ന്യൂഡൽഹി: ഇന്ത്യൻ തെരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട സുപ്രധാന വിധികളിൽ ഒന്നാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ വിവരങ്ങൽ പൊതുജനങ്ങൾ അറിയേണ്ട കാര്യമില്ലെന്ന രാഷ്ട്രീയ തീരുമാനം എടുത്തുവർക്കുള്ള തരിച്ചടിയാണ് ഇലക്ട്രൽ ബോണ്ട് കേസിലെ വിധി. കേന്ദ്രസർക്കാർ മുൻകൈയെടുത്തു കൊണ്ടുവന്ന സംവിധാനത്തിലെ ഭരണഘടനാ വിരുദ്ധമായ കാര്യങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

പൗരന്റെ അറിയാനുള്ള അവകാശത്തിനാണ് കോടതി മുൻതൂക്കം നൽകിയത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നവർക്ക് ആ പാർട്ടിയുടെ നയങ്ങളെ സ്വാധീനിക്കാൻ സാധിക്കുമെന്നും കോടതി നിരീക്ഷിക്കുന്നു. അതുകൊണ്ട് തന്നെ രാഷ്ട്രീയ സംഭാവനകൾ സുതാര്യമാകണെന്നാണ് കോടതി അടിവരയിട്ടു പറയുന്നത്. ഇലക്ട്രൽ ബോണ്ട് നടപ്പിലാക്കാൻ വേണ്ടി സർക്കാർ കമ്പനി നിയമങ്ങളിൽ അടക്കം മാറ്റം വരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത് കേന്ദ്രസർക്കാറിന് കനത്ത തിരിച്ചടിയായി.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമായ രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളുടെ വോട്ട് സംബന്ധിച്ച തെരഞ്ഞെടുപ്പിനേയും സ്വാധീനിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇലക്ട്രറൽ ബോണ്ടിലേക്ക് സംഭാവന നൽകുന്നവരുടെ പേര് രഹസ്യമായി വെക്കുന്നത് വിവരാവകാശ നിയമത്തിന്റേയും ഭരണഘടനയുടെ 19(1)എ വകുപ്പിന്റേയും ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

നയരൂപീകരണത്തിൽ ഉൾപ്പടെ ഇങ്ങനെ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നവർ ഇടപെടാൻ സാധ്യതയുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള ഏകപോംവഴി ഇലക്ട്രറൽ ബോണ്ടല്ലെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എസ്‌ബിഐ പുറപ്പെടുവിക്കുന്ന ഇലക്ടറൽ ബോണ്ടുകൾ, വാങ്ങുന്നവരുടെ വിവരങ്ങളൊന്നും പുറത്തു വിടാതെ രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്ന സംവിധാനമാണിത്.

ഇതുവരെയുള്ള ഇലക്ട്രൽ ബോണ്ടിന്റെ വിവരങ്ങൾ പരസ്യപ്പെടുത്താനും എസ്.ബി.ഐക്ക് സുപ്രിംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു നൽകാനാണ് എസ്‌ബിഐയ്ക്ക് കോടതിക്ക് നിർദ്ദേശം നൽകിയത്. അടുത്ത മാസം 31ന് അകം ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു. ഐക്യകണ്‌ഠേനയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചു രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇലക്ടറൽ ബോണ്ടുകളുടെ രഹസ്യ സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നതായി പരാതിക്കാർ ചൂണ്ടിക്കാട്ടി.

2023 നവംബർ 2നു കേസ് പരിഗണിച്ച ബെഞ്ച് മൂന്നു ദിവസം നീണ്ട ഹിയറിങ്ങിനു ശേഷം വിധി പറയുന്നത് മാറ്റിവച്ചിരുന്നു. മാത്രമല്ല, വിധി പറയുന്നതിനു മുൻപ് 2023 സെപ്റ്റംബർ 30 വരെ ഇലക്ടറൽ ബോണ്ട് വഴി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ ഹാജരാക്കണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകിയിരുന്നു. അതേസമയം, സംഭാവനയുമായി ബന്ധപ്പെട്ടു കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും നേരത്തേ കോടതിയിൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു. സംഭാവന നൽകുന്നവരുടെ സ്വകാര്യത മാനിക്കണമെന്നു കേന്ദ്രം വാദിച്ചു. എന്നാൽ സുതാര്യത ഉറപ്പുവരുത്താൻ പേരുകൾ വെളിപ്പെടുത്തണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടായിരുന്നത്. ഈ വാദമാണ് സുപ്രംകോടതി വിധിയോടെ ഇപ്പോൽ തകർന്നിരിക്കുന്നത്.

എന്താണ് ഇലക്ടറൽ ബോണ്ട്?

രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതു സുതാര്യമാക്കാൻ കഴിഞ്ഞ 2018ലെ പൊതു ബജറ്റിലാണ് കടപ്പത്ര പദ്ധതി (ഇലക്ടറൽ ബോണ്ട്) കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. 2018 ജനുവരി 2 മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്നു കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്തികൾക്ക് ഒറ്റയ്ക്കോ സംഘമായോ വാങ്ങാനും സാധിക്കും.

