കൊച്ചി: ടിപി കേസിലെ പ്രതികൾക്ക് 2044 വരെ, അഥവാ 20 വർഷം ഈ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നാണ് ഹൈക്കോടതി വിധി. ടിപി കൊലക്കേസിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി അതിസുപ്രധാനമാകുന്നത് ഇതുകൊണ്ടാണ്. കീഴ് കോടതി വിധിയേക്കാൾ വലിയ ശിക്ഷയാണ് ഹൈക്കോടതി നൽകുന്നത്. ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾക്കും എഴാം പ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം. ഇവർക്ക് ഗൂഢാലോചന കുറ്റം കൂടി ചുമത്തുകയാണ് ഹൈക്കോടതി. നേരത്തെ 120 ബി അനുസരിച്ചുള്ള ഗൂഢാലോചന കുറ്റം ഇവർക്കെതിരെ കീഴ് കോടതി കണ്ടെത്തിയിരുന്നില്ല.

ഇതിനൊപ്പമാണ് ഇവർക്കാർക്കും 20 കൊല്ലം കഴിയാതെ പരോൾ പോലും അനുവദിക്കരുതെന്ന ആവശ്യം. അതായത് 20 കൊല്ലം വരെ ശിക്ഷാ ഇളവ് ആർക്കും കൊടുക്കാൻ കഴിയില്ല. അതിന് ശേഷം കൊടുക്കാമെന്നും വിധിയിൽ ഇല്ല. ഫലത്തിൽ കൊടി സുനിക്കും രജീഷിനേയും പോലുള്ള കൊടും ക്രിമിനലുകൾക്കും ജീവിതാവസാനം വരെ ജയിൽവാസമായിരിക്കും. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ വിധി. വിചാരണക്കോടതി ഒഴിവാക്കിയ കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ നൽകുകയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, ഏഴാം പ്രതി കെ. ഷിനോജ് എന്നിവരുടെ നിലവിലെ ജീവപര്യന്തം ശിക്ഷയാണ് ഇരട്ട ജീവപര്യന്തമാക്കി ഉയർത്തിയത്. ഇവരെല്ലം 14 കൊല്ലം കഴിഞ്ഞ് പുറത്തിറങ്ങാമെന്ന പ്രതീക്ഷയിൽ ജയിലിൽ കഴിഞ്ഞവരാണ്.

നിലവിൽ ജീവപര്യം അനുഭവിക്കുന്നവർ 12 കൊല്ലം ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. അവർക്ക് എട്ട് കൊല്ലം കൂടി ശിക്ഷ തുടരണം. അതിന് ശേഷം ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾക്കും എഴാം പ്രതിക്കും 11-ാം പ്രതിക്കും ഇരട്ട ജീവപര്യന്തം വിധിച്ചു. ഇതിൽ 11-ാം പ്രതി കുഞ്ഞനന്തൻ മരിച്ചു. ബാക്കിയെല്ലാവർക്കും 2044 വരെ ഇനി ജയിൽ മോചനം ഇല്ലെന്നതാണ് വസ്തുത. എന്നാൽ വധശിക്ഷയ്ക്കായി പ്രോസിക്യൂഷൻ അപ്പീൽ പോകും. അതുകൊണ്ട് തന്നെ സുപ്രീംകോടതിയിലെ പോരാട്ടവും കേസിൽ നിർണ്ണായകമാകും. ജീവപര്യന്തമെന്നാൽ 14 കൊല്ലം ശിക്ഷയെന്നാണ് പൊതുവേയുള്ള ധാരണ. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ ഇത്തരം പ്രതികൾ 14 കൊല്ലം കഴിയുമ്പോൾ പുറത്തിറങ്ങും. ഇതാണ് ടിപി കേസിൽ ഇനി അസാധ്യമാക്കുന്നത്. ആറാം പ്രതി അണ്ണൻ സജിത്തിന് നേരത്തെ ജീവപര്യന്തം ശിക്ഷയായിരുന്നു. ഇത് ജീവപര്യന്തവും ആറ് മാസം തടവുമാക്കി ഉയർത്തി.

20 വർഷം കഴിയാതെ പരോളോ ശിക്ഷയിൽ ഇളവോ പാടില്ല എന്ന വിധിപ്രസ്താവമാണ് ഹൈക്കോടതി വിധിയെ ശ്രദ്ധേയമാക്കുന്നത്. കൃഷ്ണനും ജ്യോതിബാബുവിനും പരോൾ വ്യവസ്ഥ ബാധകമല്ല. കെ.കെ.രമയ്ക്ക് 7.50 ലക്ഷം രൂപയും ടിപിയുടെ മകൻ അഭിനന്ദിന് അഞ്ചുലക്ഷം രൂപയും നൽകണം എന്നും വിധിയിലുണ്ട്. കേസിൽ പ്രതികൾക്കുള്ള പിഴയും കോടതി ഉയർത്തിയിട്ടുണ്ട്. കേസിലെ ഒൻപത് പ്രതികൾക്ക് ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. ഒന്നുമുതൽ എട്ടുവരെയുള്ള പ്രതികളുടെയും 11-ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇതെല്ലാം കോടതി അംഗീകരിക്കുകയാണ്. ഇതോടെ കേരളത്തെ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാക്കാൻ ഇറങ്ങി പുറപ്പെട്ട കൊടി സുനിയെ പോലുള്ളവർക്ക് ജയിലിൽ നിന്നും പുറത്തു വരാൻ കഴിയാത്ത സാഹചര്യമുണ്ടാകും.

കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതിക്രൂരമായ കൊലപാതകത്തിന് ജീവപര്യന്തം അപര്യാപ്തമാണ്. ആർക്ക് വേണ്ടിയും എന്തിന് വേണ്ടിയുമാണ് ടി.പിയെ കൊന്നതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. പ്രതികളുടെ ആരോഗ്യപ്രശ്‌നം വധശിക്ഷ ഒഴിവാക്കാനുള്ള കാരണമല്ല. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വർഷങ്ങൾ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയിൽ റിപ്പോർട്ടിൽ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച മൂന്നുമണിക്കൂറോളമാണ് ഹൈക്കോടതിയിൽ വാദം നടന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ കുമാരൻകുട്ടി, ടി.പി.യെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയിൽ പറഞ്ഞു. ജയിലിൽ കഴിഞ്ഞ കാലത്ത് പ്രതികൾ ഏർപ്പെട്ട ക്രിമിനൽപ്രവർത്തനങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതികളെക്കുറിച്ച് ജയിലുകളിൽനിന്ന് നൽകിയ റിപ്പോർട്ട് പൂർണമല്ലെന്നും ഇത്തരം ക്രിമിനൽപ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കടുത്ത ശിക്ഷ ഹൈക്കോടതി നൽകുന്നത്.