- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല; കുടുങ്ങി കിടക്കുന്നത് 40 തൊഴിലാളികൾ; പലർക്കും പനി അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ; രക്ഷാപ്രവർത്തനത്തിന് അമേരിക്കൻ ആഗർ എത്തിച്ചു; തായ്ലൻഡ് ഗുഹയിൽ നിന്ന് കുട്ടികളെ രക്ഷിച്ചവരുടെ സഹായവും തേടി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കം തകർന്നതിനെ തുടർന്ന് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിലേക്ക് കാര്യങ്ങൾ ഇനിയും എത്തിയിട്ടില്ല. രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്.
കഴിഞ്ഞ നാലുദിവസമായി തുരങ്കത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് ഭക്ഷണവും മരുന്നും അടക്കം അവശ്യവസ്തുക്കൾ നൽകുന്നുണ്ടെങ്കിലും തൊഴിലാളികളുടെ ജീവിതം തുലാസിലാണ്. അവരെ എപ്പോൾ പുറത്ത് എത്തിക്കാൻ കഴിയും എന്നതിൽ ആശങ്ക നിലനിൽക്കുകയാണ്. ഞായറാഴ്ച പുലർച്ചെ നാലുമണിക്കാണ് തുരങ്കം തകർന്നത്. നാലര കിലോമീറ്റർ വരുന്ന ടണലിന്റെ 150 മീറ്റർ ഭാഗമാണ് തകർന്നത്. സിൽക്യാരയെ ദണ്ഡൽഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട തുരങ്കം.
തൊഴിലാളികളുമായി രക്ഷാപ്രവർത്തകർ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും അടക്കം അവശ്യവസ്തുക്കൾ ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികളെ രക്ഷിക്കാൻ തായ്ലൻഡ്, നോർവെ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. തായ്ലൻഡിൽ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാൻ നേതൃത്വം നൽകിയ രക്ഷാപ്രവർത്തകർ അടക്കമുള്ളവരുടെ സേവനമാണ് തേടിയിരിക്കുന്നത്.
രക്ഷാപ്രവർത്തനത്തിൽ അമേരിക്കൻ ആഗർ യന്ത്രം വിന്യസിച്ചിരിക്കുന്നതാണ് അധികൃതർക്ക് പ്രതീക്ഷ നൽകുന്നത്.തുരങ്കം തകർന്നതിനെ തുടർന്നുള്ള അവശിഷ്ടങ്ങൾ മാറ്റി തൊഴിലാളികൾക്ക് അരികിൽ എത്താൻ ഈ യന്ത്രം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. തൊഴിലാളികൾക്ക് സുരക്ഷിതമായി പുറത്തേയ്ക്ക് വരുന്നതിനുള്ള പാത ഒരുക്കുന്നതിനാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ മൂന്നടി വ്യാസമുള്ള സ്റ്റീൽ പൈപ്പ് കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
വേഗത്തിൽ കുഴിയെടുക്കാൻ കഴിയുന്നതിലൂടെ ആഗർ യന്ത്രം രക്ഷാപ്രവർത്തനത്തെ കൂടുതൽ സഹായിക്കും. കഴിഞ്ഞദിവസം ചിൻയാലിസോർ വിമാനത്താവളം വഴിയാണ് അമേരിക്കൻ ആഗർ എത്തിച്ചത്. 4.42 മീറ്റർ നീളവും 2.22 മീറ്റർ വീതിയും രണ്ട് മീറ്റർ ഉയരവുമുള്ള അമേരിക്കൻ ആഗറിന്, 25 ടണ്ണോളം ഭാരമുണ്ട്. ചൊവ്വാഴ്ച രാത്രിമുതൽ ഉപകരണംവെച്ചുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതുവഴി മൂന്നുമീറ്ററോളം പൈപ്പ് കടത്തിവിട്ടെങ്കിലും യന്ത്രത്തിന് സാങ്കേതികത്തകരാറുണ്ടായത് തിരിച്ചടിയായി.
തുരങ്കത്തിന്റെ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അകത്തേക്ക് അമേരിക്കൻ ആഗർ ഉപയോഗിച്ച് കുഴിയെടുക്കുകയാണ് ആദ്യപടി. തുടർന്ന് 800-900 മില്ലീമീറ്റർ വ്യാസമുള്ള മൃദുവായ സ്റ്റീൽ പൈപ്പുകൾ കടത്തിവിടും. അതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ഇഴഞ്ഞ് പുറത്തെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ, കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരുന്നു.
രക്ഷാപ്രവർത്തനത്തിന് 70 മണിക്കൂർ ചെലവഴിച്ച സമയത്താണ് വില്ലനായി മണ്ണിടിച്ചിൽ സംഭവിച്ചത്. അമേരിക്കൻ ആഗർ യന്ത്രം സ്ഥാപിക്കുന്നതിന് ആവശ്യമായ പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് മെഷീൻ അഴിച്ചുമാറ്റി വീണ്ടും പ്ലാറ്റ്ഫോം നിർമ്മിക്കാൻ രക്ഷാപ്രവർത്തകർ നിർബന്ധിതരായി. ഹിമാലയൻ മേഖലയിൽ പാറയ്ക്ക് ഉറപ്പില്ലാത്തതാണ് മണ്ണിടിച്ചിലിന് കാരണമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഹിമാലയൻ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മണ്ണിടിച്ചിലും മണ്ണുവീഴ്ചയുമെല്ലാം രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മൃദുവായ പാറകളാണ് ഹിമാലയൻ മേഖലകളുടെ പ്രത്യേകത. പ്രദേശത്ത് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഇവർ ചൂണ്ടിക്കാട്ടുന്നു. രക്ഷാപ്രവർത്തനത്തിൽ നിരവധി വെല്ലുവിളികളെ നേരിടേണ്ടതായി വരുമെന്നാണ് നഗര വികസന മന്ത്രാലയം മുൻ സെക്രട്ടറി ഡോ. സുധീർ കൃഷ്ണ വ്യക്തമാക്കുന്നത്.
ബ്രഹ്മഖൽ - യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമ്മിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.