കൊച്ചി: ടിപി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് 51വെട്ടുവെട്ടി കൊന്ന ശേഷവും വിളിച്ചവർ കേരളത്തിലുണ്ട്. ടിപിയുടെ വേദനയിൽ കരഞ്ഞ തളർന്ന കെകെ രമയെ ആശ്വസിപ്പിക്കാൻ വി എസ് അച്യുതാനന്ദൻ നേരിട്ടെത്തിയതിലും ഉണ്ടായിരുന്നു ആ ഗൂഢാലോചനയുടെ ആഴം. അതാണ് ഹൈക്കോടതിയുടെ വിധിയിലും നിറയുന്നത്. നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രതിയോഗിയെ വെട്ടിനുറുക്കിയാൽ അത് മറ്റാരുടേയെങ്കിൽ തലയിൽ വരുമെന്ന അതിബുദ്ധയിൽ നിറഞ്ഞ ഗൂഢാലോചന. ടിപിയെ കൊന്ന രാത്രി കണ്ണൂരിലെ ഒരു നേതാവിന്റെ മൊബൈലിൽ നിന്നും 'സക്‌സസ്' എന്ന സന്ദേശം തിരുവനന്തപുരത്താണ് എത്തിയത്. ഈ സന്ദേശത്തിലേക്ക് അന്വേഷണം പോയില്ല. അതിന് പിന്നിൽ പല രാഷ്ട്രീയ അട്ടിമറികളും കേട്ടു. സിബിഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യവും ഇതുവരെ ആരും അംഗീകരിക്കപ്പെട്ടില്ല.

ടിപി ചന്ദ്രശേഖരന്റെ വധക്കേസിലെ കുറ്റപത്രത്തിന്റെ അവസാനവാചകത്തിൽ തന്നെ ഇനിയും ഗൂഢാലോചന പ്രതികൾ ഉണ്ടെന്നും അത് അന്വേഷിക്കുമെന്നും വിശദീകരിച്ചിരുന്നു. ചന്ദ്രശേഖരനെ 56 വെട്ടിന് കൊന്ന എല്ലാവരും ഗുണ്ടകളായിരുന്നു. അവർക്ക് ടിപിയെ അറിയുക പോലുമില്ല. അവരുമായി ഒരു പ്രശ്‌നവും ഒഞ്ചിയത്തെ സഖാവിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സിപിഎമ്മിൽ നിന്നും പിണങ്ങി ആർഎംപിയുണ്ടാക്കി ഒഞ്ചിയത്തെ ഇടതുപക്ഷ മനസ്സിനെ പിടിച്ച ചന്ദ്രശേഖരനോടുള്ള രാഷ്ട്രീയ വൈര്യം തന്നെയായിരുന്നു ആ കൊലയിൽ നിറഞ്ഞത്. അത് ഹൈക്കോടതി അംഗീകരിക്കുന്നതിന് തെളിവാണ് കെകെ കൃഷ്ണന്റേയും ജ്യോതി ബാബുവിന്റേയും ശിക്ഷയിലേക്ക് കാര്യങ്ങളെത്തുന്നത്. സംസ്ഥാനതല ഗൂഢാലോചന ഈ കേസിൽ ഉണ്ടായിരുന്നുവെന്നത് വ്യക്തമാണ്.

