- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വണ്ടിപ്പെരിയാർ ആക്രമണം; പൊലീസ് പാർട്ടിക്കാർക്ക് കൂട്ട് നിൽക്കുന്നു: വി ഡി സതീശൻ
മലപ്പുറം: വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ പിതാവിന് എതിരായ ആക്രമണത്തിൽ പൊലീസ് പാർട്ടിക്കാർക്ക് കൂട്ട് നിൽക്കുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ പിതാവിനെ പ്രതിയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്നെന്ന് പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ഞങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതാണ്.
കുഞ്ഞിനെ നഷ്ടപ്പെടുകയും പ്രതിയെ വെറുതെ വിടുകയും ചെയ്തതിന് പിന്നാലെയാണ് പിതാവിനെയും കുടുംബാംഗങ്ങളെയും പ്രതിയുടെ ബന്ധുക്കൾ ആക്രമിച്ചത്. പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണ്. പൊലീസ് നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് ഡിവൈഎഫ്ഐക്കാരനായ പ്രതിയെ വെറുതെ വിട്ടത്.
ഉത്തർപ്രദേശിലേതു പോലെ ഇരകളുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്രമായ സംഭവങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നോർത്ത് തലകുനിച്ച് നിൽക്കേണ്ട സ്ഥിതിയാണ്. ഇത്തരം അക്രമസംഭവങ്ങൾ അനുവദിക്കാൻ പാടില്ല. ദൗർഭാഗ്യവശാൽ പൊലീസ് പാർട്ടിക്കാർക്ക് കൂട്ട് നിൽക്കുന്ന ദയനീയ അവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നത്.
മകളെ മാപ്പ് എന്ന പേരിൽ കെപിസിസി നാളെ വണ്ടിപ്പെരിയാറിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാലും ദീപാദസ് മുൻഷിയും പങ്കെടുക്കും. ആളുകളെ ആക്ഷേപിക്കുന്നതിന് വേണ്ടി പിണറായി വിജയൻ എം.എം മണിയെ പോലുള്ളവരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. സജി ചെറിയാനും എം.എം മണിയും എല്ലാവരെയും ആക്ഷേപിക്കും. രാഷ്ട്രീയം എന്നത് സംവാദമാണ്. അത് നടക്കട്ടെ. അല്ലാതെ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ മലീമസമാക്കേണ്ട കാര്യമില്ല.
എന്നാൽ തെറി അഭിഷേകത്തെ മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുകയാണ്. കള്ള് നൽകി തെറിവിളിക്കാനായി വീടുകൾക്ക് മുന്നിലേക്ക് ചട്ടമ്പിമാരെ അയയ്ക്കുന്നതു പോലെയാണ് ഇതും. ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ഇതെല്ലാം നടക്കുന്നത്.
ഇടുക്കിയിൽ ഹർത്താൽ നടത്തുന്നത് എന്തിന് വേണ്ടിയാണെന്ന് ആർക്ക് അറിയാം. അനാവശ്യമായ ഹർത്താലുകൾ ഒന്നും നടത്തരുത്. ഇപ്പോൾ തന്നെ ജനജീവിതം ദുരിതപൂർണമാണ്. കേരളത്തിന്റെ സ്ഥിതി പരമദയനീയമാണ്. ഹർത്താലിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിക്കാതെ നടത്തുന്ന ഹർത്താലുകളോട് ഒരു യോജിപ്പുമില്ലെന്നും സതീശൻ പറഞ്ഞു.