- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റേഷൻ കാർഡിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി ഭൂരഹിതയായ ആദിവാസി യുവതിക്ക് ലൈഫിൽ വീട് അനുവദിച്ചില്ല; അന്തിയുറങ്ങാൻ കുടിൽ പോലുമില്ലാത്ത സരോജിനി താമസം പഞ്ചായത്ത് ഓഫീസിൽ; സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വീട് അനുവദിക്കാത്തതിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ഷെഡ് കെട്ടി പ്രതിഷേധ സമരം
കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനുമുന്നിൽ ആദിവാസി സ്ത്രീയുടെ കുടികിടപ്പുസമരം മൂന്ന് ദിവസം പിന്നിട്ടു. ലൈഫ് പദ്ധതിയിൽ ഭൂമിയും വീടും അനുവദിക്കുക, വീട് ലഭിക്കുന്നതുവരെ സുരക്ഷിതമായി താമസിക്കാനുള്ള സംവിധാനമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സരോജിനിയുടെ സമരം. രാത്രിയിലും ഓഫീസിനുമുന്നിൽ കിടന്നാണ് ഇവർ സമരം നടത്തുന്നത്. മുണ്ടനോലി വയലിൽ എ.കെ. സരോജിനിയാണ് സമരം നടത്തുന്നത്. പഞ്ചായത്തിലെ മൂന്നാംവാർഡിലെ ഓട്ടപ്പാലത്ത് ജലസേചനവകുപ്പിന്റെ സ്ഥലത്ത് ആറുവർഷമായി ഷെഡ് കെട്ടി താമസിക്കുകയായിരുന്നു സരോജിനിയും ഇവരുടെ ഭർത്താവായ ഗോപാലനും.
മഴക്കാലത്ത് ഇവിടെ പുഴവെള്ളം കയറും ഒപ്പം വന്യജീവികളുടെ ആക്രമണവും ഭയന്നായിരുന്നു ഇവർ അവിടെ താമസിച്ചിരുന്നത്. ഈ ഒരവസ്ഥയിലാണ് ഇവർ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകി വർഷങ്ങളോളമായി ഇതിനായി കാത്തിരുന്നത്. നൽകിയ അപേക്ഷകൾ പലതും തള്ളിയതോടെ മുന്നിൽ മറ്റു വഴികളില്ലാത്തതുകൊണ്ടാണ് ഇവർ പഞ്ചായത്ത് ഓഫിസിലേക്ക് താമസം മാറ്റി പ്രതിഷേധത്തിന് തീരുമാനിച്ചത്.
സ്വന്തമായി ഭൂമിയില്ലാതിരുന്നിട്ടും സരോജിനിയെ ഭവനരഹിത ലിസ്റ്റിലാണ് ആദ്യം ഉൾപ്പെടുത്തിയത്. സ്വന്തമായി ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കിയാൽ ഭൂരഹിത, ഭവനരഹിത ലിസ്റ്റിലേക്ക് മാറ്റാൻ ഓഗസ്റ്റ് ഒന്നിന് ചേർന്ന ഗ്രാമസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് സാക്ഷ്യപത്രം ഹാജരാക്കിയെങ്കിലും റേഷൻകാർഡിലെ സാങ്കേതികത്വത്തിന്റെ പേരിൽ തടസ്സമുണ്ടായി. സരോജിനിയുടെ റേഷൻകാർഡിന്റെ നമ്പറും അപേക്ഷയിൽ രേഖപ്പെടുത്തിയിരുന്ന റേഷൻകാർഡ് നമ്പറും വ്യത്യസ്തമാണെന്നാണ് പറഞ്ഞത്. ആദ്യം താമസിച്ച ബന്ധുവീട്ടിലെ റേഷൻകാർഡ് നമ്പറായിരുന്നു അപേക്ഷയിൽ നൽകിയിരുന്നത്.
ലൈഫ്മിഷന്റെ സൈറ്റിൽ പുതിയ റേഷൻകാർഡ് തിരുത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് പ്രശ്നപരിഹാരം നീണ്ടു. സമരംതുടങ്ങിയതിന് പിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതി യോഗംചേർന്ന് ഇവരെ ഭൂരഹിത ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെടുത്താൻ ലൈഫ്മിഷന് ശുപാർശ സമർപ്പിക്കുകയുംചെയ്തു. ഇവർക്ക് താത്കാലിക താമസസൗകര്യം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നിലവിൽ സരോജിനിയുടെ സമരം തുടരുന്നത്.
ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് നരേന്ദ്രദേവ് കോളനിയിൽ സൗകര്യം ഒരുക്കി നൽകാമെന്ന് ചർച്ചയിൽ അറിയിച്ചിരുന്നു. എന്നാൽ കൂരാച്ചുണ്ട് പഞ്ചായത്തിൽതന്നെ വാസയോഗ്യമായ സൗകര്യം ഒരുക്കണമെന്ന ആവശ്യത്തിലാണ് സരോജിനി. കഴിഞ്ഞ കുറെ വർഷങ്ങളായി ഏത് നിമിഷവും തകരുമെന്ന് ഒരു സ്ഥലത്ത് കുടിൽ കെട്ടി താമസിച്ചിരുന്ന ഇവർ നിലവിൽ ഉന്നയിക്കുന്ന ആവശ്യത്തിന് നൂറ് ശതമാനം ഇവർ അർഹരാണ്. സാങ്കേതിക കാരണങ്ങളാൽ അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ പാടില്ല.
മറുനാടന് മലയാളി ബ്യൂറോ