സുൽത്താൻ ബത്തേരി: വാകേരിയിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തിയതിന് പിന്നാലെ മയക്കുവെടി വച്ചു പിടികൂടാൻ ഉത്തരവ്. ആവശ്യമെങ്കിൽ കൊല്ലാനും ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവിട്ടത്. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. പ്രജീഷിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയും ഉപവാസം അവസാനിപ്പിച്ചു. കടുവയെ പിടിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്ത് കടുത്ത ഭീതിയും രോഷവും അണപൊട്ടുന്ന അവസ്ഥയാണ് ഉള്ളത്.പ്രതീഷിന്റെ മൃതദേഹം കണ്ടെത്തിയ വയലിനു സമീപം കടുവയ്ക്കായി തിരച്ചിൽ ആരംഭിച്ചു.

കടുവയെ വെടിവച്ചു കൊല്ലണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ ജനങ്ങൾ വൻ പ്രതിഷേധം നടത്തിയിരുന്നു. മയക്കുവെടി വച്ചുപിടികൂടുന്നതിനു പകരം, വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് ഇറക്കുന്നതുവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുമാണ് സർവകക്ഷി നേതാക്കളും ഉപവാസം നടത്തിയത്. വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് ഇനിയും വൈകിയാൽ ബത്തേരിയിൽ ദേശീയപാത ഉപരോധിക്കുമെന്നതിലേക്കും പ്രതിഷേധം എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആവശ്യമെങ്കിൽ വെടിവയ്ക്കാമെന്ന ഉത്തരവ് നൽകിയിരിക്കുന്നത്.

അതേസമയം, കടുവ ശല്യവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച് സൗത്ത് വയനാട് ഡിഫ്ഒ ഷജ്‌ന കരീമിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ( കിഫ) ആവശ്യപ്പെട്ടു. പ്രജീഷ് കൊല്ലപ്പെട്ട വാകേരിയിൽ കടുവ സാന്നിധ്യം ഉണ്ടായപ്പോൾ ആ കടുവകൾ നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ പിന്നെ നിങ്ങൾക്കെന്താണ് പ്രശ്‌നം എന്ന് ചോദിച്ചു കൊണ്ട് പരാതി പറഞ്ഞ ജനങ്ങളെ ആട്ടിയോടിച്ചുവിട്ട ചരിത്രവും ഉണ്ട് ഷജ്ന കരീമിനെന്ന് കിഫ ആരോപിച്ചു. മനുഷ്യവകാശ കമ്മീഷന് കൊടുത്ത മറുപടിയിൽ വയനാട്ടിലെ ജനങ്ങൾ കടുവയുമായി സഹകരിച്ചു ജീവിക്കുന്നവരാണെന്നും കിഫ എന്ന സംഘടനക്ക് മാത്രമേ പരാതിയുള്ളൂ എന്ന റിപ്പോർട്ട് ഷജ്നാ കരീം നൽകിയെന്നും ജോലിയിൽ വീഴ്ച വരുത്തിയെന്നുമാണ് സംഘടനയുടെ ആരോപണം.

കിഫയുടെ കുറിപ്പ് ഇങ്ങനെ:

വയനാട് ജില്ലയിലെ കടുവ ശല്യവുമായി ബന്ധപ്പെട്ടു സംസ്ഥാന മനുഷ്യവകാശ കമ്മീഷന് കിഫ കൊടുത്ത പരാതിയിൽ HRMP No 1389/11/14/2022/WYD ആയി ഫെബ്രുവരി 10 , 2023 നു ഇറങ്ങിയ ഉത്തരവിൽ വയനാട് ജില്ലയിലെ കടുവ പ്രശ്‌നവുമായി ബന്ധപ്പെട്ടു പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരങ്ങൾ കാണുകയും ദേശീയ കടുവ അഥോറിറ്റിയുടെ SOP പ്രകാരം മാത്രമേ കടുവകളെ കാട്ടിൽ തുറന്നു വിടാവൂ എന്നും വയനാട്ടിലെ ഉയർന്ന കടുവകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എണ്ണം കുറക്കുന്നതെടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് അപേക്ഷ നൽകണമെന്നും അടക്കമുള്ള നടപടികൾ എടുത്തു 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.

