- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാത്തലവൻ ബോസുമായി ചങ്ങാത്തമുണ്ടാക്കി, പണമിടപാട് നടത്തിയ ഡിവൈ.എസ്‌പിയെയും പൊലീസുകാരെയും കണ്ടെത്തിയ കോട്ടയം എസ്പിയെ തെറിപ്പിച്ചു; സസ്പെൻഡ് ചെയ്യാനുള്ള ഐ.ജിയുടെ ശുപാർശയും പൂഴ്ത്തി; പൊലീസിന്റെ നിയന്ത്രണം ആരുടെ കൈയിൽ ?
കോട്ടയം: കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട, ബോസുമായി ചങ്ങാത്തമുണ്ടാക്കുകയും അയാൾക്കായി കേസൊതുക്കുകയും മാസപ്പടി വാങ്ങുകയും ചെയ്ത ഡിവൈ.എസ്‌പിയെയും ഇൻസ്പെക്ടറെയും രണ്ട് പൊലീസുകാരെയും കണ്ടെത്തി സർക്കാരിന് റിപ്പോർട്ട് നൽകിയ കോട്ടയം എസ്‌പി ഡി.ശിൽപ്പയെ കോട്ടയത്തു നിന്ന് തെറിപ്പിച്ചു. കുറ്റക്കാരായ പൊലീസുകാരെ സുരക്ഷിത ലാവണങ്ങളിലേക്ക് സ്ഥലംമാറ്റിയും രക്ഷപെടുത്തി.
ചങ്ങനാശേരി ഡിവൈഎസ്‌പിയായിരുന്ന ശ്രീകുമാറിനെ അവിടെ നിന്ന് സ്ഥലംമാറ്റുകയും സൈബർ സെൽ ഇൻസ്പെക്ടർ എം.ജെ അരുൺ, എഎസ്ഐമാരായ പിഎൻ മനോജ്, അരുൺ കുമാർ എന്നിവരെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുകയും മാത്രമാണ് ചെയ്തത്. ഇവരെയെല്ലാം സസ്പെൻഡ് ചെയ്യണമെന്ന് ദക്ഷിണമേഖലാ ഐ.ജി പി.പ്രകാശ്, ഡി.ജി.പി അനിൽകാന്തിന് നൽകിയ ശുപാർശ പൂഴ്‌ത്തുകയും ചെയ്തു. ഗുണ്ടാ ബന്ധം കണ്ടെത്തിയ എസ്‌പി ശിൽപ്പയെ തിരുവനന്തപുരം റൂറലിലേക്കാണ് മാറ്റിയത്. ഭരണകക്ഷിയിലെ പ്രമുഖരെ കൂട്ടുപിടിച്ച് സസ്പെൻഷൻ അടക്കമുള്ള നടപടികളിൽ നിന്ന് ഒഴിവാകാനുള്ള ശ്രീകുമാറിന്റെ ശ്രമം വിജയിക്കുകയായിരുന്നു.
ചങ്ങാനാശേരി ഡിവൈ.എസ്‌പി ആർ.ശ്രീകുമാറും, സൈബർസെല്ലിലെ ഒരു സിഐയും കോട്ടയത്തെ രണ്ട് പൊലീസുകാരും ഗുണ്ടകളുമായി വഴിവിട്ട ബന്ധമുണ്ടാക്കിയെന്നാണ് ശിൽപ്പ കണ്ടെത്തിയത്. ശ്രീകുമാർ നേരത്തേ കോട്ടയത്ത് ഡിവൈ.എസ്‌പിയായിരുന്നു. ഗുണ്ടാത്തലവൻ അരുൺ ഗോപനിൽ (ബോസ്) നിന്ന് മാസപ്പടി വാങ്ങി. പൊലീസിന്റെ രഹസ്യനീക്കങ്ങൾ ഗുണ്ടകൾക്ക് ചോർത്തി നൽകിയെന്നും നൽകിയെന്നും ഒരു കേസിൽ പിടികൂടിയപ്പോൾ ജാമ്യം ലഭിക്കാൻ ഒത്താശ ചെയ്തെന്നുമാണ് കോട്ടയം എസ്‌പിയുടെ സ്പെഷ്യൽ റിപ്പോർട്ട്.
അടുത്തിടെ ഒരു ഹണിട്രാപ്പ് കേസിൽ പിടിയിലായപ്പോഴാണ്, ഉന്നത പൊലീസുദ്യോഗസ്ഥരുമായുള്ള ചങ്ങാത്തം പുറത്തായത്. തങ്ങളുമായുള്ള ചങ്ങാത്തം മറ്റ് പൊലീസുകാരോട് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട്, തന്റെ അധികാര പരിധിയിൽ അല്ലാതിരുന്നിട്ടും ഡിവൈ.എസ്‌പി ശ്രീകുമാർ കോട്ടയത്തെത്തി ലോക്കപ്പിൽ പൂട്ടിയിട്ടിരുന്ന ഗുണ്ടയെ ഭീഷണിപ്പെടുത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ഒട്ടേറെ കേസുകളിൽ ഈ സംഘം ഗുണ്ടയെ സഹായിച്ചിട്ടുണ്ടെന്നും പൊലീസിന്റെ നീക്കങ്ങൾ ചോർത്തി നൽകിയെന്നും കണ്ടെത്തി.
