തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ മൂന്ന് പേർക്ക് അതീവ രഹസ്യമായി ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കം പൊളിഞ്ഞു. പ്രതികളെ വിട്ടയക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്‌നം അവസാനിപ്പിക്കാനാണ് ജയിൽ വകുപ്പിന്റെ നീക്കം. വാർത്തയുണ്ടാക്കിയ പൊതു വികാരം സർക്കാരും തിരിച്ചറിഞ്ഞു. അതിനിടെ ജയിൽ സൂപ്രണ്ട് അയച്ച കത്ത് ചോർന്നതിൽ അന്വേഷണം നടത്തുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.

ടിപി കേസിലെ പ്രതികൾക്ക് ഇരുപത് വർഷംവരെ ശിക്ഷായിളവ് പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണ്ണൂർ ജയിൽ സൂപ്രണ്ട് പരിശോധിച്ചിട്ടുണ്ടാകില്ലെന്നും ചട്ടപ്രകാരമുള്ള പട്ടിക തയ്യാറാക്കിയപ്പോൾ ഉൾപ്പെട്ടതാകാമെന്നും തുടർപരിശോധനകളിൽ അവർ ഒഴിവാക്കപ്പെടുമെന്നും ജയിൽ മേധാവി അറിയിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജയിലിൽ ഒരുനിശ്ചിത കാലപരിധിക്ക് കഴിഞ്ഞവരെ വിട്ടയക്കാമെന്ന് രാജ്യവ്യാപകമായി ചില ആലോനകളും പദ്ധതികളും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇത്തവണയും വിട്ടയക്കാൻ പറ്റുന്നവരുടെ പട്ടിക തയ്യാറാക്കാൻ ജയിൽ സൂപ്രണ്ടുമാർക്ക് നിർദ്ദേശം നൽകിയിരുന്നു. അതിലൊരു മാനദണ്ഡം പത്ത് വർഷം ശിക്ഷ അനുഭവിച്ചവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു. അതിനനുസരിച്ചുള്ള പട്ടികയാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് നൽകിയത്. അങ്ങനെയാവാം ടിപി കേസ് പ്രതികളായ ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് ഉൾപ്പെട്ടതെന്നും ഡിജിപി പറഞ്ഞു.

ടിപി കേസ് പ്രതികൾക്ക് 20വർഷം വരെ ശിക്ഷാ ഇളവ് നൽകരുതെന്ന ഉത്തരവ് ജയിൽ സൂപ്രണ്ടിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകില്ല. ഇനി പട്ടികയിൽ ഉൾപ്പെട്ടാൽ പോലും ജയിൽ ആസ്ഥാനത്തെ അന്തിമപട്ടിയിൽ അവരുടെ പേർ ഉൾപ്പെടില്ലെന്നും ജയിൽ മേധാവി പറഞ്ഞു. ഫലത്തിൽ ആ നീക്കം പൊളിയുകയാണ്. ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നീക്കം വിവാദമായത്. ഇതു രണ്ടാം വട്ടമാണ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം സർക്കാർ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. ആദ്യ തവണ കൊടി സുനിക്ക് പോലും ശിക്ഷാ ഇളവ് നൽകാൻ നീക്കമുണ്ടായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണു ജയിൽ സൂപ്രണ്ടിന്റെ നടപടി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറോടാണ് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2022ലെ സർക്കാർ ഉത്തരവ് പ്രകാരം മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള പ്രാഥമിക ആലോചനയുണ്ടെന്നും അതിനാൽ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നും ജൂൺ 13ന് അയച്ചിരിക്കുന്ന കത്തിൽ പറയുന്നു. ഈ പ്രതികളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഇവരുടെ കുറ്റകൃത്യത്തിന് ഇരയായവരുണ്ടെങ്കിൽ അവരോടും അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് നൽകാനും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതീവ രഹസ്യമയാണ് ജയിൽ സൂപ്രണ്ട് നടപടികൾ എടുത്തത്. എന്നിട്ടും കത്ത് ചോർന്നത് ഇതിന് പിന്നിൽ നിന്നവരെ ഞെട്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടന്നേക്കും.

സർക്കാർ പ്രതികൾക്ക് എപ്പോഴും സഹായം നൽകിയിരുന്നെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ എംഎൽഎ പ്രതികരിച്ചിരുന്നു. 'പ്രതികൾക്കു വഴിവിട്ട് പരോൾ നൽകാനും ജയിലിൽ ഫോൺ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നൽകാനും സർക്കാർ ശ്രദ്ധിച്ചിരുന്നു. പ്രതികളുടെ കൂടെയാണ് സർക്കാരെന്നു വീണ്ടും വീണ്ടും സ്ഥാപിക്കുകയാണ്. കോടതിയലക്ഷ്യമാണിത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കും' രമ പറഞ്ഞിരുന്നു. ഇത് കൂടി മനസ്സിലാക്കിയാണ് ജയിൽ മേധാവി അടിയന്തര വിശദീകരണവുമായി എത്തുന്നത്. ഫലത്തിൽ ടികെ രജീഷിനും അണ്ണൻ സജിത്തിനും മുഹമ്മദ് ഷാഫിക്കും മോചനം സാധ്യമാകില്ല.

ഈ മാസം ടിപി കേസ് പ്രതികളായ മനോജ്, മുഹമ്മദ് ഷാഫി, സിനോജ്, സിജിത്ത്, രജീഷ് എന്നിവർക്ക് പരോളും അനുവദിച്ചിരുന്നു. പ്രതികളായ എം സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഐഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തൻ, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വർഷം കഠിന തടവുമാണ് 2014 ൽ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

2012 മെയ് നാലിന് രാത്രി പത്ത് മണിക്കായിരുന്നു സിപിഐഎം വിട്ട് ആർഎംപി സ്ഥാപിച്ച ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത്. വടകര വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞ് വീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടിപി ചന്ദ്രശേഖരനോടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ളവരുടെ ആരോപണം.