അത് ചെയ്തില്ല എന്ന് മാത്രമല്ല ഇപ്പോൾ പ്രജീഷ് കൊല്ലപ്പെട്ട വാകേരിയിൽ കടുവ സാന്നിധ്യം ഉണ്ടായപ്പോൾ ആ കടുവകൾ നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ പിന്നെ നിങ്ങൾക്കെന്താണ് പ്രശ്‌നം എന്ന് ചോദിച്ചു കൊണ്ട് പരാതി പറഞ്ഞ ജനങ്ങളെ ആട്ടിയോടിച്ചുവിട്ട ചരിത്രവും ഉണ്ട് ഷജ്ന കരീമിന്.ഇതേ കേസിൽ മനുഷ്യവകാശ കമ്മീഷന് കൊടുത്ത മറുപടിയിലാണ് വയനാട്ടിലെ ജനങ്ങൾ കടുവയുമായി സഹകരിച്ചു ജീവിക്കുന്നവരാണെന്നും കിഫ എന്ന സംഘടനക്ക് മാത്രമേ പരാതിയുള്ളൂ എന്ന റിപ്പോർട്ട് ഷജ്നാ കരീം നൽകിയത്.

ആയതുകൊണ്ട് തന്നെ ജനങ്ങളെ മനഃപൂർവം കൊലക്കു കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടെ സ്വന്തം ജോലിയിൽ മനഃപൂർവം വീഴ്ച വരുത്തി പ്രജീഷ് എന്ന യുവാവിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ സൗത്ത് വയനാട് DFO ഷജ്‌ന കരീമിനെ ഉടനടി ജോലിയിൽ നിന്നും പിരിച്ചു വിടുകയും മനഃപൂർവമുള്ള നരഹത്യക്ക് കേസ് എടുക്കുകയും ചെയ്യണമെന്ന് കിഫ ചെയര്മാൻ അലക്‌സ് ഒഴുകയിൽ ആവശ്യപ്പെട്ടു

ടീം കിഫ

ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത.

സുൽത്താൻ ബത്തേരിയിൽ ഒരാളെ കൊല്ലുകയും മനുഷ്യ മാംസം ഭക്ഷിക്കുകയും മനുഷ്യച്ചോര രുചിക്കുകയും ചെയ്ത നരഭോജിയായ കടുവയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഈ കടുവയെ മയക്കുവെടി വെച്ച് പിടിച്ച് മറ്റൊരു വനമേഖലയിൽ വിട്ടാൽ തൊട്ടടുത്ത ജനവാസ മേഖലയിൽ മനുഷ്യ മാംസം തേടി വീണ്ടുമെത്തുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി

അതേസമയം എട്ട് കൊല്ലത്തിനിടെ വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴ് ആളുകൾ. വാകേരി സ്വദേശി പ്രജീഷാണ് ഏറ്റവും അവസാനത്തെ ഇര. മുപ്പതുകൊല്ലത്തിന്റെ വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 116 പേർക്ക് ജീവൻ നഷ്ടമായി. വയനാട് ചുരത്തിൽ പോലും അടുത്തിടെ കടുവയെ കണ്ടു.

2015 ഫെബ്രുവരി 10ന് നൂൽപ്പുഴ പഞ്ചായത്തിലെ മൂക്കുത്തി കുന്നിൽ ഭാസ്‌കരൻ എന്ന അറുപത്തിയാറുകാരൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അതേവർഷം ജൂലൈയിൽ കുറിച്യാട് വനഗ്രാമത്തിൽ ബാബുരാജ് എന്ന ഇരുപത്തിമൂന്നുകാരൻ, നവംബറിൽ തോൽപ്പെട്ടി റേഞ്ചിലെ വനം വകുപ്പ് വാച്ചർ, കക്കേരി കോളനിയിലെ ബസവ എന്ന 44കാരൻ എന്നിവരും കൊല്ലപ്പെട്ടു. 2019 ഡിസംബർ 24ന് ബത്തേരി, പച്ചാടി, കാട്ടുനായ്ക്കർ കോളനിയിലെ 60 കാരനായ ജഡയൻ എന്ന മാസ്തിയും കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2020 ജൂൺ 16ന് ബസവൻ കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാർ എന്ന യുവാവും കടുവക്കിരയായി.

ഈ വർഷം ഇത് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി പന്ത്രണ്ടിന് പുതുശ്ശേരി വെള്ളാനംകുന്ന് പള്ളിപ്പുറത്ത് തോമസ് എന്ന അൻപതുകാരൻ മരിച്ചിരുന്നു. ഇപ്പോൾ മുപ്പത്തിയാറ് വയസ്സുള്ള ക്ഷീരകർഷകൻ പ്രതീഷും. മുപ്പത് വർഷം കൊണ്ട് വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 116 പേരെന്നാണ് കണക്ക്.