സുൽത്താൻ ബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറാതെ നാട്. കടുത്ത പ്രതിഷേധമാണ് നാട്ടുകാർക്കടിയിൽ ഉണ്ടാിരിക്കുന്നത്. പശുക്കളെയും ആടുകളെയും വളർത്തി ഉപജീവനം കണ്ടെത്തിയ സാധു കർഷകനെയാണ് കടുവ ആക്രമിച്ചു കൊലപ്പെടുത്തിയത്. അമ്മയും മറ്റൊരു സഹോദരനും അടങ്ങുന്നതാണ് കൂടുംബം. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.

സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ ചെതലയം റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷനിൽപെടുന്ന ഭാഗമാണിത്. സംഭവമറിഞ്ഞ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി. കലക്ടറും ഡി.എഫ്.ഒയും സ്ഥലത്തെത്തണമെന്നും കടുവയെ വെടിവെച്ചു കൊല്ലണമെന്നും ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധിച്ചു. വൈകീട്ട് 6.45ഓടെ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം സ്ഥലത്തെത്തി. ആവശ്യങ്ങളിൽ തീരുമാനമായാൽ മാത്രമേ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ അനുവദിക്കൂവെന്ന് ജനങ്ങൾ പറഞ്ഞു.

എട്ടരയോടെ ഐ.സി. ബാലകൃഷ്ണൻ എംഎ‍ൽഎ, ഡി.എഫ്.ഒ ഷജ്ന കരീം, ബത്തേരി ഡിവൈ.എസ്‌പി കെ. അബ്ദുൽ ഷരീഫ് തുടങ്ങിയവരുമായി നടത്തിയ ചർച്ചയിൽ കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകാൻ ധാരണയായി. കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കും. മേഖലയിലെ വനാതിർത്തിയിൽ ടൈഗർ ഫെൻസിങ് സ്ഥാപിക്കും. കാട് വെട്ടിത്തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകൾക്ക് നിർദ്ദേശം നൽകും. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സി.സി.എഫിന് കൈമാറാനും തീരുമാനിച്ചു.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചു. സ്ഥിതിവവരങ്ങൾ ചീഫ് വൈൽഡന് റിപ്പോർട്ട് ചെയ്യുമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകുമെന്നും ഡിഎഫ്ഒ അറിയിച്ചിട്ടുണ്ട്.

പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ പ്രജീഷിന് നേരെ ആക്രമണം ഉണ്ടായത്. സഹോദരൻ നടത്തിയ തെരച്ചിലിലാണ് പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്. തലയുടെ ഒരുഭാഗവും കാലിന്റെ ഒരു ഭാഗവും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശി പ്രജീഷിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളത്. അതിനുശേഷമാകും സംസ്‌കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക.

ഇന്നലെ രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാൻ പ്രജീഷ് പോയത്. എന്നാൽ, വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത കൂടുതൽ. അതിന് പുറമെ, കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്റെ തെരച്ചിലും ഉണ്ടാകും. പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതിനാൽ തന്നെ പ്രദേശത്ത് ജനങ്ങൾ വലിയ ഭീതിയിലാണ്. കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.