- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർ ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലെത്തണം ; കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ഇലോൺ മസ്ക്; ബുദ്ധിമുട്ടുകൾ നിറഞ്ഞ സമയം വരുന്നുവെന്ന് വിശദീകരിച്ച് ജീവനക്കാർക്ക് മെയിലയച്ചു; ജീവനക്കാരുടെ വിശ്രമസമയവും വെട്ടിക്കുറച്ചു
വാഷിങ്ങ്ടൺ: കൂട്ടപ്പിരിച്ച് വിടലിന് പിന്നാലെ വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച് ട്വിറ്റർ. ബുദ്ധിമുട്ടുകൾ നിറഞ്ഞ സമയം വരുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജീവനക്കാർക്ക് അയച്ച ആദ്യ ഇമെയിലിലാണ് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ച വിവരം ഇലോൺ മസ്ക് വിശദമാക്കിയത്. ഇന്നലെ രാത്രി അയച്ച ഇമെയിലിൽ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ തുറന്നുകാണിക്കുന്ന ഒന്നാണ്. പരസ്യ വരുമാനത്തിലുള്ള കുറവ് ട്വിറ്ററിനെ സാരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ഇമെയിൽ.
വര്ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചുവെന്നും ജീവനക്കാർ ആഴ്ചയിൽ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസിലെത്തണമെന്നാണ് മസ്കിന്റെ നിർദ്ദേശം. 40 മണിക്കൂറെന്നതിന് വേറെയും ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട് മസ്ക്. വിജയത്തിലെത്താൻ തീവ്രമായ ജോലി ചെയ്യേണ്ട സമയമാണ് വരുന്നത്. മെയിലിൽ വിശദമാക്കിയ പോളിസി മാറ്റങ്ങൾ എത്രയും വേഗത്തിൽ പ്രാവർത്തികമാണെന്നും മസ്ക് വ്യക്തമാക്കി. കമ്പനിയുടെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷമുള്ള മെയിലിലാണ് വീണ്ടും മസ്ക് മുന്നറിയിപ്പ് നൽകുന്നത്.
7500 ജീവനക്കാരെയാണ് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്ക് പിരിച്ചുവിട്ടത്. വർക്ക് ഫ്രെം ഹോം രീതി താൽപര്യമുള്ള ജീവനക്കാർക്ക് സ്ഥിരമായി ഈ രീതി തുടരാനുള്ള സംവിധാനം നേരത്തെ ട്വിറ്റർ സ്വീകരിച്ചിരുന്നു. ട്വിറ്റർ ജീവനക്കാരുടെ വിശ്രമ ദിവസങ്ങളും മസ്ക് വെട്ടിക്കുറച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷനിലൂടെ പാതിയോളം വരുമാനം കണ്ടെത്തണമെന്നാണ് മസ്ക് നിർദ്ദേശിച്ചിരിക്കുന്നത്.
മസ്ക് ട്വിറ്റർ ഏറ്റെടുത്തതും അവിടെ നടത്തുന്ന പരിഷ്കാരവും വലിയതോതിൽ ടെസ്ല ഷെയറുകളെ ബാധിച്ചുവെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ടെസ്ലയുടെ ഓഹരികൾ 52 ആഴ്ചയ്ക്കിടയിൽ ഏറ്റവും മോശം അവസ്ഥയിൽ എത്തിയതോടെ മസ്കിന്റെ ആസ്തികളുടെ ആകെ മൂല്യം 200 ബില്ല്യൺ യുഎസ് ഡോളറിന് താഴെ എത്തിയിരിക്കുകയാണ്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം മസ്കിന്റെ ആസ്തികളുടെ മൂല്യം ഇപ്പോൾ 195.6 ബില്ല്യൺ അമേരിക്കൻ ഡോളറാണ്
2020 മേയിലാണ് ട്വിറ്റർ ജീവനക്കാർക്ക് എത്രനാൾ വേണമെങ്കിലും ഓഫീസിൽ ഹാജരാകാതെ ജോലിചെയ്യാൻ അനുവാദം നൽകിയത്. കോവിഡ് ലോക്ക്ഡൗൺ കാലത്തെ റിമോട്ട് വർക്ക് വൻവിജയം കണ്ടതിനെ തുടർന്നാണ് ഇത് തുടരാൻ കമ്പനി തീരുമാനിച്ചത്. എന്നാൽ വർക്ക് അറ്റ് ഹോം സമ്പ്രദായത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചയാളാണ് ഇലോൺ മസ്ക്. കോവിഡ് കാലത്ത് വീട്ടിലിരിക്കാൻ പറഞ്ഞത് കഠിനാധ്വാനം ചെയ്യേണ്ടതില്ലെന്ന ചിന്ത ആളുകളിലുണ്ടാക്കിയെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.
മസ്കിന്റെ മറ്റൊരു സ്ഥാപനമായ ടെസ് ലയിൽ ജൂണിൽ തന്നെ റിമോട്ട് വർക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന് സമാനമായി മസ്ക് തന്റെ വ്യക്തിപരമായ താൽപര്യപ്രകാരം മാത്രമേ റിമോട്ട് ജോലി ആഗ്രഹിക്കുന്ന ജീവനക്കാർക്ക് അതിന് അനുവാദം നൽകുകയുള്ളൂ.
അതേസമയം, ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കിടെ കമ്പനിയിലെ പകുതിയോളം പേരെ പിരിച്ചുവിട്ടിരിക്കുകയാണ് മസ്ക്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതിനിടെ ട്വിറ്ററിൽ നിന്ന് പരസ്യദാതാക്കൾ കൂട്ടത്തോടെ പിന്മാറിയത് വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പരിമിതമായ ഡെഡ്ലൈനുകൾ നൽകി വലിയ മാറ്റങ്ങൾ ട്വിറ്ററിൽ അവതരിപ്പിക്കാനുള്ള നിർദ്ദേശമാണ് ടീമംഗങ്ങൾക്ക് മസ്ക് നൽകിക്കൊണ്ടിരിക്കുന്നത്. അധികസമയം ജോലി ചെയ്യാനും നിർദ്ദേശിക്കുന്നു. പറയുംപോലെ ജോലിചെയ്യുക അല്ലെങ്കിൽ ജോലിവിടുക എന്ന മുന്നറിയിപ്പാണ് മസ്ക് ജീവനക്കാർക്ക് നൽകിവരുന്നത്.
ട്വിറ്റർ ബ്ലൂ വെരിഫിക്കേഷൻ സംവിധാനമാണ് മസ്ക് കൊണ്ടുവന്ന പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്. അക്കൗണ്ടുകൾക്ക് എട്ട് ഡോളർ പ്രതിമാസ നിരക്കിൽ വെരിഫിക്കേഷൻ ബാഡ്ജും അധിക സൗകര്യങ്ങളും വാഗ്ദാനം ചെയ്യുകയാണ് ഇതിലൂടെ.അതിനിടെ, സർക്കാർ അക്കൗണ്ടുകൾക്കും പ്രശസ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും അക്കൗണ്ടുകൾക്കുമായി ഒഫിഷ്യൽ എന്നൊരു ഗ്രേ ടിക്ക് അവതരിപ്പിച്ചുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം അത് പിൻവലിച്ചു.
മറുനാടന് മലയാളി ബ്യൂറോ