയാണോ നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് നാട്ടുകാരുടെ സംശയം. കഴിഞ്ഞ 9നാണു കൂടല്ലൂർ സ്വദേശി പ്രജീഷിനെ കടുവ കൊന്നത്. അത് വനംവകുപ്പിന്റെ റെക്കോഡ് പുസ്തകത്തിലുള്ള ഡബ്ല്യുഡബ്ല്യുഎൽ 45 എന്ന 13 വയസ്സുള്ള ആൺകടുവയാണെന്ന്, പിടികൂടുന്നതിന് മുൻപു തന്നെ ചിത്രം ശാസ്ത്രീയമായി അപഗ്രഥിച്ച് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആ സമയത്തും കൂടല്ലൂരിൽനിന്നു മാറി എണ്ണൂറേക്കർ, ഞാറ്റാടി ഭാഗങ്ങളിൽ കടുവ നാട്ടിലിറങ്ങുകയും സന്തോഷ് എന്നയാളുടെ പശുവിനെ കൊല്ലുകയും ചെയ്തിരുന്നു.
നരഭോജി കടുവയെ പിടികൂടിയ ശേഷം പുല്ലുമല, പാപ്ലശേരി, കല്ലൂർ കുന്ന് ഭാഗങ്ങളിൽ കടുവയെ കണ്ടിരുന്നു. ആ കടുവയാണോ ഇന്നലെ സീസിയിൽ വന്നതെന്നും അതു തന്നെയാണോ മുൻപ് ഞാറ്റാടിയിൽ സന്തോഷിന്റെ പശുവിനെ കൊന്നതെന്നും നാട്ടുകാർ ചോദിക്കുന്നു. കഴിഞ്ഞ 21 മാസത്തിനുള്ളിൽ നാട്ടിലിറങ്ങി പ്രശ്‌നമുണ്ടാക്കിയ 8 കടുവകളെയാണു വനംവകുപ്പു പിടികൂടി കൂട്ടിലടച്ചത്. ചത്തനിലയിൽ കണ്ടെത്തിയവയും പിടികൂടി തുറന്നു വിട്ടവയും ഇതിനു പുറമേയാണ്. വയനാടിനെ സംബന്ധിച്ച് ഇതുതന്നെ ഞെട്ടിക്കുന്ന കണക്കാണ്. എട്ടെണ്ണം കൂട്ടിലായിരിക്കെ തന്നെ ജില്ലയുടെ പല ഭാഗത്തായി അഞ്ചാറിടങ്ങളിൽ കടുവകളുടെ സാന്നിധ്യം നാട്ടുകാർ ചുണ്ടിക്കാണിക്കുന്നു.
കൂട്ടിലടയ്ക്കപ്പെട്ട 8 കടുവകളിൽ മൂന്നെണ്ണം മാനന്തവാടി ഭാഗത്തു നിന്നുള്ളതും അഞ്ചും ബത്തേരി മേഖലയിൽ നിന്നുള്ളതുമാണ്. നാലാം മൈലിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിൽ ഇടമില്ലാത്തതിനാൽ എട്ടാമനെ തൃശൂരിലെ മൃഗശാലയിലേക്കാണു മാറ്റിയത്. 2018ലും കഴിഞ്ഞ വർഷവും നടന്ന കടുവകളുടെ കണക്കെടുപ്പിൽ വനത്തിൽ സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ചിത്രങ്ങളെല്ലാം കടുവ സംരക്ഷണ അഥോറിറ്റിയും വനംവകുപ്പും പഠനവിധേയമാക്കി സൂക്ഷിച്ചിട്ടുണ്ട്. വയനാടൻ കാടുകളിൽ മാത്രം 154 കടുവകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇവയുടെ പ്രായവും വനംവകുപ്പിന്റെ കൈവശമുണ്ട്. കടുവകളുടെ ശരാശരി ആയുസ്സ് 1214 വയസ്സാണെന്നിരിക്കെ 10 വയസ്സിൽ കൂടുതൽ പ്രായമുള്ള കടുവകളെ നിരീക്ഷിച്ച് അവയെ നാട്ടിലിറങ്ങുന്നതിൽ നിന്ന് തടയാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
പ്രജീഷിനെ കൊന്ന കടുവ തന്നെയാണ് കൂടല്ലൂരിൽ കെണിയിലായതെന്നു ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നു വനംവകുപ്പ്. ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിലെ വരകൾ നോക്കിയാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും വനംവകുപ്പ് അറിയിച്ചു. വനംവകുപ്പിന്റെ പ്രവർത്തനങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. വീണ്ടും കടുവകൾ നാട്ടിലിറങ്ങിയതിന്റെ അടിസ്ഥാനത്തിലാണു വനംവകുപ്പിന്റെ വിശദീകരണം. എന്നാൽ കഴിഞ്ഞ 17ന് ഞാറ്റാടി വാകയിൽ സന്തോഷിന്റെ പശുവിനെ കൊന്നതും പ്രജീഷിനെ കൊന്നതും ഒരു കടുവയാണെന്ന് എങ്ങനെ സ്ഥിരീകരിക്കും എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.


