- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ടാറ്റാ, ബിർലാ, ഹിന്ദൂജാ'....കേരളത്തിലടക്കം മുഴങ്ങിക്കേട്ട കുത്തക വിരുദ്ധ മുദ്രവാക്യത്തിലെ പ്രധാനി; ബാങ്കിങ്, കെമിക്കൽസ്, ഹെൽത്ത് കെയർ, മേഖലയിലായി രണ്ടുലക്ഷംപേരുടെ തൊഴിൽ ദാതാവ്; ബോഫോഴ്സ് കേസിലെ ഇടനിലക്കാരനെന്ന് വ്യാജ ആരോപണം; ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാമൻ; എസ് പി ഹിന്ദുജ വിടവാങ്ങുമ്പോൾ
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ ബോഫോഴ്സ് കേസ് കത്തിനിൽക്കുന്ന 90കളിൽ, ഈ കൊച്ചു കേരളത്തിലെ ഉൾനാട്ടിൽ നടക്കുന്ന പൊതുയോഗങ്ങളിൽ പോലും, നീചനായ ഒരു കുത്തക മുതലാളിയെന്ന പേരിൽ പരാമർശിക്കപ്പെട്ട പേരായിരുന്നു, അന്തരിച്ച വ്യവസായ പ്രമുഖനും ഹിന്ദുജ ഗ്രൂപ്പ് ചെയർമാനുമായ എസ്പി. ഹിന്ദുജയുടേത് (87). ടാറ്റ, ബിർലാ, ഗോയങ്ക എന്ന ഇടതുപക്ഷത്തിന്റെ കുത്തക വിരുദ്ധ മുദ്രാവാക്യം, ടാറ്റാ, ബിർലാ, ഹിന്ദുജാ എന്നാക്കി മാറ്റിയ കാലം. (പിന്നീട് കോൺഗ്രസ് ഭരണം അവസാനിച്ചതോടെ ഹിന്ദുജക്ക് പകരം അംബാനിയും, ക്രമേണേ അദാനിയും കടന്നുവന്നു.) ബാങ്കിങ്, കെമിക്കൽസ്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലായി രണ്ടുലക്ഷം പേരുടെ തൊഴിൽ ദാതാവ് ആയിരുന്നു ഹിന്ദുജ. പക്ഷേ കേരളത്തിലെ ഇടതുപക്ഷം ഒരു ഭീകരന് സമാനമായിട്ടാണ് അദ്ദേഹത്തെ അവതരിപ്പിച്ചത്.
ഹിന്ദുജക്ക് വിനയായത് കോൺഗ്രസ് നേതാവും മൂൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പം ആയിരുന്നു. സ്വീഡിഷ് ആയുധനിർമ്മാതാക്കളായ എ.ബി. ബൊഫോഴ്സിന് ഇന്ത്യൻ സർക്കാരിൽ നിന്ന് കരാർ കരസ്ഥമാക്കാൻ അനധികൃതമായി കമ്മിഷൻ ഇനത്തിൽ ഏകദേശം 81 ദശലക്ഷം സ്വീഡിഷ് ക്രോണ കൈപ്പറ്റിയെന്ന ആരോപണം എസ്പി. ഹിന്ദുജയ്ക്കും ഗോപീചന്ദിനും പ്രകാശിനും എതിരേ ഉയർന്നിരുന്നു. ഇത് വൻ കോളിളക്കം ഉണ്ടാക്കി. ഇന്ത്യയുടെ ആയുധ ഇടപാടിലെ ഒക്കെ ഇടനിലക്കാരൻ ഇദ്ദേഹമാണെന്ന വില്ലൻ ഇമേജാണ് പിന്നീട് ഉണ്ടായത്.
എന്നാൽ പിന്നീട് കോടതി ഇവരെ കുറ്റവിമുക്തരാക്കി. മാത്രമല്ല എന്തെല്ലാം ആരോപണങ്ങൾ ഉണ്ടായാലും, ബോഫോഴ്സിന്റെ ആയുധങ്ങൾ ഇന്ത്യൻ സേനയുടെ കരുത്താണെന്നും പിന്നീട തെളിയിക്കപ്പെട്ടു. പക്ഷേ ഈ വിവാദത്തിൽ പെട്ടതുകൊണ്ടും, കോൺഗ്രസിന്റെ സ്വന്തം വ്യവസായി എന്ന പേരുദോഷം ഉള്ളതുകൊണ്ടും, അർഹിക്കുന്ന പത്മ പുരസ്ക്കാരങ്ങളൊന്നും അദ്ദേഹത്തെ തേടിയെത്തിയില്ല. ഈ പ്രതിഭാശാലിയായ സംരംഭകൻ ആവട്ടെ ഇന്ത്യ വിട്ട് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയും ചെയ്തു.
ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാമൻ
ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിന്ദുജ. ഗ്രൂപ്പ് സ്ഥാപകൻ പർമാനന്ദ് ദീപ്ചന്ദ് ഹിന്ദുജയുടെ മൂത്ത മകനാണ് എസ്പി.ഹിന്ദുജ. 1935 നവംബർ എട്ടിന് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലാണ് എസ്പി. ഹിന്ദുജയുടെ ജനനം. പഠനം പൂർത്തിയാക്കിയതിന് പിന്നാലെ 1952-ലാണ് ഹിന്ദുജ ഗ്രൂപ്പ് സ്ഥാപകനും പിതാവുമായ പി.ഡി. ഹിന്ദുജയ്ക്കൊപ്പം കുടുംബ ബിസിനസിലേക്ക് കടക്കുന്നത്. രാജ്യത്തിന് പുറത്തേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നതും, ആഗോള ബ്രാൻഡായി ഹിന്ദുജയെ മാറ്റുന്നതും, എസ്പി ഹിന്ദുജയുടെ കാലത്താണ്.
ഇന്ത്യയിൽ തനിക്കെതിരെ വിവാദങ്ങൾ വർധിച്ചതോടെ അദ്ദേഹം ബ്രിട്ടിഷ് പൗരത്വം സ്വീകരിച്ചത്. പക്ഷേ ഇത് ബിസിനസ് ആവശ്യങ്ങൾക്കുള്ള ചില മാറ്റത്തിന്റെ ഭാഗമാണെന്നും തന്റെ മനസ്സിൽ എന്നും ഇന്ത്യയുണ്ടെന്നുമാണ്, അപൂർവമായി അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്. നിലവിൽ ബ്രിട്ടനിലെ അതിസമ്പന്നരിൽ നാലാം സ്ഥാനത്താണ് ഹിന്ദുജ സഹോദരങ്ങൾ. 32 ബില്യൺ യുഎസ് ഡോളറാണ് ഹിന്ദുജ ഗ്രൂപ്പിന്റെ ആസ്തി.
ലണ്ടനിൽ ആയിരുന്നു അന്ത്യവും. കുറച്ചുകാലമായി ഡിമൻഷ്യ ബാധിതനായിരുന്നു. ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവരാണ് എസ്പി. ഹിന്ദുജയുടെ സഹോദരങ്ങൾ. ഇവരും ബോഫോഴ്സ കേസിൽ കൂട്ടു പ്രതികൾ ആയിരുന്നു. കമ്പനി വക്താവാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മരണവാർത്ത അറിയിച്ചത്. ഭാര്യ മധു, ഇക്കൊല്ലം ജനുവരിയിൽ മരിച്ചു. ഷാനു, വിനു എന്നീ രണ്ട് പെൺമക്കളാണ് എസ്പി. ഹിന്ദുജ-മധു ദമ്പതിമാർക്ക്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