- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിലെ ചാൾസ് രാജാവും വെയ്ൽസിന്റെ രാജകുമാരിയായ മരുമകൾ കെയ്റ്റും ചികിത്സയിൽ; ഉദരസംബന്ധമായ സർജറി നടത്തി കെയ്റ്റ് ഹോസ്പിറ്റലിലായപ്പോൾ ചാൾസ് രാജാവ് പ്രോസ്റ്റെയിറ്റ് ചികിത്സയ്ക്ക് ഒരുങ്ങുന്നതായി ബക്കിങ്ഹാം കൊട്ടാരത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ
ലണ്ടൻ: ഉദരസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ കെയ്റ്റ് രാജകുമാരി ആശുപത്രിയിൽ സുഖം പ്രാപിക്കുന്നതായി കെൻസിങ്ടൺ കൊട്ടാരം അറിയിച്ചു. പ്രോസ്ട്രേറ്റ് സംബന്ധമായ ചികിത്സയ്ക്കായി അടുത്തയാഴ്‌ച്ച ചാൾസ് രാജാവ് ആശുപത്രി സന്ദർശിക്കും എന്ന പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിന് ശേഷമാണ് കെയ്റ്റ് രാജകുമാരിയുടെ വിശേഷം കെൻസിങ്ടൺ വൃത്തങ്ങൾ പങ്കുവച്ചത്. രാജാവിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്ക വേണ്ടെന്നും പതിവ് ചികിത്സമാത്രമാണെന്നും അറിയിപ്പിൽ പറയുന്നു. ഏതായാലും അദ്ദേഹം സുഖം പ്രാപിക്കുന്നതുവരെ പൊതുചടങ്ങുകൾ എല്ലാം മാറ്റി വച്ചിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയയ്ക്കായി 42 കാരിയായ കെയ്റ്റ് രാജകുമാരിയെ ചൊവ്വാഴ്‌ച്ചയായിരുന്നു ലണ്ടൻ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം രാജകുമാരി സുഖം പ്രാപിച്ചു വരുന്നതായി കൊട്ടാരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 10 മുതൽ 14 ദിവസം വരെ കെയ്റ്റിന് ആശുപത്രിയിൽ ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പൂർണ്ണമായും സുഖം പ്രാപിച്ചതിന് ശേഷം മാത്രമെ കെയ്റ്റ് വീട്ടിലേക്ക് മടങ്ങുകയുള്ളു.
വീട്ടിൽ എത്തിയതിനു ശേഷവും രണ്ട് മൂന്ന് മാസങ്ങളോളം രാജകുമാരി വിശ്രമത്തിൽ ആയിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. അതിനു ശേഷം മാത്രമെ പൊതു പരിപാടികളിൽ രാജകുമാരി എത്തുകയുള്ളും. ഡോക്ടർമാരുടെ ഉപദേശപ്രകാരമാണിതെന്ന് കൊട്ടാരം വെളിപ്പെടുത്തി. അതുപോലെ, കെയ്റ്റ് ആശുപത്രിയിൽ ഉള്ള സമയത്തും, വീട്ടിൽ തിരിച്ചെത്തിയാൽ ആദ്യ കുറച്ചു നാളുകളിലേക്കും വില്യമും ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കില്ല.
ഭാര്യയ്ക്ക് പിന്തുണയുമായി കുറച്ചു നാൾ ഭാര്യയോടൊപ്പം തന്നെ ഉണ്ടാകാനാണ് വില്യം രാജകുമാരൻ ആഗ്രഹിക്കുന്നത്. അതുപോലെ അമ്മയുടെ സാമീപ്യം നഷ്ടപ്പെടുന്ന കുട്ടികൾക്ക് പിതാവിന്റെ സ്നേഹം പൂർണ്ണമായും നൽകാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഏത് രോഗവുമായി ബന്ധപ്പെട്ടായിരുന്നു കെയ്റ്റ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കുവാൻ കൊട്ടാരം വിസമ്മതിച്ചു. എന്നാൽ, കാൻസർ അല്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടയിലാണ് പ്രോസ്ട്രേറ്റുമായി ബന്ധപ്പെട്ട ചികിത്സക്കായി രാജാവ് ആശുപത്രി സന്ദർശിക്കുന്നത്. അടുത്തയാഴ്‌ച്ച ആയിരിക്കും ആശുപത്രി സന്ദർശനം എന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചിട്ടുണ്ട്. അതേസമയം, രാജാവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും കൊട്ടാരം വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്