- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടുത്തെ പ്രിൻസസ്... രാജഭരണം മാറിയത് അറിഞ്ഞില്ലേ... അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീ ഭായിയെ പ്രിൻസസ് എന്ന് വിശേഷിപ്പിച്ച ഡോ സുൽഫിക്ക് ഇടത് പുരോഗമനവാദികളുടെ പൊങ്കാല; തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ചരിത്രം മറക്കരുതെന്ന് തിരിച്ചടിച്ച് സുൽഫിയും കൂട്ടരും; തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി വേദിയിൽ ഉയർന്ന വിവാദം പുകയുമ്പോൾ
തിരുവനന്തപുരം : കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജിന് തുടക്കം കുറിച്ചെന്ന് ചരിത്രം പറയുന്ന തിരുവിതാംകൂർ രാജകുടുംബത്തിന്റെ പിൻതലമുറക്കാരെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ആധിക്ഷേപിച്ച് ഒരുവിഭാഗം രംഗത്ത്. ആഘോഷ പരിപാടിയിൽ പങ്കെടുത്ത അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീ ഭായിയെ 'പ്രിൻസെസ് 'എന്ന് വിശേഷിപ്പിച്ച് സംഘാടകനും നിയുക്ത ഐ എം എ പ്രസിഡന്റുമായ ഡോ.സുൽഫിയിട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
വെള്ളിയാഴ്ച ആഘോപരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കോൺക്ലേവായിരുന്നു ഗൗരി ലക്ഷ്മി ഭായ് ഉദ്ഘാടനം ചെയ്തത്. ഈ ചിത്രം പങ്കുവച്ചായിരുന്നു സുൽഫി പോസ്റ്റിട്ടത്. ഇതോടെ ഒരുവിഭാഗം ഇടത് പുരോഗമനവാദികൾ രംഗത്തെത്തി, അവർ എടുത്തെ പ്രിൻസസാണ്, എന്താണ് മെഡിക്കൽ കോളേജുമായുള്ള ബന്ധം, രാജകുടുംബത്തിന് എന്ത് പങ്കാണുള്ളത് തുടങ്ങിയ ചോദ്യങ്ങളും അതിലേറെ അധിക്ഷേപങ്ങളുമാണ് ഉയർന്നത്. പുരോഗമനകലാസാഹിത്യ സംഘത്തെ പ്രതിനിധീകരിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെ രാജകുടുംബത്തെ അധിക്ഷേപിക്കാൻ രംഗത്തെത്തി.
എന്നാൽ ചെറിയൊരു വിഭാഗം മാത്രമാണ് സുൽഫിയെ അനുകൂലിച്ച് രംഗത്തുള്ളത്. ഭൂരിഭാഗവും അതിരൂക്ഷമായ വാക്കുകൾകൊണ്ട് രാജകുടുംബത്തെയും പിൻതലമുറയെയും അവഹേളിക്കുകയാണ്. ഇതിനെതിരെ രംഗത്തെത്തിയവർ ചരിത്രം വിശദീകരിക്കാൻ തുടങ്ങിയതോടെ കപട ഇടത് പുരോഗമന വാദികൾ മാളത്തിലൊളിച്ച നിലയിലാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്ന ജിതിൻ കെ ജേക്കബിന്റെ ചരിത്ര വിശദീകരണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ....
്മലയാളികൾ ഇന്ന് കൊട്ടിഘോഷിക്കുന്ന വിദ്യാഭ്യാസത്തിന്റെയും, ആരോഗ്യരംഗത്തിന്റെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെയും എല്ലാം അടിത്തറ പാകിയത് തിരുവിതാംകൂർ രാജവംശമായിരുന്നു എന്നതാണ് യാഥാർഥ്യം.
തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവകലാശാല), കോളേജ് ഓഫ് എഞ്ചിനീയറിങ്, ആയുർവേദ കോളേജ്, ഹോമിയോപ്പതി കോളേജ്, ആർട്സ് കോളേജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റ്റെക്സ്റ്റൈൽ ടെക്നോളജി, ഡിപാർട്ട്മെന്റ് ഓഫ് മരീൻ ബയോളോജി എന്നിങ്ങനെ പോകുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര. ആ സ്ഥാപനങ്ങളിലൊക്കെ രാജകുടുംബത്തിലെ അംഗങ്ങളുടെ ഭാര്യമാരോ, സ്തുതിപാഠകരോ അല്ല അദ്ധ്യാപകരായി വന്നത് എന്നതും എടുത്ത് പറയേണ്ടതുണ്ട്.
ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ആണ് ചെലവഴിച്ചിരുന്നതെന്ന് പറയുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ രാജ്യത്തിന്റെ സാക്ഷരതാ നിരക്ക് 12% ത്തിൽ താഴെ ആയിരുന്നപ്പോൾ കേരളത്തിലേത് (കൊച്ചിയും മലബാറും തിരുവിതാംകൂറും ചേർന്ന്) അത് 47% ആയിരുന്നു എന്നോർക്കണം.
പൊതുഗതാഗത രംഗത്ത് ലോകത്തിൽ ആദ്യമായി സർക്കാർ ഇടപെട്ട രാജ്യമാണ് തിരുവിതാംകൂർ. 1938 ഫെബ്രുവരി 20-ന് തിരുവനന്തപുരം സെൻട്രൽ ബസ്സ്റ്റേഷനിൽനിന്ന് കവടിയാറിലേക്ക് ഓടിച്ച ബസ്സായിരുന്നു സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ പൊതു ബസ് സർവീസ് , അതാണ് ഇന്നത്തെ കെ.എസ്.ആർ.ടി.സി !
തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ചത്, തിരുവനന്തപുരം നഗരം വൈദ്യുതീകരിച്ചത്, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്, എഫ്. എ. സി. ടി.എന്നിവ തുടങ്ങിയത്, പള്ളിവാസൽ ജല വൈദ്യുത പദ്ധതി, ടെലിഫോൺ സർവീസുകൾ, തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രം അങ്ങനെ പോകുന്നു വികസന പദ്ധതികൾ.
മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സ്ഥാപിച്ചു. അവിടെയാണ് പിന്നീട് മെഡിക്കൽ കോളേജ് ഉയർന്നത്. 1865 ൽ തിരുവനന്തപുരം ജനറൽ ആശുപത്രി, ആയുർവേദ ആശുപത്രി. 1813ൽ തിരുവിതാംകൂറിൽ വാക്‌സിനേഷൻ ലഭ്യമായിരുന്നു എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും. 200 കൊല്ലത്തിനിപ്പുറവും വാക്‌സിൻ എടുക്കാൻ ഭയക്കുന്ന ഒരു സമൂഹം ഉണ്ടിവിടെ എന്നോർക്കണം.
സൗദി രാജാവ്, ഷാർജ ഷെയ്ഖ്, യുഎഇ രാജാവ്, കുവൈറ്റ് അമീർ, ഒമാൻ സുൽത്താൻ എന്നൊക്കെ പറഞ്ഞാൽ ഇവിടെ തേനും പാലും ഒഴുകും. അതേസമയം നാട് ഭരിച്ച രാജവംശത്തിന്റെ തലമുറയിൽപെട്ട ആരെങ്കിലും എന്തെങ്കിലും ഒരു ചടങ്ങിൽ പങ്കെടുത്താൽ ഉടൻ പരിഹാസവും, അവഹേളനവും. അവർ ആരെയെങ്കിലും ഉപദ്രവിക്കുകയോ, ജനാധിപത്യത്തെ വെല്ലുവിളിക്കുകയോ, രാജ്യത്തെ നിയമങ്ങൾ പാലിക്കാതിരിക്കുകയോ, പൊതുഖജനാവ് കയ്യിട്ട് വാരുകയോ, കടുംബാംങ്ങളിൽ ആരെയെങ്കിലും വളഞ്ഞ വഴിയിൽ സർക്കാർ ജോലിയിൽ കയറ്റുകയോ, സ്വർണം കടത്തുകയോ മറ്റോ ചെയ്തോ?
ഇത് ഒരു മാനസീക രോഗമാണ് അല്ലെങ്കിൽ ചരിത്രത്തെ കുറിച്ച് ബോധമില്ലാത്തതിന്റെ കുഴപ്പം. ശരിക്കും ലജ്ജിക്കേണ്ടത് ഈ ചീത്തവിളിക്കുന്നവർ തന്നെയാണ്.
തിരുവിതാംകൂർ രാജവംശവും വിമർശനാതീതരല്ല. ആ ഭരണാധികാരികളുടെ നയങ്ങളിലും തെറ്റുകുറ്റങ്ങളും പിഴവുകളും ഒക്കെ ഉണ്ടായിരിക്കാം. വിമർശിക്കാം, പക്ഷെ അവഹേളിക്കാതിരുന്നുകൂടെ? ആ വിമർശനങ്ങൾക്കിടയിലും അവർ ഈ നാടിന് ചെയ്ത നന്മകളുടെ ഗുണഫലങ്ങൾ ഇന്നും നമ്മൾ അനുഭവിക്കുന്നു എങ്കിൽ അതിന്റെ പേരിൽ നന്ദിയും അവർ അർഹിക്കുന്നു എന്ന് മറക്കരുത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്