- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി 4.17 ലക്ഷം നഷ്ടപരിഹാരം നൽകണം
പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ നാശനഷ്ടം നേരിട്ട വീടിന് വാല്യൂവേറ്റർ കണക്കാക്കിയ നഷ്ടപരിഹാരത്തുക നൽകാത്ത ഇൻഷുറൻസ് കമ്പനിക്കെതിരേ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ വിധി. യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി കെട്ടിടം ഉടമയ്ക്ക് 4.17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്ന് ഉത്തരവിട്ടു.
കോയിപ്രം കുറ്റിക്കാട്ട് കിഴക്കേതിൽ യോഹന്നാൻ വർഗീസ് നൽകിയ ഹർജിയിലാണ് കമ്മിഷന്റെ വിധി. എസ്.ബി.ഐ കുമ്പനാട് ബ്രാഞ്ച് മുഖേനെ ഹൗസിങ് ലോൺ എടുത്താണ് യോഹന്നാൻ വർഗീസ് വീട് നിർമ്മിച്ചത്. ഈ സമയത്ത് വീടിന്റെ സംരക്ഷണത്തിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഇൻഷുറൻസ് എടുത്തിരുന്നു. പ്രകൃതിക്ഷോഭമോ മറ്റേതെങ്കിലും രീതിയിലോ വീടിന് നാശനഷ്ടം സംഭവിച്ചാൽ പരിരക്ഷ കിട്ടുന്നതിന് വേണ്ടിയാണ് ഇൻഷുറൻസ് എടുത്തത്.
2018 ലെ മഹാപ്രളയത്തിൽ വെള്ളം കയറി വീടിന് നാശനഷ്ടം നേരിട്ടു. ഈ വിവരം ഇൻഷുറൻസ് കമ്പനിയെ അറിയിച്ചു. കമ്പനി നിയോഗിച്ച വാല്യുവേറ്റർ വീടിന് 4,43,446 രൂപയുടെ നാശനഷ്ടം തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകി. എന്നാൽ, വീട്ടുടമയ്ക്ക് കമ്പനി നൽകിയ നഷ്ടപരിഹാരം വെറും 61,500 രൂപയാണ്. തുക കുറഞ്ഞു പോയ വിവരം ചൂണ്ടിക്കാട്ടിയാണ് യോഹന്നാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.
ഇരുകൂട്ടരും കമ്മിഷനിൽ ഹാജരായി തങ്ങളുടെ വാദങ്ങൾ നിരത്തി. വെള്ളപ്പൊക്കത്തിൽ വീടിനും ഉപകരണങ്ങൾക്കും വലിയ നാശനഷ്ടം നേരിട്ടുവെന്നും കമ്പനി നിയോഗിച്ച വിദഗ്ധൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അത് മറച്ചു വച്ചാണ് നാമമാത്രമായ തുക നഷ്ടപരിഹാരം നൽകിയിട്ടുള്ളതെന്നും ഗീവർഗീസ് വാദിച്ചു.
പരാതിക്കാരന്റെ വാദം ശരിയാണെന്ന് ബോധ്യമായ കമ്മിഷൻ 61,500 രൂപ കുറവാണെന്ന് കണ്ടെത്തി. നാശനഷ്ടങ്ങളുടെ കണക്കിൽ 3,81,946 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവ് 10,000 രൂപയും ചേർത്ത് 4.17 ലക്ഷം പരാതിക്കാരന് ഇൻഷുറൻസ് കമ്പനി നൽകണമെന്നാണ് കമ്മിഷൻ ഉത്തരവ്.