- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃപ്രയാർ തന്ത്രി കത്തയച്ചത് പുതവൽസര ദിനത്തിൽ

ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലെ മീനുകളെ ഊട്ടിയാൽ എല്ലാ അനുഗ്രഹങ്ങളും തൃപ്രയാറപ്പൻ നൽകുമെന്ന് വിശ്വാസം; 'മീനൂട്ടാൻ' ആദ്യമായി പ്രധാനമന്ത്രിയും; ശ്രീരാമനും ഭരതനും ലക്ഷ്മണനും ശത്രുഘനനും ഒരുമിക്കും ഐതീഹ്യം
തൃശൂർ: പധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തുന്നത് ക്ഷേത്രം തന്ത്രിയുടെ ക്ഷണം സ്വീകരിച്ച്. അയോദ്ധ്യ പ്രതിഷ്ഠയ്ക്ക് മുൻപുള്ള സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം കല്പിക്കുന്നുണ്ട്. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിക്കും. ക്ഷേത്ര തന്ത്രിയായ തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടാണ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ജനുവരി ഒന്നിനാണ് കത്തയച്ചത്. ശ്രീകൃഷ്ണൻ പൂജിച്ച വിഗ്രഹമാണ് പ്രതിഷ്ഠയെന്നാണ് വിശ്വാസമെന്നും ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ വിഗ്രഹങ്ങൾ ഒരേസമയം കടലിൽ നിന്ന് ലഭിച്ച് പ്രതിഷ്ഠിച്ചതാണെന്നും കത്തിൽ വിശദീകരിച്ചിരുന്നു. ഈ കത്ത് പരിഗണിച്ചാണ് മോദി തൃപ്രയാർ സന്ദർശനം തീരുമാനിച്ചത്.
ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ എത്തുന്നത്. അയോധ്യയിൽ 22ന് നടക്കുന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ വ്രതത്തിലാണ് പ്രധാനമന്ത്രി മോദി. വ്രത സമയത്ത് തന്നെ തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ മോദി ദർശനത്തിന് എത്തുന്നത് ശ്രദ്ധേയമാണ്. ക്ഷേത്രത്തിലെ സുപ്രധാന വഴിപാട് ആയ മീനൂട്ടും നരേന്ദ്ര മോദി നിർവഹിക്കും. ഈ സമയം ക്ഷേത്രത്തിൽ പ്രത്യേകം സജ്ജകരിക്കുന്ന വേദിയിൽ വേദാർച്ചന, ഭജന എന്നിവ നടക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന സമയത്ത് ക്ഷേത്രത്തിൽ തന്ത്രിയുൾപ്പെടെ അഞ്ചുപേർക്ക് മാത്രമാണ് അനുമതി. തുടർന്ന് ഹെലികോപ്റ്ററിൽ കൊച്ചിക്ക് യാത്ര തിരിക്കും.
സർവ ദുരിതങ്ങളും തീരാൻ തൃപ്രയാറപ്പനെ തൊഴുത് പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസ കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ശ്രീരാമസ്വാമി ക്ഷേത്രങ്ങളിലൊന്നാണിത്. മീനൂട്ട് നടത്താനായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഭക്തരാണ് തൃശൂർ ജില്ലയിലെ ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ക്ഷേത്രത്തിന് മുന്നിലൂടെ ഒഴുകുന്ന പുഴയിലെ മീനുകളെ ഊട്ടിയാൽ ഭക്തർക്ക് എല്ലാ അനുഗ്രഹങ്ങളും തൃപ്രയാറപ്പൻ നൽകുമെന്നാണ് വിശ്വാസം. ഭക്തർ നൽകുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മീനിന്റെ രൂപത്തിൽ എത്തുന്നുവെന്നൊരു ഐതിഹ്യവും നിലനിൽക്കുന്നുണ്ട്. ആസ്തമ പോലുള്ള ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ മാറാനായും നിരവധി പേർ ക്ഷേത്രത്തിലെത്തി മീനൂട്ട് നടത്തുന്നുണ്ട്.