കോഴിക്കോട് കണ്ണൂർ ജില്ലകളിലായി ഗൂഢാലോചന നടന്നു. സംശയം തോന്നാതിരിക്കാനും പ്രതികൾക്ക് അതിവേഗം രക്ഷപ്പെടാനുമാണ് കണ്ണൂരിലെ ഗുണ്ടകളെ കൃത്യം ഏൽപ്പിച്ചത്. ഇതിന് പിന്നിൽ കുഞ്ഞനന്തന്റെ ബുദ്ധിയായിരുന്നു. എല്ലാം ഏകോപിപ്പിക്കാൻ കണ്ണൂരിലേയും കോഴിക്കോട്ടേയും മറ്റു ചില നേതാക്കളുമുണ്ടായിരുന്നു. അന്ന് രാത്രി തിരുവനന്തപുരത്ത് കൺട്രോൾ റൂം ഉണ്ടായിരുന്നുവെന്നാണ് രാഷ്ട്രീയക്കാർക്കിടയിലെ സംസാരം. ഈ കൺട്രോൾ റൂമിലെ പ്രധാനിയെ തേടിയെത്തിയതാണ് അന്ന് രാത്രി 'സക്‌സസ്' എന്ന മെസേജ് മൊബൈലിൽ എത്തിയതെന്നതാണ് കഥ. ഓപ്പറേഷൻ സക്‌സസ് ആയതിന് തെളിവാണ് ഈ സന്ദേശമെന്ന വിലയിരുത്തലാണ് ഈ ആരോപണം ഉണ്ടാക്കിയത്.

എന്നാൽ ഈ ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തിയില്ല. ഇനി ഉണ്ടാകുമോ എന്നതും നിർണ്ണായകമാണ്. കോടതി ഇടപെടൽ ഇതിനും അനിവാര്യമാണ്. ഏതായാലും ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നടപടികളിൽ പുതു നീതി നടപ്പാകുമെന്ന സൂചനകളുണ്ട്. പ്രതികളുടെ മാനസിക-ശാരീരിക നിലയിൽ പരിശോധന വേണമെന്ന് കോടതി നിർദ്ദേശിക്കുന്നു. ശിക്ഷാ വിധി ഉയർത്തുന്നത് കോടതി ഗൗരവത്തോടെ പരിഗണിക്കുന്നതിന് തെളിവാണ് ഇത്. 12 പ്രതികൾ ശിക്ഷാവിധിക്കെതിരേ നൽകിയ അപ്പീലും പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ അപ്പീലും സിപിഎം. നേതാവ് പി. മോഹനനടക്കമുള്ളവരെ കേസിൽ വെറുതേവിട്ടതിനെതിരേ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ എംഎ‍ൽഎ. നൽകീയ അപ്പീലിലുമാണ് ഡിവിഷൻ ബെഞ്ച് പരഗണിച്ചത്. നേരത്തെ വിചാരണ കോടതി 12 പേരെയാണ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

ഇവരുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതികൾ ഹൈക്കോടതിയിൽ എത്തിയത്. എന്നാൽ, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. 26ന് ഈ ആവശ്യത്തിലാണ് പ്രതികളുടെ സാന്നിധ്യത്തിൽ വാദം കേൾക്കുന്നത്. അന്നത്തെ കോടതി നടപടികൾ നിർണ്ണായകമായി മാറും. ഇതോടൊപ്പം ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയും ഹൈക്കോടതിയിൽ എത്തിയിരുന്നു. അതിൽ പി. മോഹനൻ അടക്കം വെറുതെവിട്ട 24 പേരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽപ്പെട്ട രണ്ട് സിപിഎമ്മുകാരെയാണ് കൂടുതലായി ഹൈക്കോടതി ശിക്ഷിക്കുന്നത്. കെകെ കൃഷ്ണൻ ഒഞ്ചിയം ഏര്യയിലെ പ്രധാന നേതാവായിരുന്നു. ജ്യോതി ബാബു പ്രധാനപ്പെട്ട മുഖവും. ഒഞ്ചിയം ഏര്യാകമ്മറ്റി സെക്രട്ടറിയായിരുന്ന സിഎച്ച് അശോകനും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. വിചാരണയ്ക്കിടെ അശോകൻ മരിച്ചു. അതുകൊണ്ട് തന്നെ ശിക്ഷിച്ചതുമില്ല.

2012 മെയ്‌ നാലിനാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി സ്വന്തമായി പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മകാരായ പ്രതികൾ കൊലപാതകം നടത്തി എന്നാണ് കേസ്. ഈ സാഹചര്യത്തിൽ രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്തു. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് റദ്ദാക്കിയത്.

പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു.