തിരുവനന്തപുരം: കേരളത്തില്‍ ജില്ലകളുടെ എണ്ണം വര്‍ധിക്കുമോ... 1984 ല്‍ കാസര്‍ഗോഡ് രൂപീകരിച്ചതിനു ശേഷം പുതിയൊരു ജില്ല കൂടി ഉണ്ടാകുമോയെന്ന ചോദ്യമാണ് ഭരണരംഗത്ത് ഉയരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുന്നത് മുസ്ലീം ലീഗാണ്. നെയ്യാറ്റിന്‍കരയും മൂവാറ്റുപുഴയും കേന്ദ്രീകരിച്ച് ജില്ലകള്‍ രൂപീകരിക്കണമെന്ന ആവശ്യം മുന്‍പ് ശക്തമായിരുന്നു. അത് നിലനില്‍ക്കെയാണ് തിരൂര്‍ കേന്ദ്രീകരിച്ച് പുതിയ ജില്ലയെന്ന ആവശ്യം ഉയര്‍ന്നു വരുന്നത്. പുതിയ ജില്ലാ രൂപീകരണം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ തീരുമാനിക്കാവുന്നതാണെങ്കിലും സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനത്തിലാണ്.

താനൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകള്‍ ഉള്‍പ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി തിരൂര്‍ എം.എല്‍.എ കുറുക്കോളി മൊയ്തീനാണ് ഇപ്പോള്‍ രംഗത്തുള്ളത്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കില്‍ ജില്ലാ വിഭജനം അനിവാര്യമാണെന്നാണ് മൊയ്തീന്റെ നിലപാട്. എന്നാല്‍ ഈ ആവശ്യത്തോട് ലീഗ് യോജിച്ചിട്ടില്ല. മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ മുസ്ലിം ലീഗ് എം.എല്‍.എ കെ.എന്‍.എ ഖാദര്‍ 2019 ല്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. 2015ല്‍ മലപ്പുറം ജില്ലാ പഞ്ചായത്തും ഇതേ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയിരുന്നു.

കേരളത്തില്‍ ഏറ്റവും അവസാനമായി രൂപീകരിക്കപ്പെട്ട ജില്ലയാണ് കാസര്‍ഗോഡ്. 1984 മെയ് 24 നായിരുന്നു കാസര്‍ഗോഡ് ജില്ലാ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. അതുവരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന മഞ്ചേശ്വരം, കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് എന്നീ നാലുതാലൂക്കുകള്‍ ചേര്‍ത്താണ് കാസര്‍ഗോഡ് ജില്ല രൂപീകരിക്കപ്പെട്ടത്. കാസര്‍ഗോഡ് ജില്ലാ രൂപീകരണത്തിന് ശേഷം സംസ്ഥാനത്ത് പുതുതായി മറ്റൊരു ജില്ലയെന്ന ആവശ്യം ഇടക്കാലത്ത് അത്ര ശക്തമായിരുന്നില്ല. എന്നാലിപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ജില്ലകള്‍ക്ക് വേണ്ടിയുള്ള അവകാശവാദങ്ങള്‍ ശക്തമായിരിക്കുകയാണ്. അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികളാണ് ഈ ആവശ്യത്തിന്റെ മുന്‍നിരയിലുള്ളത്.

നെയ്യാറ്റിന്‍കര

തിരുവനന്തപുരം വിഭജിച്ച് കേരളത്തിലെ പതിനഞ്ചാമത്തെ ജില്ലയായി നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്ന് വന്നിട്ടുള്ളതാണ്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമായതോടെ തങ്ങളുടെ ആവശ്യം കൂടുതല്‍ ശക്തമാക്കുകയും ചെയ്തിരിക്കുകയാണ് ജനപ്രതിനിധികള്‍ ഇപ്പോള്‍. സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ ആന്‍സലന്‍ ഉള്‍പ്പെടെയുള്ളവരാണ് നെയ്യാറ്റിന്‍കര ജില്ല ആവശ്യത്തിന്റെ മുന്‍നിരയിലുള്ളത്. ജില്ലാ രൂപീകരണ ആവശ്യവുമായി അര ലക്ഷം പേര്‍ ഒപ്പിട്ട ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുകയും ചെയ്തു. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ട് വേണം പുതിയ ജില്ലയെന്നതാണ് ആവശ്യം. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള ജനങ്ങള്‍ അധിവസിക്കുന്നത് നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലാണ്. ഇതിന് മാറ്റം വേണമെങ്കില്‍ പുതിയ ജില്ലാ രൂപീകരണം ആവശ്യമാണെന്നാണ് വാദം. അവികസിത മേഖലകളുടെ വികസനത്തിന് ജില്ലാ രൂപീകരണം ഉപകരിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

തിരൂര്‍

ഏറെ പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ 1969 ജൂണ്‍ അഞ്ചിനാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെടുന്നത്. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍ താലൂക്കുകളും ചേര്‍ത്തായിരുന്നു പുതിയ ജില്ലാ രൂപീകരണം. പുതിയ ജില്ല നിലവില്‍ വന്നപ്പോള്‍ പതിനാല് ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യയെങ്കില്‍ ഇന്ന് അത് 45 ലക്ഷത്തിലേറെയാണ്. അതായത് സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയേറിയ ജില്ല. ഈ സാഹചര്യത്തിലാണ് മലപ്പുറം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി. ഇന്ത്യയിലെ എട്ടോളം സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള ജില്ല കൂടിയാണ് മലപ്പുറം. തിരൂര്‍ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് അവകാശവാദം. മുസ്ലിം ലീഗിലെ ചില നേതാക്കള്‍ക്കു പുറമേ സമസ്ത, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടികളും ഈ വാദത്തെ പിന്തുണയ്ക്കുന്നുണ്ട്.

മൂവാറ്റുപുഴ

ഹൈറേഞ്ച് മേഖലയില്‍ മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നതാണ് അടുത്ത ആവശ്യം. ഹൈറേഞ്ച് മേഖലയിലെ നാല് താലൂക്കുകള്‍ ഇടുക്കിയില്‍ തന്നെ നിലനിര്‍ത്തിയും തൊടുപുഴ താലൂക്കിനെ വേര്‍പെടുത്തിയും പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, പാല എന്നിവയാണ് പുതിയ ജില്ലയുടെ ഭാഗമാകേണ്ട പ്രദേശങ്ങളെന്നാണ് അവകാശവാദം. മൂവാറ്റുപുഴ ജില്ല യാഥാര്‍ഥ്യമാക്കുമെന്ന് മുന്‍ മൂവാറ്റുപുഴ എം.എല്‍.എയായിരുന്ന ജോസഫ് വാഴക്കന്‍ മുന്‍പ് അവകാശപ്പെട്ടിരുന്നു. കൊച്ചിക്ക് പുറത്തെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രമാക്കി പുതിയ കാര്‍ഷികജില്ല രൂപവത്കരിക്കുകയാണ് ലക്ഷ്യം. ഹൈറേഞ്ചിലെ കാര്‍ഷിക അഭിവൃദ്ധിക്ക് പുതിയ ജില്ലാ രൂപീകരണം ഏറെ സഹായകരമാകുമെന്നാണ് മൂവാറ്റുപുഴ ജില്ലക്കു വേണ്ടി വാദിക്കുന്നവരുടെ അഭിപ്രായം.