- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ-റെയിൽ പദ്ധതി നടപ്പാക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ-റെയിൽ അപ്രായോഗികവും കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാൻ കഴിയാത്തതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്നതും വെറും കമീഷന് വേണ്ടി മാത്രം കൊണ്ടുവന്നതുമായ പാദ്ധതിയാണ് കെ-റെയിൽ. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ കഴിവില്ലാത്ത സർക്കാരാണ് രണ്ട് ലക്ഷം കോടി മുടക്കി കെ-റെയിൽ കൊണ്ടുവരാൻ പോകുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത കനത്ത ബാധ്യതയാണ് കേരളത്തിനുള്ളത്.
ട്രഷറി താഴിട്ട് പൂട്ടിയ സ്ഥിതിയിലാണ്. 12,000 കോടി രൂപ കരാറുകാർക്ക് കൊടുക്കാനുണ്ട്. 40,000 കോടി രൂപ ജീവനക്കാർക്ക് കൊടുക്കാനുണ്ട്. അപ്പോഴാണ് 2 ലക്ഷം കോടി മുടക്കി കെ-റെയിൽ കൊണ്ടുവരുന്നത്. ഒരു കാരണവശാലും പ്രതിപക്ഷം ഇത് അനുവദിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
സിൽവർലൈൻ പദ്ധതിക്കുവേണ്ടി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകുന്നതിൽ എതിർപ്പ് ഉന്നയിച്ച് ദക്ഷിണ റെയിൽവെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. ഭൂമിവിട്ടുനൽകിയാൽ കേരളത്തിലെ റെയിൽ വികസനം സാധ്യമാകില്ലെന്നും ഭൂമി കൈവശമില്ലെങ്കിൽ വേഗപരിധി കൂടുന്നതിനുള്ള പ്രവർത്തനങ്ങളെ ബാധിക്കുമെന്നും റെയിൽവേയുടെ വിശദീകരണം. ഇതോടെ കെ റെയിൽ സ്വപ്നം തന്നെ അവസാനിക്കുകയാണ്. റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണരൂപമാണ് ഈ റിപ്പോർട്ടിനൊപ്പമുള്ളത്. കാര്യകാരണങ്ങൾ നിരത്തിയാണ് റെയിൽവേയുടെ റിപ്പോർട്ട്. അതുകൊണ്ട് തന്നെ കേരളാ സർക്കാരിന്റെ സ്വപ്നങ്ങൾ കരിനിഴലിലാകും.
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ 187 ഹെക്ടർ സ്ഥലമാണ് കെ റെയിൽ കോർപ്പറേഷൻ റെയിൽവെയോട് ആവശ്യപ്പെട്ടത്. പിന്നീട് ഇത് 107 ഹെക്ടർ ആയി ചുരുക്കി. എന്നാൽ ഭൂമി വിട്ടുനൽകാൻ സാധിക്കില്ല എന്ന നിലപാടാണ് റെയിൽവെ സ്വീകരിച്ചിട്ടുള്ളത്. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 107 ഹെക്ടർ ഭൂമി വിട്ടുനൽകിയാൽ അത് കേരളത്തിൽ ഭാവിയിൽ റെയിൽവേയുടെ എല്ലാ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നാണ് റെയിൽവേയുടെ വിശദീകരണം. ഇതോടെ സംയുക്ത പദ്ധതി അസാധ്യമായി. പിണറായി വിജയൻ സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈന് ചുവപ്പ്കൊടി കാട്ടുകയാണ് ദക്ഷിണ റെയിൽവേ എന്നതാണ് വസ്തുത.
റെയിൽവേയുടെ സ്റ്റേഷനുകളുടെ വികസനം, ലൈനുകളുടെ ഇരട്ടിപ്പിക്കൽ, സിഗ്നലിങ് സംവിധാനത്തെ ഇരട്ടിപ്പിക്കൽ തുടങ്ങിയ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്ക് ഭൂമി വലിയ തോതിൽ അനിവാര്യമാണ്. അതിനുവേണ്ടിയുള്ള ഭൂമിയാണ് റെയിൽവേ ഇപ്പോൾ കൈവശം വെച്ചിരിക്കുന്നത്. ഈ ഭൂമി വിട്ടുനൽകിയാൽ ഭാവിയിൽ സ്റ്റേഷൻ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളെ ബാധിക്കും എന്നാണ് ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകനായ കോട്ടയം സ്വദേശി എം.ഡി. തോമസിന് നൽകിയ മറുപടിയിലാണ് ദക്ഷിണ റെയിൽവേ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതേ മറുപടി തന്നെ ദക്ഷിണ റെയിൽവെ കേന്ദ്ര റെയിൽവേ ബോർഡിനും സമർപ്പിച്ചിട്ടുണ്ട്.
നിലവിലെ അലൈന്മെന്റ് കൂടിയാലോചനകളില്ലാതെയാണ്. ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും. സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും. റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.