2017ൽ ധന നിയമത്തിലൂടെയാണ് കേന്ദ്രം ഇലക്ടറൽ ബോണ്ട് സംവിധാനം നടപ്പിലാക്കിയത്. പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിത തുകക്ക് ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും സംഭാവന നൽകാം. 1,000 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് ബോണ്ടുകളുടെ മൂല്യം. ഇതിനായി ആർബിഐ നിയമം, ആദായനികുതി നിയമം, ജനപ്രാതിനിധ്യനിയമം എന്നിവ ഭേദഗതി ചെയ്തിരുന്നു. കേന്ദ്ര സർക്കാർ പാസാക്കിയ പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരം ആരാണ് പണം നൽകിയതെന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല.

പാർട്ടികൾക്ക് ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കാൻ സാധിക്കും. ഷെൽ കമ്പനികൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനകൾ നൽകാൻ കഴിയുമെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കാൻ കഴിയുമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

ഇലക്ട്രൽ ബോണ്ടിലെ വ്യവസ്ഥകൾ

പലിശയില്ലാത്ത കടപ്പത്രം ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ കമ്പനികൾക്കും വാങ്ങാമെന്നതായിരുന്നു ഇലക്ട്രൽ ബോണ്ടിലെ വ്യവസ്ഥ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്ചിത ശാഖകളാണു നൽകുക. 1000, 10,000, 1,00,000 , 10,00,000, 1,00,00,000 എന്നിങ്ങനെ എത്ര രൂപയ്ക്കു വേണമെങ്കിലും വാങ്ങാം. ഇടപാടുകാരന്റെ വിശദാംശങ്ങൾ (കെവൈസി) സംബന്ധിച്ച വ്യവസ്ഥ പാലിക്കുന്നവർക്ക്, ബാങ്ക് അക്കൗണ്ടിൽനിന്നു പണം നൽകി വാങ്ങാം. വാങ്ങുന്നയാളുടെ പേരു കടപ്പത്രത്തിൽ രേഖപ്പെടുത്തില്ല. ഇലക്ട്രൽ ബോണ്ടുകളുടെ മൂല്യം 15 ദിവസത്തേക്കു മാത്രമായിരുക്കും.

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനമെങ്കിലും വോട്ടു നേടിയ, രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കാണ് ഇങ്ങനെ സംഭാവന സ്വീകരിക്കാവുന്നത്. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ 10 ദിവസം വീതമാണു ബാങ്ക് കടപ്പത്രം നൽകുക. പൊതുതിരഞ്ഞെടുപ്പിന്റെ വർഷത്തിൽ 30 ദിവസത്തെ അധികസമയം അനുവദിക്കാമെന്നും വ്യവസ്ഥ ചെയ്തിരുന്നു. കമ്മിഷനെ മുൻകൂട്ടി അറിയിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പാർട്ടിക്കു കടപ്പത്രം മാറ്റിയെടുക്കാനാവൂ. കടപ്പത്രത്തിലൂടെ ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനു ലഭ്യമാക്കണം. കടപ്പത്രത്തിൽ പേരില്ലെങ്കിലും, അതു വാങ്ങുന്നവരുടെ ബാലൻസ് ഷീറ്റിൽ വിവരങ്ങളുണ്ടാവും. ആര്, ഏതു പാർട്ടിക്കു സംഭാവന നൽകി എന്നതു മാത്രമാവും അറിയാൻ സാധിക്കുക.

ഇലക്ട്രൽ ബോണ്ടിൽ കൂടുതൽ തുക കിട്ടിയത് ബിജെപിക്ക്

അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്കാണ് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്. 1300 കോടി ബിജെപിക്ക് ലഭിച്ചെന്നായിരുന്നു വാർത്തകൾ. 2022 -23 സാമ്പത്തിക വർഷത്തിലായിരുന്നു ഇലക്ടറൽ ബോണ്ടുകളിലൂടെ മാത്രം ബിജെപിക്ക് ഇത്രയും തുക ലഭിച്ചത്. ഇതേ രീതിയിൽ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ഏഴു മടങ്ങ് തുകയാണ് ബിജെപി നേടിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിജെപിയുടെ മൊത്തം സംഭാവന 2120 കോടി രൂപയായിരുന്നു. ഇതിൽ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് തിരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച പാർട്ടിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021-22 വർഷത്തിൽ ബിജെപിക്ക് ലഭിച്ച മൊത്തം സംഭാവന 1775 കോടി രൂപയായിരുന്നു.

അതേവർഷം വർഷത്തിൽ 1917 കോടി രൂപയായിരുന്ന പാർട്ടിയുടെ മൊത്ത വരുമാനം 2022-23ൽ 2360.8 കോടി രൂപയായി. അതേസമയം, 2021-22 വർഷത്തിൽ 236 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിൽനിന്ന് സമാഹരിച്ച കോൺഗ്രസിന് കഴിഞ്ഞ വർഷം കിട്ടിയത് 171 കോടി രൂപ മാത്രമാണ്. സമാജ്വാദി പാർട്ടിക്ക് 2022-23 ൽ ബോണ്ടുകളിൽ സംഭാവന ലഭിച്ചില്ല.

തെലുഗുദേശം പാർട്ടിക്ക് മുൻ വർഷത്തേക്കാൾ പത്തിരട്ടി തുക കിട്ടി. 2021-22ൽ 135 കോടി രൂപയാണ് ബിജെപിക്ക് നിക്ഷേപത്തിന് പലിശയായി ലഭിച്ചത്. കഴിഞ്ഞ വർഷം പലിശ 237 കോടി രൂപയായി ഉയർന്നു. വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും ഉപയോഗത്തിനായി ബിജെപി 78.2 കോടി രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.