ഇടുക്കി: ജില്ലയിൽ വരാനിരിക്കുന്നത് യാത്രാ ക്ലേശത്തിന്റെ നാളുകൾ. പടിപടിയായി 70- ഓളം സ്വകാര്യ ബസുകളുടെ ഓട്ടം നിലയ്ക്കും. ദീർഘ ദൂരസർവ്വീസുകളാണ് നിലയ്ക്കുന്നത്. നിലവിൽ 35-ളം ബസുകളുടെ ഓട്ടം മോട്ടോർ വാഹന വകുപ്പ് നിരോധിച്ചിട്ടുണ്ട്. പടിപടിയായി ചട്ടവിരുദ്ധമായി നടത്തിവരുന്ന സർവ്വീസുകൾ വരും ദിവസങ്ങളിൽ തടയുന്നതിന് വകുപ്പ് തലത്തിൽ തീരുമാനമായിട്ടുണ്ട്.

എറണാകുളത്തുനിന്നും കട്ടപ്പന, കുമളി, പൂപ്പാറ, വട്ടവട, കാന്തല്ലൂർ, നെടുംകണ്ടം തുടങ്ങിയ സ്ഥലങ്ങളെ ബന്ധപ്പെടുത്തി ദശാബ്ദങ്ങളായി നടത്തിവന്നിരുന്ന സർവ്വീസുകളാണ് നിലയ്ക്കുന്നത്. ഓർഡിനറി സർവ്വീസുകൾ 140 കിലോമീറ്ററിൽ അധികം പാടില്ലന്നുള്ള ചട്ടം കർശനമായി പാലിക്കാൻ കോടതി ഇടപെടലിനെത്തുടർന്ന് ഗതാഗതവകുപ്പ് നിർബന്ധിതമായിരിക്കുകയാണെന്നും ഇതാണ് നിലവിലെ സ്ഥിതിവിശേഷത്തിന് കാരണം.

നേരത്തെ ഓർഡിനറി ഒഴികെയുള്ള സ്വകാര്യ ബസ്സ റൂട്ടുകൾ കെഎസ്ആർടിസി ഏറ്റെടുത്തിരുന്നു. ഇതിന് ശേഷവും ഓർഡിനറി ബസ്സുകൾ സർക്കാർ കൊണ്ടുവന്ന ഇളവുകളുടെ പിൻ ബലത്തിൽ സർവ്വീസ് നടത്തിയിരുന്നു. വർഷം തോറും ഇവർ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകുമെങ്കിലും വകുപ്പ് പുതുക്കി നൽകാറില്ല.
പകരം ആർറ്റിഒ അനുവദിക്കുന്ന 4 മാസം ദൈർഘ്യമുള്ള താൽകാലിക പെർമിറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ദീർഘദൂര സർവ്വീസുകൾ നടന്നിരുന്നത്. ഇത്തരം സർവ്വീസുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി കോടതിയെ സമീപിക്കുകയും അടുത്തിടെ അനുകൂല വിധി ലഭിക്കുകയും ചെയ്തിരുന്നു.

ഇതെത്തുടർന്നാണ് 4 മാസത്തെ താൽക്കാലിക പെർമിറ്റ് അനുവദിക്കുന്നതിനും നിയമ തടസം നേരിട്ടു.ഇതോടെ മുമ്പ് നൽകിയിട്ടുള്ള 4 മാസത്തെ താൽക്കാലിക പെർമിറ്റിന്റെ കാലാവധി തീരുന്നതോടെ ഉടമകൾക്ക് ബസുകൾ നിരത്തുകളിൽ നിന്നും പിൻവലിക്കേണ്ടിവരും. ദൂരപരിധ 140 കിലോമീറ്ററിലേയ്ക്ക് ചുരുക്കിയാൽ നിലവിലെ റൂട്ടിൽ തന്നെ ഇപ്പോൾ പ്രതിസന്ധി നേരിടുന്ന ബസുകൾക്ക് സർവ്വീസ് നടത്താനാവുമെന്നും ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാൻ ബസുടമകൾ തയ്യാറാവുന്നില്ലന്നും ഇടുക്കി ആർറ്റിഒ ആർ രമണൻ പറഞ്ഞു.

ഇത്തരത്തിൽ റൂട്ട് വെട്ടിചുരുക്കൽ തങ്ങൾക്ക് ഭാരിച്ച നഷ്ടം വരുത്തിവയ്ക്കുമെന്നാണ് സ്വകാര്യബസുടകൾ പങ്കുവയ്ക്കുന്ന വിവരം.ഹൈറേഞ്ച് മേഖലകളിൽ ഉൾഗ്രാമങ്ങളിൽ നിന്നാണ് പല സർവ്വീസുകളും ആരംഭിക്കുന്നത്. 20 ഉം 30 ഉം കിലോമീറ്ററുകൾ പിന്നിടുമ്പോഴാണ് സ്റ്റോപ്പുകളുള്ളത്. ഇത്രയും ദൂരം ഡീസലും കത്തിച്ച് ബസ് വെറുതെ ഓടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നത് പിന്നീടുള്ള ഓട്ടത്തിൽ നിന്നാണ്. ഇത്തരം സർവ്വീസുകൾ ഇടയ്ക്ക് വച്ച് ചുരുക്കുമ്പോൾ ബസുടമകൾ വലിയ നഷ്ടം സഹിക്കേണ്ട സ്ഥിതിയാണ് നിലവുള്ളത്.

നിലവിലെ ഗതാഗത ചട്ടത്തിൽ ഇടുക്കി ജില്ലയുടെ സാഹചര്യം പരിഗണിച്ച് മാറ്റം വരുത്തി,തങ്ങളുടെ സർവ്വീസ് തുടരുന്നതിന് സാഹചര്യം ഒരുക്കണമെന്നാണ് സ്വകാര്യബസുടമകളുടെ ആവശ്യം.ഇക്കാര്യം ഇക്കൂട്ടർ ജില്ലയിലെ ഭരണപക്ഷ രാഷ്ട്രീയ നേതൃത്വവുമായി ചർച്ചചെയ്തിട്ടുണ്ട്. എന്തായാലും ഇക്കാര്യത്തിൽ ഉടൻ പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷ ഇരുകൂട്ടർക്കുമില്ല. ഇത്രയധികം ബസുുകൾ ഓട്ടം നിർത്തുന്നതോടെ മലയോരമേഖലകളിൽ ഉൾപ്പെടെ യാത്രക്ലേശം രൂക്ഷമാവുമെന്നകാര്യത്തിൽ തർക്കമില്ല.

കെഎസ്ആർടിസി നിയമനടപടികളിലൂടെ റൂട്ടുകൾ സ്വന്തമാക്കുന്നുണ്ടെങ്കിലും ബസുകൾ ഓടിക്കാൻ തയ്യാറാവുന്നില്ലന്നും ഇതാണ് യാത്രക്ലേശം വർദ്ധിക്കുന്നതിന് കാരണമാവുന്നതെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.