കൽപ്പറ്റ: വയനാട്ടിൽ ആളെ കൊല്ലി ആനയെ പിടികൂടാൻ ശ്രമം ശക്തമാക്കി കൊണ്ടിരിക്കവേ ഭീതിവിതച്ച് കടുവയുടെ സാന്നിധ്യവും. വയനാട് പടമലയിലാണ് വീണ്ടും കടുവയുടെ സാന്നിധ്യം ഉണ്ടായത്. പടമല പള്ളിയുടെ പരിസരത്ത് റോഡിനു സമീപം കടുവയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. പള്ളിയിൽ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടത്. ലിസി എന്ന യുവതി കടുവയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇതിന്റെ സിസി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കടുവയെ കണ്ടകാര്യം വനപാലകരെ അറിയിച്ചിട്ടുണ്ട്. തൃശ്ശിലേരിയിലും കടുവയെ കണ്ടതായി നാട്ടുകാർ വ്യക്തമാക്കി. കടുവയെ കണ്ടതിന്റെ പശ്ചാത്തലത്തിൽ പടമലയിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വെണ്ണമറ്റത്തിൽ ലിസി കടുവയുടെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഐക്കരാട്ട് സാബു പറഞ്ഞു. രാവിലെ ആറരയോടെ വീട്ടിലേക്ക് ഓടിക്കിതച്ചെത്തിയ ലിസിയുടെ പിന്നാലെ കടുവയും അലറിക്കൊണ്ടു വന്നതായി സാബു വിവരിച്ചു.

"ഞാൻ രാവിലെ ഈ മുറ്റത്തു നിൽക്കുമ്പോഴാണ് ഒരു ചേച്ചി ഓടിക്കിതച്ച് കയറിവന്നത്. ആളെ മനസ്സിലാകാത്തതുകൊണ്ട് 'എന്താ ചേച്ചി' എന്നു ചോദിച്ച് ഞാൻ ഇറങ്ങിച്ചെന്നു. നോക്കുമ്പോൾ ചേച്ചിയുടെ തൊട്ടുപിന്നാലെ ഒരു കടുവ അലറിക്കൊണ്ടു പാഞ്ഞുവന്നു. ആ ചേച്ചിയെ പിടിച്ചെന്നാണ് ഞാൻ കരുതിയത്. ചേച്ചി പെട്ടെന്ന് ഒരു വശത്തേക്ക് ചാടി. അപ്പുറത്തെ വീടിന്റെ ചാണകക്കുഴിയുടെ തിട്ടയിലൂടെ വലിഞ്ഞുകയറുന്നതിനിടെ ഈ കടുവ എന്റെ നേരെ ചാടിവന്നു. ഞാൻ ചാടി വീടിനുള്ളിൽ കയറി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന പൂച്ച പുറത്തേക്കു വന്ന് ഇതിനെ കണ്ട് ഓടി. അതോടെ കടുവ പൂച്ചയുടെ പിന്നാലെ ഓടി അപ്പുറത്തെ കുന്നിന്റെ മുകളിലേക്കു പോയി." സാബു വിവരിച്ചു.

അതേസമയം മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം നാലാം ദിവസവും തുടരുകയാണ്. നിലവിൽ ഉൾക്കാട്ടിലുള്ള ആനയെ റേഡിയോ കോളർ വഴി ട്രാക്ക് ചെയ്ത് അടുത്തെത്തുമ്പോഴക്കും മറ്റ് വന്യമൃഗങ്ങളുടെ സാന്നിധ്യം മയക്കുവെടിവെയ്ക്കുന്നതിന് തിരിച്ചടിയാകുകയാണ്.

നിലവിൽ മറ്റൊരു മോഴയ്ക്കൊപ്പമാണ് ആനയുടെ സഞ്ചാരം. ദൗത്യസംഘത്തിന് മുന്നിൽ കടുവയും പുലിയുമടക്കം വന്യമൃഗങ്ങൾ എത്തുന്നതും ദൗത്യത്തിന് പ്രതിസന്ധിയാകുന്നുണ്ട്. സ്ഥലവും സന്ദർഭവും കൃത്യമായാൽ മാത്രം മയക്കുവെടിക്ക് ശ്രമിക്കുമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള ആന, കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു. ബേലൂർ മഗ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടി ഉള്ളതായി ഇന്നലെ വനം വകുപ്പിന് ലഭിച്ച ഡ്രോൺ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇന്നലെ രണ്ടു തവണ മയക്കുവെടി വെക്കാൻ ദൗത്യസംഘം ശ്രമിച്ചിരുന്നെങ്കിലും ദൗത്യം വിജയിച്ചിരുന്നില്ല.

കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമം ദൗത്യസംഘം ഇന്നും ആരംഭിച്ചിട്ടുണ്ട്. ആനയുടെ സിഗ്നൽ കിട്ടുന്ന ഭാഗത്ത് സംഘം തിരച്ചിൽ ആരംഭിക്കും. രാത്രി വൈകി, ആന കർണാടക അതിർത്തിക്ക് ഏറെ അടുത്ത് എത്തിയിരുന്നെങ്കിലും തിരികെ കേരള കാടുകളിലേക്ക് തന്നെ നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ദൗത്യ സംഘം അടുത്തെത്തുമ്പോഴേക്കും ആന പൊന്തക്കാടുകളിലേക്ക് മറയുന്നതും ദൗത്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായും വനം വകുപ്പ് അറിയിച്ചു. അതേസമയം ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം നീളുന്നയിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്.