- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാമക്ഷേത്ര യാത്രയ്ക്ക് ബദലായി മുരുകൻ ക്ഷേത്രങ്ങളിൽ തീർത്ഥയാത്രയുമായി തമിഴ്നാട്
ചെന്നൈ: അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുന്നതിന്റെ അലയൊലികൾ രാജ്യമെമ്പാടും നിന്നും ഉയർന്നുവരികയാണ്. തമിഴ്നാട്ടിൽ മൂൻ ഐപിഎസ് ഓഫീസർ അണ്ണാമലൈയുടെ നേതൃത്വത്തിലുള്ള ബിജെപി സംസ്ഥാനഘടകം, അയോദ്ധ്യയിലേക്ക് വലിയ തോതിലുള്ള തീർത്ഥയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇതിന് ബിജെപി കേന്ദ്ര നേതൃത്വവും വലിയ പ്രോത്സാഹനം നൽകുന്നുണ്ട്. തമിഴ്നാടിന്റെ ഗ്രാമങ്ങളിൽ പോലും പ്രാണപ്രതിഷ്ഠാചടങ്ങ് വലിയ ആഘോഷമായാണ് നടന്നത്. ഈ വികാരം വോട്ടാക്കാനാണ് ബിജെപി പരമാവധി ശ്രമിക്കുന്നത്.
ഇതോടെ തമിഴ്നാട് ഭരിക്കുന്ന സ്റ്റാലിൻ സർക്കാരും അപകടം മണത്തു. ബിജെപി രാമനെ ഇറക്കുമ്പോൾ മുരുകനെ ഇറക്കി പ്രതിരോധിക്കാൻ ഡിഎംകെ തയ്യാറെടുക്കുന്നത്. മുതിർന്ന പൗരന്മാർക്കായി സർക്കാർ ചെലവിൽ സംസ്ഥാനത്തെ പ്രമുഖ മുരുകൻ ക്ഷേത്രങ്ങളിലേക്ക് തീർത്ഥയാത്ര നടത്തുന്ന പരിപാടി ഇപ്പോൾ തുടങ്ങിക്കഴിഞ്ഞു. ആദ്യയാത്ര ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. തിരുപരൻക്രുണ്ടം ക്ഷേത്രം, തിരുചെന്തൂർ ക്ഷേത്രം, പളനി ദണ്ഡായുധപാണി ക്ഷേത്രം, സ്വാമിമല സ്വാമിനാഥ ക്ഷേത്രം, തിരുത്തണി ക്ഷേത്രം, പഴമുതിർചോലൈ ക്ഷേത്രം എന്നിവടങ്ങളിലേക്കാണ് യാത്ര. ഇത് ഒരു ഡിഎംകെ പരിപാടിയാക്കാനാണ് പാർട്ടി തീരുമാനം.
മുരുകൻ ആരുടേത്?
എന്നാൽ ഇത് ഡിഎംകെയുടെ നയങ്ങളിലുള്ള വെള്ളം ചേർക്കലായും വ്യാപക വിമർശനം ഉണ്ട്. കാരണം, ഭഗവത്ഗീത കത്തിച്ച പെരിയാർ രാമസ്വാമി നായ്ക്കരുടെ ആശയങ്ങളിൽ നിന്ന് ഉണ്ടായ പാർട്ടിയാണ് ഡിഎകെ. കരുണാനിധിയും സ്റ്റാലിനും അടക്കമുള്ള ഡിഎംകെ നേതാക്കാൾ നിരീശ്വരവാദികൾ ആണ്. എന്നിട്ടും ഈ സർക്കാർ ഇതുപോലെ ദൈവ രാഷ്ട്രീയത്തെയാണോ പ്രോൽസാഹിപ്പിക്കുന്നത് എന്ന് വിമർശനം ഉയരുന്നുണ്ട്.
എന്നാൽ മുരുകൻ തമിഴ്നാടിന്റെ സ്വന്തം ദൈവമാണെന്നും, മുരുകക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്, തമിഴ്നാടിന്റെ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നുമാണ്, ഡിഎംകെ അനുകുലികൾ പറയുന്നത്. നേരത്തെ മുരുകനെ ഹൈജാക്ക് ചെയ്യാൻ ബിജെപി ശ്രമം നടത്തിയെന്നും അവർ ആരോപിക്കുന്നു. 2020ൽ എൽ മുരുകൻ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെ നടത്തിയ വെട്രിവേൽ യാത്ര ഇതിന്റെ ഭാഗമായിട്ടായിരുന്നു.
അന്ന് എഐഎഡിഎംകെ സർക്കാറായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. പളനി മുരുകന്റെ വേലിന്റെ മാതൃകയുണ്ടാക്കിയാണ് ബിജെപി യാത്ര നടത്തിയത്. അദ്വാനിയുടെ രഥായാത്രയെ ഓർമ്മിപ്പിക്കുന്ന രീതിയിൽ, മുരുകന്റെ നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന റാലി 2020 നവംബർ 6 ന് തിരുട്ടണി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഡിസംബർ 6 ന് തിരുച്ചെന്തൂർ ക്ഷേത്രത്തിൽ സമാപിക്കാനാണ് നിശ്ചയിച്ചിരുന്നത്.
എന്നാൽ കൊറോണ കണക്കിലെടുത്ത് അനുമതി നിഷേധിച്ചിട്ടും സംസ്ഥാന വ്യാപകമായി 'വേൽ യാത്ര' ആരംഭിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ മുരുകനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കയായിരുന്നു. സംസ്ഥാനത്ത് ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് വേൽ യാത്രയെന്നും ഇത് തമിഴ്നാട്ടിൽ വർഗീയ വിദ്വേഷം സൃഷ്ടിക്കുമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. അതോടെ യാത്ര മുടങ്ങി. പക്ഷേ തമിഴ്നാടിന്റെ കുലദൈവമായ മുരുകനെ തട്ടിയെടുക്കാനുള്ള നീക്കമാണ് ഉണ്ടായതെന്ന് പലരും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.
സുബ്രഹ്മണ്യ സ്വാമിയുടെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെ പഴനി മുരുകൻ ക്ഷേത്രം. കോയമ്പത്തൂർ നിന്നും, മധുരയിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ പഴനി മലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പതിനെട്ടു മഹർഷിമാരിൽ ഒരാളായ ഭോഗർ മഹർഷിയാണ് മുരുകന്റെ വിഗ്രഹം പഴനി മലയിൽ സ്ഥാപിച്ചതെന്നു കരുതുന്നു. പളനിയെ കൂടാതെ നിരവധി മുരുക ക്ഷേതങ്ങളുണ്ട്. ഇവയിലെല്ലാം ദിനേന എത്തുന്ന ആയിരക്കണക്കിന് വിശ്വാസികളെ ലക്ഷ്യമിട്ടാണ് ബിജെപി പ്രവർത്തിക്കുന്നത്. പക്ഷേ അപകടം മനസ്സിലാക്കിയ ഡിഎംകെയും ഇപ്പോൾ ഭക്തി പ്രമോട്ട് ചെയ്യുകയാണ്. ഡിഎംകെയുടെ ഈ മലക്കംമറിച്ചിൽ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്്. ഭക്തിക്ക് പകരം യുക്തി പ്രചരിപ്പിക്കാൻ നിരീശ്വരവാദിയായ മുഖ്യമന്ത്രിക്കുപോലും കഴിയുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.