കോഴിക്കോട്: കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി 160 ഓളം തീര്‍ത്ഥാടകരെ ഉംറക്ക് കൊണ്ടുപോയി, തട്ടിപ്പു നടത്തിയ അഷ്റഫ് സഖാഫിക്ക് ഇപ്പോഴും സുഖവാസം. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് പുറത്തായിട്ടും അഷ്റഫ് സഖാഫി വെല്ലുവിളിക്കയാണ്. താന്‍ ഇനിയും ഉംറ പാക്കേജ് നടത്തുമെന്ന് അഷറഫ് സഖാഫിയുടെ ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്. പൊലീസ് ഇയാള്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. പക്ഷേ അഷ്റഫ് സഖാഫി എവിടെയാണെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ല.

അഷ്റഫ് സഖാഫിയുടെ ഉടമസ്ഥതയിലുള്ള, മംഗലാപുരം പുത്തൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുഹമ്മദീയ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറക്ക് പോയവര്‍ക്കാണ് പാതിവഴിയില്‍ കുടുങ്ങിയത്. തീര്‍ത്ഥാടകരെ മദീനയില്‍ ഉപേക്ഷിച്ച് ഏജന്റായ, അഷ്റഫ് സഖാഫി പണവുമായി മുങ്ങുകയായിരുന്നു. ടിക്കറ്റ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് പുറത്ത് പോയി സഖാഫി നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതോടെ പ്രായമായവരും കാന്‍സര്‍ രോഗികളും അടക്കം കൊടും തണുപ്പില്‍ പെരുവഴിയിലായി.

കണ്ണൂര്‍, കാസര്‍കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നായി 160 ഓളം പേരാണ് മുഹമ്മദീയ ഹജ്ജ് ഗ്രൂപ്പ് വഴി ഉംറയ്ക്ക് പോയത്. 65,000 ത്തോളം രൂപ നല്‍കി 15 ദിവസത്തെ പാക്കേജിലാണ് സൗദിയില്‍ എത്തിയത്. അഷ്റഫ് സഖാഫിയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ സന്ദര്‍ശിച്ച സംഘം മദീനയില്‍ എത്തി. ഇതിനിടെയാണ് മടക്കയാത്രയ്ക്ക് ടിക്കറ്റ് ശരിയാക്കാനെന്ന് പറഞ്ഞ് ഇയാള്‍ കോഴിക്കോടേക്ക് മുങ്ങിയത്.



തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റും ഹജ്ജ് ഉംറ മന്ത്രാലയവും ഇടപെട്ടാണ് ഇവര്‍ക്ക് ഭക്ഷണവവും താമസവും ഏര്‍പ്പാടാക്കിയത്. സമ്മര്‍ദ്ദത്തിന്റെ ഫലമായി ഏജന്‍സി ബുക്ക് ചെയ്ത ടിക്കറ്റാകട്ടെ മദീനയില്‍ നിന്നും 12,00 കിമി അകലെ ദമാം വഴിയായിരുന്നു. മൂന്ന് വിമാനങ്ങളിലായാണ്, യാത്ര ഷെഡ്യൂള്‍ ചെയ്തിരിന്നത്്. മൂന്ന് ബസുകളിലായി ഇവരെ മദീനയില്‍നിന്ന് ദമ്മാമിലേക്ക് യാത്രയാക്കിയെങ്കിലും, കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന്, രണ്ടുവിമാനങ്ങളും നഷ്ടമായി.

മൂന്നാമത്തെ കണ്ണൂര്‍ വിമാനം എട്ടുമണിക്കുറിലേറെ വൈകുകയും ചെയ്തു. ഇതോടെ മുഴുവന്‍ പേരും കഴിഞ്ഞ ദിവസം ദമാം വിമാനത്താളവത്തില്‍ കുടുങ്ങി. സ്വകാര്യ ടാക്സിയില്‍ യാത്ര ചെയ്ത ഏതാനും പേര്‍ക്ക് മാത്രമാണ് വിമാനം ലഭിച്ചത്. ബാക്കിയുള്ളവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവര്‍ക്ക് ഭക്ഷണംപോലും മലയാളി സന്നദ്ധ സംഘടനകള്‍ എത്തിക്കയായിരുന്നു. വിമാനം നഷ്ടമായവര്‍ പിന്നീട് സ്വന്തമായും, സന്നദ്ധ സംഘടനകള്‍ വഴിയും ബന്ധുക്കള്‍ മുഖേനെയും ടിക്കറ്റുകള്‍ ലഭ്യമാക്കിയാണ് മറ്റു വിമാനങ്ങളില്‍ യാത്രയായത്.

കൊടിയ തട്ടിപ്പാണ് സഖാഫിയുടെ നേതൃത്വത്തില്‍ നടന്നത്.സംസം വെള്ളത്തിന്് സഖാഫി ഈടാക്കിയത് 100 മുതല്‍ 150റിയാല്‍ വരെയായിരുന്നു. സൗദി റിയാല്‍, ഇന്ത്യന്‍ രൂപയാക്കി മാറി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്, പതിനായിരത്തോളം റിയാല്‍ കൈപ്പറ്റിയതായും, തീര്‍ത്ഥാടകര്‍ പരാതിപ്പെട്ടു. ഇതേ ഏജന്‍സ് നാലുമാസം മുമ്പ്, ഉംറ തീര്‍ത്ഥാടകരുമായി എത്തിയപ്പോഴും, സമാന സംഭവങ്ങള്‍ നടന്നയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ദമാമില്‍ ഉംറ ഹജ്ജ് സേവനങ്ങള്‍ നല്‍കിയിരുന്നു അഷ്റഫ് സഖാഫി, ഹജ്ജിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ ഇത്രയധികം പരാതികള്‍ വന്നിട്ടും അധികൃതര്‍ കാര്യമായ നടപടി എടുക്കുന്നില്ല. അതിനിടെ സംഭവം ഒത്തുതീര്‍പ്പാക്കാനും, ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.