- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അപെൻഡിക്സിന് പകരം നീക്കിയത് ഓവറി; സർജറി കഴിഞ്ഞ് ശരീരത്തിൽ ഉപേക്ഷിച്ചത് ഡ്രിൽബിറ്റും ഗ്ലൗസും; ലേസർ സർജറി ചെയ്തത് കണ്ണ് മാറി; ദിവസത്തിൽ ഒരു തെറ്റെങ്കിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടനിലെ ഹോസ്പിറ്റലുകളിൽ കഴിഞ്ഞ പത്തു വർഷം സംഭവിച്ചത് 4328 പാളിച്ചകൾ
ലണ്ടൻ: വികസിത രാജ്യങ്ങളിലെ ആരോഗ്യ രംഗം പിഴവറ്റതാണെന്ന ഒരു പൊതുബോധമുണ്ട്. അതുതന്നെയാണല്ലോ വിദഗ്ധ ചികിത്സകൾ തേടി വികസ്വര രാഷ്ട്രങ്ങളിൽ നിന്നുംപലരും അത്തരം രാജ്യങ്ങളിലേക്ക് പോകാൻ കാരണം. എന്നാൽ, എൻ എച്ച് എസ്സിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ ആ ധാരണകളെയൊക്കെ മാറ്റിമറിക്കുകയാണ്. ദിനംപ്രതി ചുരുങ്ങിയത് ഓരോ ചികിത്സാ പിഴവുകളെങ്കിലുമാണ് എൻ എച്ച് എസ്സിൽ നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
ഓരോ വർഷവും 800 മില്യൻ പൗണ്ട് വരെ നഷ്ടപരിഹാരം നൽകുന്നതിന് കാരണമാകുന്ന ഇത്തരം പിഴവുകൾ ഇല്ലാതെയാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജീവനക്കാരുടെ കുറവിനെയും എൻ എച്ച് എസ്സിൽ ആവശ്യത്തിന് നിക്ഷേപം നടത്താതിനെയുമാണ് ഇതിന് കാരണമായി അരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മെയിൽ ഓൺലൈൻ നടത്തിയ ഒരു കണക്കെടുപ്പിൽ കണ്ടെത്തിയത് 2013 മുതൽ ഉള്ള ഒരു ദശാബ്ദക്കാലത്തിനിടയിൽ 4,328 ചികിത്സാ പിഴവുകൾ എൻ എച്ച് എസ്സിൽ സംഭവിച്ചു എന്നാണ്. അതായത്, ഒരാഴ്‌ച്ചയിൽ എട്ടെണ്ണം വീതം.
സ്ത്രീകളുടെ അപെൻഡിക്സിന് പകരം ഓവറികൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത സംഭവങ്ങളും, പുരുഷന്മാർക്ക് ആവശ്യമില്ലാതെ ചേലാകർമ്മം നടത്തിയതും, അസുഖമില്ലാത്ത കണ്ണിനെ ലേസർ ഉപയോഗിച്ച് ചികിത്സിച്ചതുമായ നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ പലരുടെയും ശരീരത്തിനുള്ളിൽ നിന്നും, സ്‌കാപെൽസും സർജിക്കൽ ഗ്ലൗസും, എന്തിനധികം കോണ്ടം വരെ ലഭിച്ച സംഭവങ്ങളുണ്ട് എന്നതാണ് വാസ്ത്രവം.
മറ്റൊരു രസകരമായ കാര്യം, ചികിത്സിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരു തടവുകാരൻ രക്ഷപ്പെട്ടോടിയതാണ്. എൻ എച്ച് എസ്സിൽ സംഭവിക്കുന്ന ഇത്തരത്തിലുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി രോഗികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന മുറവിളി ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും, അതൊന്നും ഫലം കാണുന്നില്ല എന്നതാണ് വസ്തുത. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ, സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്ന് 2014-ൽ അന്നത്തെ ഹെൽത്ത് സെക്രട്ടറി ആയിരുന്ന ജെറെമി ഹണ്ട് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
റോംഗ് സൈറ്റ് സർജറി എന്ന് ഔദ്യോഗിക രേഖകളിൽ പരാമർശിക്കുന്ന, തെറ്റായ ഭാഗത്ത് ശസ്വ്ത്രക്രിയ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണെന്ന് ഒരു റിപ്പോർട്ടിൽ പറയുന്നു. 2022/23 കാലഘട്ടത്തിൽ ആഴ്‌ച്ചയിൽ മൂന്ന് വീതം റോംഗ് സൈറ്റ് സർജറികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം, ഇത്തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കാൻ കഴിയാത്തവയാണെന്ന് പറയുന്ന റോയൽ കോളേജ് ഓഫ് സർജൻസ്, ഇതിന് ഉത്തരവാദി എൻ എച്ച് എസ്സിലെ ജീവനക്കാരുടെ കുറവാണെന്ന് ചൂണ്ടിക്കാട്ടുന്നു.
2022/23 കാലഘട്ടത്തിൽ 384 ചികിത്സാ പിഴവുകളാണ് ഉണ്ടായിരിക്കുന്നത് എന്ന് എൻ എച്ച് എസ്സിന്റെ തന്നെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എൻ എച്ച് എസ്സിനു വേണ്ടി ചികിത്സകൾ ചെയ്യുന്ന സ്വകാര്യ സേവന ദാതാക്കളുടെ കണക്കുകൾ കൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വിരൽ മാറി ശസ്ത്രക്രിയ ചെയ്ത സംഭവം വരെ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.