- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് അംഗം കൈക്കൂലി വാങ്ങിയെന്ന പരാതി ഗൗരവതരം; പൊലീസിന് പരാതി കൈമാറിയത് പത്ത് ദിവസം കഴിഞ്ഞ്; എല്ലാ വകുപ്പുകളും അഴിമതിയുടെ കൂത്തരങ്ങായെന്ന് പ്രതിപക്ഷ നേതാവ്; പൊലീസ് പരാതി അന്വേഷിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പഴ്സണൽ സ്റ്റാഫ് അംഗം നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന പരാതി ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ പി.എ അഖിൽ മാത്യുവിനും പത്തനംതിട്ടയിലെ സിപിഎം നേതാവ് അഖിൽ സജീവിനും എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മെഡിക്കൽ ഓഫീസർ നിയമനത്തിന് 15 ലക്ഷം രൂപയാണ് കൈക്കൂലിയായി മന്ത്രിയുടെ സ്റ്റാഫ് അംഗവും കൂട്ടാളിയും ആവശ്യപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രി ഓഫീസ് പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിന് തൊട്ടരികിൽ വച്ച് ആരോഗ്യമന്ത്രിയുടെ പി.എയ്ക്ക് ഒരു ലക്ഷം രൂപ നൽകിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് അവസാനവാരം ഈ വിഷയം ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശ്രദ്ധയിൽ വന്നിരുന്നുവെന്നാണ് മനസിലാക്കുന്നത്. സെപ്റ്റംബർ നാലിന് ഇ-മെയിലിലൂടെ മന്ത്രിയുടെ ഓഫീസിന് പരാതി അയച്ചെന്നും പരാതിക്കാരൻ പറയുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്ന് സെപ്റ്റംബർ 13-ന് രജിസ്റ്റേഡ് പോസ്റ്റിലും പരാതി അയച്ചു. എന്നിട്ടും പത്ത് ദിവസം കഴിഞ്ഞാണ് പരാതി പൊലീസിന് കൈമാറിയത്. ഇത് ഗുരുതര വീഴ്ചയാണെന്നും സതീശൻ പ്രസ്താവനയിൽ അറിയിച്ചു.
വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ അറിയുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുള്ള നാടാണിത്. അങ്ങനെയെങ്കിൽ പി.എ ഏത് രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി അറിയേണ്ടതല്ലേ? ഓഫീസിൽ നടക്കുന്ന കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലേ? ആരോഗ്യവകുപ്പ് കേന്ദ്രീകരിച്ചുള്ള മറ്റ് നിയമനങ്ങളിലും കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
മുഖ്യമന്ത്രിയുടേതുൾപ്പെടെ എല്ലാ വകുപ്പുകളിൽ നിന്നും നാണംകെട്ട അഴിമതി കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഏതുവിധേനയും അഴിമതി നടത്തി പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരും സർക്കാരുമായി ബന്ധപ്പെട്ടവരും പ്രവർത്തിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.
അതേസമയം ജോലിക്ക് കൈക്കൂലി വാങ്ങിയ വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജും ആവശ്യപ്പെട്ടു. സെപ്റ്റംബർ 13 ന് പരാതി ലഭിച്ചുവെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും അദ്ദേഹം വസ്തുതകൾ നിരത്തി പറഞ്ഞു. വിഷയത്തിൽ പരാതി പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതടക്കം അന്വേഷിക്കണം എന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. പിഎസ് നൽകിയ പരാതിയും പേഴ്സണൽ സ്റ്റാഫ് അംഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. അഴിമതി വച്ചുപൊറുപ്പിക്കാനാവില്ല. പേഴ്സണൽ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി, അത് കിട്ടി.
ഇതിനകത്തൊരു കുറ്റകൃത്യമോ, ഗൂഢാലോചനയോ, ആരൊക്കെ അതിൽ ഉൾപ്പെട്ടുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കണം. സർക്കാരിനോ വകുപ്പിനോ ഇക്കാര്യത്തിൽ രണ്ട് വശമില്ല. അഴിമതി നടക്കരുതെന്ന നിലപാട് മാത്രമേയുള്ളൂ. രേഖാമൂലം വകുപ്പിന് ലഭിച്ച പരാതി അവർ പൊലീസിന് നൽകിയോ എന്നറിയില്ല. അവരെ താൻ കണ്ടിട്ടില്ല. വകുപ്പിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതി താൻ പൂഴ്ത്തിവെച്ചിട്ടില്ല. പേഴ്സണൽ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിയമനടപടി സ്വീകരിക്കണമെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു.
സിഐടിയു ഓഫീസുമായി തട്ടിപ്പ് നടത്തിയതിന് പാർട്ടി നടപടിയെടുത്ത ആളാണ് ഇടനില നിന്നതെന്നാണ് ആരോപണം ഉയർന്നത്. ഈ വാർത്തയുമായി ബന്ധപ്പെട്ട് തന്നോട് ഒരു മാധ്യമവും പ്രതികരണം തേടിയിരുന്നില്ല. നിപ പ്രതിരോധ പ്രവർത്തനത്തിനായി കോഴിക്കോട് ഉണ്ടായിരുന്ന സമയത്താണ് പരാതി ലഭിച്ചത്. അപ്പോൾ തന്നെ നടപടിയെടുത്തുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