രാജാവിന്റെ കാൻസറും മരുമകളും, വില്യം രാജകുമാരന്റെ പത്നിയുമായ കെയ്റ്റിന്റെ അസുഖങ്ങളും മൂലം ബ്രിട്ടനിലെ രാജകുടുംബം കടന്നു പോകുന്നത് അസാധാരണ സാഹചര്യങ്ങളിലൂടെയെന്ന് റിപ്പോർട്ടുകൾ; രാജാവും വില്യമും രാജകീയ കർത്തവ്യങ്ങളിൽ നിന്നും മാറി നിൽക്കുന്നു; ഗ്രീക് ചക്രവർത്തിയുടെ ഓർമ്മദിനത്തിലെ വില്യമിന്റെ അഭാവവും വാർത്തകളിൽ നിറയുന്നു
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: തന്റെ തലതൊട്ടപ്പൻ കൂടിയായ ഗ്രീസിലെ കോൺസ്റ്റന്റൈൻ രാജാവിന്റെ ഓർമ്മ ദിവസത്തെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വില്യം ഒഴിഞ്ഞുമാറിയതിന്റെ കാരണംരാജകുടുംബം വ്യക്തമാക്കണമെന്ന ആവശ്യം ഉയരുന്നു. വില്യം രാജകുമാരന്റെ അവസാന നിമിഷത്തിലെ പിന്മാറ്റം, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്നവർക്ക് പ്രചോദനം ഉണ്ടാക്കുന്നതാണെന്നും, നിലവിൽ ചില രാജകുടുംബാംഗങ്ങൾ ആരോഗ്യ പ്രശ്നങ്ങളിൽ വലയുമ്പോൾ അത്തരം സിദ്ധാന്തങ്ങൾ പ്രചരിക്കുന്നത് നല്ലതിനല്ല എന്നും രാജകുടുംബ ആരാധകർ പറയുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ രാജകുടുംബം മൗനം വെടിയണം എന്നാണ് അവർ ആവശ്യപ്പെടുന്നത്.
കാൻസർ ചികിത്സയിലായിരുന്ന ചാൾസ് രാജാവ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. വ്യക്തമാക്കാത്ത ചില വ്യക്തിപരമായ കാരണങ്ങളാൽ വില്യമും പങ്കെടുക്കാതായപ്പോഴാണ് പ്രശ്നം ചൂടുപിടിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന രാജകുടുംബാംഗം കാമില രാജ്ഞി ആയിരുന്നു. മറ്റ് രാജകുടുംബാങ്ങൾ വിൻഡ്സർ കാസിലിലെ സെയിന്റ് ജോർജ്ജ് ചാപ്പലിലേക്ക് നടന്നെത്തിയപ്പോൾ അതിന് നേതൃത്വം നൽകിയ ആൻഡ്രൂ രാജകുമാരനും ശ്രദ്ധേയനായി.
വില്യം രാജകുമാരന്റെ അസാന്നിദ്ധ്യത്തെ കുറിച്ച് കൂടുതൽ വിശദീകരണമൊന്നും നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ പത്നി കെയ്റ്റ് രാജകുമാരി കഴിഞ്ഞ മാസം ഒരു ഉദര ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ കാരണമാണോ വില്യം ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്നതും വ്യക്തമല്ല. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ രാജകുമാരി വീട്ടിൽ സുഖമായി വിശ്രമിക്കുകയാണെന്നാണ് രാജകുടുംബ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
രാജകുടുംബാംഗങ്ങൾക്ക് തങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കുവാൻ എല്ലാ സ്വാതന്ത്ര്യവും അവകാശവും ഉണ്ടെന്ന് പറഞ്ഞ, രാജകുടുംബ ചരിത്രകാരൻ ഫിൽ ഡാംപിയർ മെയ്ൽ ഓൺലൈനിനോട് പറഞ്ഞത് എന്നാൽ ഇപ്പോഴുള്ളത് അസാധാരണമായ സാഹചര്യമാണ് എന്നാണ്. രാജാവിന്റെയും കെയ്റ്റ് രാജകുമാരിയുടെയും ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോൾ വില്യമിന്റെ അസാന്നിദ്ധ്യത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിൽ അത് പല ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും വഴി തെളിക്കുമെന്നും ഫിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം, കെയ്റ്റ് രാജകുമാരിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു ഗ്രീക്ക് പ്രസിദ്ധീകരണത്തിൽ വന്ന റിപ്പോർട്ട് പരാമർശിച്ച് ഫിൽ പറഞ്ഞത് അതിനൊന്നും തെളിവുകൾ ഇല്ലെങ്കിലും ഇത്തരം കിംവദന്തികൾക്ക് ലോകം മുഴുവൻ അതിവേഗം പ്രചാരം നേടാൻ കഴിയുമെന്നാണ്. കെയ്റ്റ് അതിവേഗം സുഖം പ്രാപിക്കുന്നു എന്ന് കൊട്ടാരം പറയുന്നു. രാജാവ് ചികിത്സക്കായിരിക്കാം, ലണ്ടനിലെത്തിയത് നമ്മൾ കാണുകയും ചെയ്തു എന്ന് പറഞ്ഞ ഫിൽ ചടങ്ങിൽ നിന്നു വിട്ടു നിൽക്കാൻ മാത്രം പ്രാധാന്യമുള്ള കാരണം എന്താണ് വില്യമിനുള്ളത് എന്ന് മനസ്സിലാകുന്നില്ല എന്നും പറഞ്ഞു.
കൊട്ടാരം വൃത്തങ്ങളുടെ ഇക്കാര്യത്തിലുള്ള നിശബ്ദത കഥ മെനയലുകാർക്ക് ഏറെ സൗകര്യങ്ങൾ ഒരുക്കുന്നുവെന്ന് മറ്റൊരു കൊട്ടാരം ചരിത്രകാരനായ റിച്ചാർഡ് ഫിറ്റ്സ്വില്യംസും പറയുന്നു. ഊഹോപോഹങ്ങൾ പ്രചരിക്കാതിരിക്കാൻരാജകുടുംബം മൗനം ഭഞ്ജിക്കണമെന്ന് അദ്ദേഹവും ആവശ്യപ്പെടുന്നു.
മറുനാടന് ഡെസ്ക്