കോഴിക്കോട്: കുട്ടികളിൽ ശാസ്ത്രബോധവും അന്വേഷണത്വരയും ഗവേഷണ-നിരീക്ഷണ ബുദ്ധിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സ്‌കുൾ ശാസ്ത്രമേളകൾ നടക്കുന്നത്. എന്നാൽ സത്യത്തിൽ ഇവ അശാസ്ത്രീയത പ്രചരിപ്പിക്കുന്ന വെറും പാഴ്‌ച്ചെലവായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കാണുന്നത്. ഒന്നാമതായി കുട്ടികളുടെ ഭാഗത്തുനിന്ന് യാതൊരു ഇന്നവേഷനും ഇവിടെ നടക്കുന്നില്ല. ചുരുക്കം ചില സ്‌കൂളുകളിൽ ഒഴികെ മറ്റൊന്നിലും ശാസ്ത്രമേളയുടെ വർക്കിങ്ങ് മോഡലുകൾ ഉണ്ടാക്കുന്നതിൽ കുട്ടികൾക്ക് യാതൊരു പങ്കുമില്ല എന്നതാണ് യാഥാർഥ്യം.

നടക്കുന്നത് വെറും കോപ്പിയടി

മുൻവർഷങ്ങളിൽ ഒന്നാം സമ്മാനം കിട്ടിയ മോഡലുകൾ മാറ്റിയെടുത്ത് നിർമ്മിക്കയാണ് പലയിടത്തും നടക്കുന്നത്. ഇതിനായി സ്പെഷ്യലൈസ്ഡ് ആയ അദ്ധ്യാപകർ ഇത്തരം സ്‌കൂളുകളിൽ ഉണ്ട്. അവർ പുറമെ നിന്നുള്ള വിദഗ്ധരെക്കൊണ്ട് ഡിസൈൻ ചെയ്യിക്കുന്ന മോഡലുകൾ, തത്ത പറയുന്ന പോലെ കാണാപ്പാഠം പഠിച്ച് കുട്ടികൾ അവതരിപ്പിക്കയാണ് ചെയ്യുന്നത്. അതായതത് കഴിവല്ല, കാശ്മുടക്കാനുള്ള കഴിവാണ് ശാസ്ത്രമേളകളിൽ നിർണ്ണായകം ആവുന്നത് എന്നാണ് ഒരു വിഭാഗം അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ ഇത്തരം മോഡലുകളുടെ ആശയങ്ങൾ ഫീസടച്ചാൽ ഓൺലൈനായി ഡെമോ കാണിച്ചു കൊടുക്കുന്നവരുമുണ്ട്. ബാംഗ്ലൂർ കേന്ദ്രീകരിച്ച ചില എജുക്കേഷൻ ആപ്പുകളും ഇങ്ങനെ ചെയ്യുന്നുണ്ട്.

ഇതിന്റെയൊക്കെ ഭാഗമായി യഥാർഥത്തിലുള്ള കുട്ടികളുടെ ബുദ്ധിയും ഭാവനയും വന്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. അദ്ധ്യാപകരുടെയും, ടെക്കികളുടെയും ഭാവനക്ക് അനുസരിച്ച് കാര്യങ്ങൾ ഉണ്ടാക്കി അതിന് സ്‌കൂൾ ശാസ്ത്രമേളയെന്ന് പേരിടുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത് എന്ന്, അദ്ധ്യാപകർ തന്നെ വിമർശിക്കുന്നുണ്ട്. നേരത്തെ സി രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായിരുന്ന ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത്, ഈ വിവാദം മന്ത്രിയുടെ മുന്നിലേക്ക് എത്തിയിരുന്നു. അന്ന് ഇത് പരിഹരിക്കാനുള്ള ചില ശ്രമങ്ങളും നടന്നിരുന്നുവെങ്കിലും ക്രമേണെ എല്ലാം കെട്ടടങ്ങി.

