കൊച്ചി: കോടതിയിലെ കേസുകൾക്ക് സൈബർ സുരക്ഷ കൂട്ടും. കോടതികൾ ഓൺലൈനിൽ കേസുകൾ പരിഗണിക്കുന്നതിന് ഹാക്കിങ് ഭീഷണിയുണ്ടെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിങ് പൂർണമായും വി കൺസോൾ ആപ്ലിക്കേഷനിലേക്ക് മാറിയേക്കും. സുരക്ഷ പരിഗണിച്ചാണ് ഈ തീരുമാനം. ആലപ്പുഴ കേന്ദ്രമായ ടെക്ജെൻഷ്യ കമ്പനി ഹൈക്കോടതിയുടെ നിർദേശങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണ് 'വി കൺസോൾ വിർച്വൽ കോർട്ട്' ആപ്ലിക്കേഷൻ. ഇതിനൊപ്പം സൂമും ഗൂഗിൾ മീറ്റും ഉപയോഗിക്കുന്നുണ്ട്. പൂർണ്ണമായും വി കൺസോളിലേക്ക് മാറുന്നതിലൂടെ സൈബർ ഹാക്കിങിന് തടയിടാമെന്നാണ് വിലയിരുത്തൽ.

കീഴ്ക്കോടതികളിലും വി കൺസോൾ എന്ന പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് പരിഗണിക്കുന്നുണ്ടെങ്കിലും ചെലവ് കണ്ടെത്തുക തടസ്സമാകും. കർണാടക ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിങ്ങിനിടെ സ്‌ക്രീനിൽ അശ്ലീലദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവം കഴിഞ്ഞയാഴ്ച ഉണ്ടായിരുന്നു. ഇതിനിടയിലാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും അഡീഷണൽ സെഷൻസ് കോടതിയിലും ഓൺലൈൻ സിറ്റിങ്ങിനിടെ കോടതിയിലെ കംപ്യൂട്ടർ മോണിറ്ററിൽ അശ്ലീല വീഡിയോ ദൃശ്യം പ്രത്യക്ഷപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വി കൺസോളിലേക്ക് ചർച്ച എത്തുന്നത്.

ഹാക്കിങ് സാധ്യത ഒഴിവാക്കാൻ വി കൺസോൾ ആപ്ലിക്കേഷനിലേക്ക് പൂർണമായും മാറുന്നതിനെക്കുറിച്ച് കംപ്യൂട്ടർവത്കരണത്തിന് നേതൃത്വംവഹിക്കുന്ന ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് കഴിഞ്ഞദിവസം ഓപ്പൺ കോടതിയിൽത്തന്നെ അഭിപ്രായപ്പെട്ടിരുന്നു. ജില്ലാകോടതികളിൽ പ്രധാനമായും ഗൂഗിൾ മീറ്റ് ആപ്ലിക്കേഷനാണ് ഓൺലൈൻ സിറ്റിങ്ങിനായി ഉപയോഗിക്കുന്നത്. സൂം ആപ്ലിക്കേഷനും ഉപയോഗിക്കുന്നുണ്ട്. ഹാക്കിങ് ഭീഷണി ഏറെയാണ് ഈ ആപ്ലിക്കേഷനുകൾക്ക് എന്നാണ് വിലയിരുത്തൽ.

വി കൺസോളിന് സുരക്ഷ കൂടുതലാണ്. അതുകൊണ്ട് തന്നെ ഹാക്കിങ് സാധ്യത കുറയും. എന്നാൽ കീഴ്ക്കോടതികളിലും ഇത് ഉപയോഗിക്കാൻ വലിയതുക കണ്ടെത്തണം. മാസം 2000 രൂപ ചെലവുവരും. സംസ്ഥാനത്ത് 545 കീഴ്ക്കോടതികളുണ്ട്. മാസം 10 ലക്ഷത്തിലധികം രൂപ വേണ്ടിവരും. അതായത്, വർഷത്തിൽ 1.30 കോടി രൂപ. ഈ തുക കണ്ടെത്തുകയാണ് പ്രതിസന്ധി. എന്നാൽ ആലപ്പുഴയിലുണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത് അനിവാര്യതയുമാണ്. വി കൺസോൾ വിർച്വൽ കോർട്ട് എന്ന വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം കേരള ഹൈക്കോടതിയിൽ ഉപയോഗിച്ചുതുടങ്ങിയിട്ടു രണ്ടുവർഷമായി.

കഴിഞ്ഞദിവസം ഒരു കേസ് കേൾക്കുന്നതിനിടെയാണു ജസ്റ്റിസ് മുഷ്ത്താഖ് മുഹമ്മദ് ഹൈക്കോടതിയിൽ വി കൺസോൾ ഉപയോഗിക്കുന്നതിന്റെ മേന്മകൾ പ്രത്യേകം പരാമർശിച്ചത്. വിർച്വൽ ഹിയറിങ്ങിനിടെ കർണാടക ഹൈക്കോടതിയിലെ കംപ്യൂട്ടറിൽ അശ്‌ളീല വീഡിയോ തെളിഞ്ഞ സാഹചര്യം പരാമർശിച്ചാണു വി കൺസോളിന്റെ മേന്മ കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യൻ സിഇഒ. യായ ടെക്‌ജെൻഷ്യാ കമ്പനിയാണു വി കൺസോൾ വികസിപ്പിച്ചത്.

ചേർത്തല ടെക്ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത വികൺസോൾ സംസ്ഥാനത്തിന്റെ ഔദ്യോഗിക വിഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമാണ്. 10,000 യൂസർ ഐഡി വരെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷന്റെ വില 43 കോടിയാണ്. നേരത്തേ ഇന്ത്യ ഇന്നവേഷൻ ചാലഞ്ചിൽ വിജയിച്ചതിനു പിന്നാലെ വികൺസോളിനെ കേന്ദ്ര സർക്കാർ ഔദ്യോഗിക പ്ലാറ്റ്ഫോമായി അംഗീകരിച്ചിരുന്നു.

കേരള ഹൈക്കോടതി, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, ഭാഭാ ആറ്റമിക് റിസർച് സെന്റർ, ഇന്ത്യൻ പ്ലാസ്മ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ നേവി, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങളും ഇത് ഉപയോഗിക്കുന്നുണ്ട്.