കൊലപാതകം, മോഷണം, പിടിച്ചുപറിക്കൽ, വധശ്രമം, ക്വട്ടേഷൻ എന്നിങ്ങനെ മുപ്പതോളം കേസുകളിൽ പ്രതിയാണ് അരുൺഗോപൻ(31). കോട്ടയം ഈസ്റ്റ് പൊലീസ് ഒരു ഹണിട്രാപ്പ് കേസിൽ ഇയാളെ പിടികൂടിയപ്പോഴാണ് ഡിവൈ.എസ്‌പിയടക്കം ഉന്നതരുടെ പേരുപറഞ്ഞ് പൊലീസുകാരെ വിരട്ടിയത്. ഒന്നരവർഷമായി ഒളിവിലിരുന്ന് കോട്ടയത്തെ ഗുണ്ടാപ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഇയാളെ മേയിൽ കോട്ടയം എസ്‌പിയുടെ സ്‌ക്വാഡാണ് പിടികൂടിയത്. മയക്കുമരുന്ന് ഇടപാടുകൾ, വാഹനതട്ടിപ്പ്, കൊള്ളപ്പലിശ കേസുകളുമുണ്ട്. മലബാറിലേക്ക് താവളം മാറ്റിയിരുന്നു. മഞ്ചേരിയിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത്.
ശ്രീകുമാറിന് മദ്യ - ബ്ളേഡ് മാഫിയകളുമായി ബന്ധമുണ്ടെന്ന വിവരം സ്പെഷ്യൽ ബ്രാഞ്ച് പലതവണ അറിയിച്ചിട്ടും നടപടിയുണ്ടായിരുന്നില്ല. ഭരണം മാറിയതോടെ കടുത്ത സി പി എം സഹയാത്രികനായി മാറിയ ശ്രീകുമാർ പാർട്ടിയിലെ ഉന്നതരുമായി ഉണ്ടാക്കിയെടുത്ത അടുപ്പമാണ് ഇപ്പോൾ തുണയാകുന്നത്. അതേസമയം സ്ഥലം മാറ്റിയാലും ലോ ആൻഡ് ഓർഡറിൽ തന്നെയായിരിക്കുമെന്ന് ശ്രീകുമാർ വീമ്പ് പറഞ്ഞ് നടക്കുന്നുണ്ട്.
കോട്ടയം ഡിവൈ.എസ്‌പിയായിരിക്കെ ശ്രീകുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രമുഖ കോൺഗ്രസ് നേതാവ് ആഭ്യന്തരവകുപ്പിന് നൽകിയ പരാതി പിൻവലിപ്പിക്കാനുള്ള സ്വാധീനം പോലും നേടിയെടുത്തിരുന്നു. ഗുണ്ടാ മാഫിയ ബന്ധത്തോടെ കോട്ടയത്തും പിന്നീട് ചങ്ങനാശേരിയിലും അഴിഞ്ഞാടാൻ ശ്രീകുമാറിന് അവസരമൊരുക്കിയതും രാഷ്ട്രീയ ബന്ധമാണ്. അരുൺ ഗോപനുമായി സാമ്പത്തിക ഇടപാട് നടത്തിയത് ശ്രീകുമാർ മാത്രമാണെന്നാണെന്നാണ് സൂചന. ബാക്കി മൂന്ന് പൊലീസുകാരെ അരുൺ ഗോപൻ ഫോണിൽ വിളിച്ചിരുന്നതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
എന്നാൽ അന്നത്തെ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവരും അരുൺ ഗോപനുമായി ഫോണിൽ സംസാരിച്ചെന്നാണ് സൂചന. അരുൺ ഗോപന്റെ ശത്രു അലോട്ടി കഞ്ചാവ് കടത്തുന്നെന്ന വിവരം അറിയിക്കാനായി തങ്ങളെ വിളിച്ചെന്നാണ് ഇവരുടെ വിശദീകരണം. ഇവർ ഒഴിഞ്ഞു മാറിയതോടെ ഈ കഞ്ചാവ് പിടികൂടാൻ മറ്റൊരു പൊലീസ് സംഘമാണ് പിന്നീട് അരുണിന്റെ വാഹനത്തിൽ ബംഗളൂരുവിലേക്ക് പോയത്. ഗുണ്ടയുടെ വാഹനം ഉപയോഗിക്കുന്നത് ഗുരുതര വീഴ്ചയാണെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്