ഒപ്പം അന്ധവിശ്വാസ പ്രചാരണവും

അതിനിടെ ശാസ്ത്രം പ്രചരിപ്പിക്കുന്നുവെന്ന വ്യാജേന കടുത്ത അന്ധവിശ്വാസ പ്രചാരണവും നടക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, പാലുകാച്ചി ശാസ്ത്രമേളയുടെ അടുക്കള ഉണർത്തിയതിന്റെ പടം മാധ്യമങ്ങളിൽ വന്നത്. വാസ്തു നോക്കലും, പാലു തിളച്ചു മറിയലുമെല്ലാം ഒന്നാന്തരം ഇന്ത്യൻ അന്ധവിശ്വാസമാണ്. ശാസ്ത്രമേളയിലെങ്കിലും ഇത് ഒഴിവാക്കാൻ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല എന്നാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചോദിക്കുന്നത്. അതുപോലെ തന്നെ ശരീരത്തിന് അങ്ങേയറ്റം ഹാനികരമായ മഞ്ഞൾ ഹൽവയും ഇരുമ്പംപുളി ജാമും അടക്കം കിഡ്നി അടിച്ചുപോകുന്ന സാധനങ്ങളാണ് വലിയ ശാസ്ത്രമെന്ന രീതിയിൽ കുട്ടികൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്നത്.

ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമായ ജോസഫ് തോമസ് വടക്കൻ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. 'സംസ്ഥാന സ്‌കൂൾ ശാസ്ത്രോൽസവത്തിൽ പാലക്കാട് എടത്തനാട്ടുകര ജിഎച്ച്സ്എസിലെ ലെ കുട്ടികൾ അവതരിപ്പിച്ച വാളംപുളി, ഇരുമ്പം പുളി, ചതുരപുളി, മൾബറി, ശംഖുപുഷ്പം എന്നിവ കൊണ്ടുള്ള ജാം പ്രശ്നക്കാരൻ അല്ല പോലും! അതുപോലെ തിരുവനന്തപുരം വർക്കല മോഡൽ എച്ച്എസ്എസിലെ കുട്ടികൾ ഉണ്ടാക്കിയ പച്ച മഞ്ഞൾ, വയന ഇലയുടെ ചാറും ശർക്കരയും, നെയ്യും, അരിപ്പൊടിയും ചേർത്തുണ്ടാക്കിയ ഹൽവ ഔഷധ ഗുണമുള്ളതാണ് പോലും.!അതായത് ഈ കുട്ടികളെ നയിച്ച അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കും ശാസ്ത്രബോധം ഒട്ടുമേ ഇല്ല എന്നു വ്യക്തം.

ഇരുമ്പൻ പുളി ജൂസിലെ ഒക്സാലിക് അംമ്ലം വൃക്കനാശത്തിന് കാരണമാകും.100 എംഎൽ ഇരുമ്പൻ പുളി ജൂസ് പോലും അപകടകരം ആണ്. മഞ്ഞളിലെ മുഖ്യ ഘടകം കുർക്കുമിൻ ആണ്. ഇത് വെള്ളത്തിലോ, എണ്ണയിലോ ലയിക്കുന്ന ഒന്നല്ല. അതിനാൽ ചെറുകുടലിൽ വച്ച് കുർക്കുമിൻ കാര്യമായി ആഗിരണം ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം. 500 മില്ലിഗ്രാം മഞ്ഞൾ കഴിച്ചാൽ ശരീരത്തിൽ എത്തുന്നത് ഒരു മില്ലിഗ്രാം കുർക്കുമിൻ ആണ്. അതിന്റെ ചെറിയ ഒരംശമേ ആഗീരണം ചെയ്യപ്പെടുകയുള്ളു. ഒരു ചെറിയ കുട്ടിയുടെ തൂക്കത്തിന് സമാനമായ തൂക്കം മഞ്ഞൾ കഴിച്ചാലെ അൽപ്പം കുർക്കുമിൻ ശരീരത്തിൽ എത്തുകയുള്ളു. നാം കഴിക്കുന്ന മഞ്ഞളിന്റെ 93 ശതമാനവും മലത്തിലൂടെ പുറത്ത് പോകുകയാണ് ചെയ്യുന്നത്. ഈ കുർക്കുമിൻ എന്ത് ഗുണമാണ് ശരീരത്തിന് ചെയ്യുന്നത്? ഒന്നുമില്ല. പിന്നെ എന്തിനാണ് മഞ്ഞൾ ഹൽവ?''- ഇങ്ങനെയാണ് വടക്കൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതായത് ഒന്നാന്തരം അന്ധവിശ്വാസങ്ങളാണ് നാം ശാസ്ത്രമേളയുടെ മറവിൽ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ കാമ്പയിൻ നടക്കേണ്ടതുണ്ടെന്നാണ് ശാസ്ത്ര പ്രചാരകർ ചൂണ്ടിക്കാട്ടുന്നത്.