- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിന്റെയീ നഖങ്ങൾ എന്റെ ദേഹത്തുകൊണ്ടാൽ സെപ്റ്റിക്കാവില്ലേ? കുളിക്കാതെയും നനയ്ക്കാതെയും കയറി വന്നിരിക്കുന്നു; ഓരോ മറ്റവൾമാരെ കുളിപ്പിക്കാതെ കയറ്റി വിടുന്ന ഡ്രൈവിങ് സ്കൂളുകാരെ പറഞ്ഞാൽ മതി; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നേരേ അസഭ്യവർഷം ചൊരിഞ്ഞ എം വി ഐക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ഗതാഗത വകുപ്പിനെ പ്രതിരോധത്തിലും പ്രതിക്കൂട്ടിലും നിർത്തിയിരിക്കുകയാണ്ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം. ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരോടുള്ള മോശം പെരുമാറ്റം സംബന്ധിച്ച് നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ബാങ്ക് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ നെടുമങ്ങാട് ആർ.ടി.ഒ.ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
ആർ.ടി.ഒ. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നെടുമങ്ങാട് വാളിക്കോട് ദർശന റോഡിൽ താമസിക്കുന്ന അനസ് മുഹമ്മദ്(40) നെയാണ് നെടുമങ്ങാട് സിഐ എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 14 ന് ഡ്രൈവിങ് ടെസ്റ്റിന് എത്തിയ ബാങ്ക് ഉദ്യോഗസ്ഥയായ പരാതിക്കാരി ആദ്യഘട്ട ടെസ്റ്റ് പൂർത്തിയാക്കിറോഡ് ഡ്രൈവിംഗിന് യോഗ്യത നേടി. റോഡ് ഡ്രൈവിങ് കൂടി പൂർത്തിയാക്കിയാലെ ടെസ്റ്റ് പാസാക്കുകയുള്ളൂ.
ഇതിനായി ആനാട് ജംഗ്ഷനിൽ കാറുമായി എത്തിയ യുവതി ഓടിച്ച വണ്ടിയിൽ മുൻ സീറ്റിൽ തന്നെ എം വിഐ അനസ് മുഹമ്മദ് സ്ഥാനം ഉറപ്പിച്ചു. വണ്ടി നീങ്ങി തുടങ്ങിയ ഉടൻഡ്രൈവിങ് ടെസ്റ്റിന് എത്തിയ സ്ത്രീയോട് ഇയാൾ മോശമായി സംസാരിച്ചു തുടങ്ങി നിന്റെ കൈവിരലുകളിലെല്ലാം നഖം നീട്ടി വളർത്തിയിരിക്കുകയാണല്ലോ .... ഈ നഖം എന്റെ ദേഹത്തുകൊണ്ടാൽ സെപ്റ്റിക്കാവില്ലേ .... എം വിഐ യുടെ ചോദ്യത്തിന് ആദ്യം അതേ നാണയത്തിൽ തന്നെ യുവതി മറുപടി നൽകി.
സാർ ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവർ നഖം വളർത്തരുതെന്ന് ഒരു നിയമത്തിലും പറഞ്ഞിട്ടില്ലല്ലോ എന്ന് യുവതി പറഞ്ഞതോടെ എം.വി ഐ അനസ് മുഹമ്മദിന്റെ സ്വഭാവം മാറി. കുളിക്കാതെയും നനയ്ക്കാതെയും ഓരോരുത്തികള് ഡ്രൈവിങ് ടെസ്റ്റിന് കയറി വരും. നീ കുളിക്കാതെ തന്നെയാണോ ബാങ്കിൽ പോകുന്നത് എന്ന് പറഞ്ഞ് യുവതിയെ കളിയാക്കിയ ശേഷം ആ ഡ്രൈവിങ് സ്ക്കൂളുകാർ തെണ്ടികൾ കുളിക്കാതെ ഓരോന്നിനെ പറഞ്ഞു വിടും എന്ന് പറഞ്ഞ് തെറി വിളി തുടർന്നു. ഗത്യന്തരമില്ലാതെ യുവതി സാർ ഒന്ന് നിർത്താമോ എന്നു പറഞ്ഞപ്പോഴും അക്രോശം തുടർന്നു.
ടെസ്റ്റ് പാസായി വീട്ടിൽ എത്തിയ ബാങ്ക് ഉദ്യോഗസ്ഥ ആകെ തകർന്ന അവസ്ഥയിലായിരുന്നു. ആരോടും സംസാരിക്കാതെ മുറി അടച്ചിരിപ്പായി. ഇതിനിടെ ഇടുക്കിയിൽ ജോലി ചെയ്യുന്ന ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് യുവതി കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അപമാനിക്കപ്പെട്ട കാര്യം പുറത്തു പറയാൻ ഭയമുണ്ടായിരുന്നു. പൊലീസിൽ പരാതി നൽകാനും പേടിയായിരുന്നു. ഒടുവിൽ ഭർത്താവിന്റെ നിർബന്ധത്തിൽ തനിക്ക് ഉണ്ടായ അപമാനവും തിക്താനുഭവവും വിവരിച്ച് നെടുമങ്ങാട് സി ഐ ക്ക് യുവതി കത്തയച്ചു.
കത്ത് കിട്ടിയ ഉടൻ അന്വേഷണത്തിനായിനെടുമങ്ങാട് സിഐ എസ്.സതീഷ് കുമാർ സ്റ്റേഷനിലെ വനിതാ എസ് ഐ സൂര്യയെ ചുമതലപ്പെടുത്തി. എസ് ഐ സൂര്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബാങ്ക് ഉദ്യോഗസ്ഥയുടെ വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പൊലീസിനെ പേടിയായതു കൊണ്ടാണ് തപാൽ മാർഗം പരാതി അയച്ചതെന്നും ടെസ്റ്റിനിടെ അപമാനിക്കപ്പെട്ടുവെന്നും ഉദാഹരണം സഹിതം യുവതി വിവരിച്ചു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് എം.വി ഐഅനസ് മുഹമ്മദിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പരാതിയിൽ സത്യാവസ്ഥ ഉണ്ടെന്ന് ബോധ്യമായത്. പൊതുവിൽ സ്ത്രീകളോടു മോശമായി പെരുമാറുന്ന അനസ് മുഹമ്മദിനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്ന കാര്യവും പൊലീസ് സ്ഥിരീകരിച്ചു. സഹപ്രവർത്തകരായ സ്ത്രീകൾക്കും ഇയാളെ കുറിച്ച് നല്ല അഭിപ്രായമില്ല. നെടുമങ്ങാട് തന്നെയുള്ള ഒരു ബാങ്കിലെ ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായ ദുരനുഭവം ഗതാഗത വകുപ്പും ഗൗരവമായി തന്നെയാണ് എടുത്തിരിക്കുന്നത്. അനസ് മുഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങി.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്