ശ്രീകൃഷ്ണൻ ദ്വാരകയിൽ പൂജിച്ചിരുന്ന ശ്രീരാമ വിഗ്രഹമാണ് തൃപ്രയാർ ക്ഷേത്രത്തിലേതെന്നാണ് വിശ്വാസം. ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തിന് ശേഷം ഈ വിഗ്രഹം കടലെടുത്തെന്നും അത് പിന്നീട് കേരളത്തിലെ മത്സ്യ തൊഴിലാളിക്ക് കിട്ടിയെന്നും ഐതിഹ്യമുണ്ട്. മീനൂട്ട് പോലെ തൃപ്രയാറപ്പന്റെ പ്രധാനപ്പെട്ട മറ്റൊരു വഴിപാടാണ് കതിന വെടി. 10, 101, 1001 എന്നിങ്ങനെയാണ് വെടിവഴിപാട് നടത്തുന്നത്. ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമ്മാല്യ ദർശനം വളരെ വിശിഷ്ടവും പുണ്യദായകവുമാണ്. ഗുരുവായൂരിൽ ഏകാദശി ചടങ്ങ് നടത്തുന്നതുപോലെ തന്നെയാണ് ഇവിടെയും ഏകാദശി ആഘോഷിക്കുന്നത്. അന്നും ഇവിടേക്ക് നിരവധി ഭക്തർ എത്തും.
കേരളത്തിൽ പഴുതടച്ച സുരക്ഷയാണ് മോദിക്കായി ഒരുക്കുന്നത്. ആറ് എസ്പിമാരുടേയും 26 ഡിവൈ.എസ്പിമാരുടേയും 2000ലധികം പൊലീസ് ഉദ്യോഗസ്ഥരുടേയും സുരക്ഷയിലാകും കൊച്ചിയിലെ മോദിയുടെ സന്ദർശനം. കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്പി.ജി) മേൽനോട്ടവും കൊച്ചിയിലും തൃശൂരിലും ഉണ്ടാകും. പ്രധാനമന്ത്രി സന്ദർശിക്കുന്ന സ്ഥലങ്ങളുടെയും പങ്കെടുക്കുന്ന പരിപാടികളുടെയും നിയന്ത്രണം ഇന്നലെ ഉച്ചയോടെ എസ്പി.ജി ഏറ്റെടുത്തു. ഐ.ജി. സുരേഷ് രാജ് പുരോഹിത് കേരളത്തിൽ എത്തിട്ടുണ്ട്.
എസ്പി.ജി തലവൻ നേരിട്ടാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്.ഡി.ജി.പി. ഷെയ്ഖ് ദാവേഷ് സാഹിബിന്റെ സാന്നിദ്ധ്യത്തിൽ സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തും. നേരത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാ പദ്ധതി ചോരുകയും വധഭീഷണിക്കത്ത് പുറത്താകുകയും ചെയ്ത സാഹചര്യത്തിൽ അതീവശ്രദ്ധയാണ് സുരക്ഷയിൽ പൊലീസ് പുലർത്തുന്നത്. കൊച്ചിയിൽ ഇന്നും നാളെയും നഗരത്തിൽ കർശന ഗാതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓരോ പോയിന്റിലും അഞ്ചിലധികം പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തിന് പുറമേ കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്ന് പൊലീസുകാരെ സുരക്ഷയ്ക്കായി കൊച്ചിയിൽ നിയോഗിച്ചിരിക്കുന്നത്. വൈകിട്ട് 6.30ന് കൊച്ചി നാവിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി ഇറങ്ങുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ അഡ്വ. എം. അനിൽകുമാർ, പൊലീസ് മേധാവി ഷെയ്ഖ് ദാവേഷ് സാഹിബ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവർ പ്രധാനമന്ത്രിയെ സ്വീകരിക്കും.
തുടർന്ന് റോഡ് മാർഗം കെപിസിസി ജംഗ്ഷനിലെത്തും. ഇവിടെ നിന്ന് റോഡ് ഷോയായി എറണാകുളം ഗസ്റ്റ് ഹൗസിലേക്ക്. റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളിൽ സി.സി.ടിവി കാമറയടക്കം സ്ഥാപിച്ചാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. നാളെ രാവിലെ ആറിന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ ഗുരുവായൂരിലേക്ക് പോകും. 12 ഓടെ കൊച്ചിയിൽ തിരിച്ചെത്തും.
പിന്നീട് ഗസ്റ്റ്ഹൗസിൽ തങ്ങുന്ന പ്രധാനമന്ത്രി മറൈൻഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ബൂത്ത്തല കമ്മിറ്റിയുടെ ചുമതലവഹിക്കുന്നവരുടെ ശക്തികേന്ദ്ര യോഗത്തിൽ സംബന്ധിക്കും. 7000 പ്രവർത്തകർ പങ്കെടുക്കുമെന്ന യോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 2.30ന് ഡൽഹിയിലേക്ക് തിരിക്കും.

