- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റംസാൻ പുണ്യത്തെ കുറിച്ച് പറയുമ്പോൾ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല; ചിത്രക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവർ; വിളക്ക് കൊളുത്താനും രാമനാപം ജപ്പിക്കാനും പറയുന്നതിനെ അധിക്ഷേപിക്കുന്നത് എന്തിന്? വിമർശിച്ചു വി മുരളീധരൻ
കൊച്ചി: ഗായിക കെ എസ് ചിത്രക്കെതിരായ സൈബർ ആക്രമണത്തെ പ്രതിരോധിച്ചു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവരാണ് കെഎസ് ചിത്രക്കെതിരെ സൈബർ ആക്രമണം നടത്തുന്നതെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. ചിത്രയ്ക്ക് നേരെ നടത്തുന്ന സൈബർ ആക്രമണം കേരളത്തെക്കുറിച്ച് മാർക്സിസ്റ്റ് പാർട്ടി മറ്റുള്ളവരൊടെക്കെ പറയുന്ന സഹിഷ്ണുതയുടെ പര്യായമാണെന്നതിന് യോജിക്കുന്നതാണോയെന്നും മുരളീധരൻ ചോദിച്ചു.
'അഞ്ഞൂറ് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് അയോധ്യയിൽ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമം നടത്തുന്നത് എല്ലാവർക്കും സന്തോഷിക്കാനുള്ള അവസരമാണ്. ആ അവസരത്തിൽ രാമനാപം ജപിക്കണം വിളക്ക് കൊളുത്തണമെന്നാണ് ഒരു ഹൈന്ദവവിശ്വാസിയെന്ന നിലയിൽ കെഎസ് ചിത്ര പറഞ്ഞത്. കേരളത്തിലെ പ്രശസ്തയായ ഗായികയ്ക്കെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന പരസ്യമായ ആക്രമണം കണ്ടിട്ടും പൊലീസ് മിണ്ടാത്തത് എന്താണ്?, ഹൈന്ദവ വിശ്വസങ്ങളെ എങ്ങനെ അധിക്ഷേപിച്ചാലും ഒരു പ്രശ്നവുമില്ല എന്നുള്ളതാണോ? - മുരളീധരൻ ചോദിച്ചു.
'ക്രിസ്മസിന് കേക്ക് മുറിക്കാറുണ്ട്. റംസാൻ പുണ്യത്തെ കുറിച്ച് എല്ലാവരും പറയാറുണ്ട്. ഇസ്ലാം മത വിശ്വാസികൾ അല്ലാത്തവരും പറയാറുണ്ട്. റംസാൻ പുണ്യത്തെ കുറിച്ച് പറയുമ്പോൾ ആർക്കും അഭിപ്രായം വ്യത്യാസം ഇല്ല. ക്രിസ്മസിന് കേക്ക് കട്ട് ചെയ്യണമെന്ന് പറയുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല. രാമജന്മഭൂമിയിൽ ക്ഷേത്രം പണിയുമ്പോൾ വിളക്ക് കൊളുത്താനും രാനാപം ജപ്പിക്കാനും പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപാർഹമായ കാര്യമാണെന്ന പ്രചാരണത്തിന് പിന്നാൽ ആസൂത്രിതശ്രമമാണെന്നും മുരളീധരൻ പറഞ്ഞു
സംസ്ഥാനത്ത് ഹൈന്ദവവിശ്വാസികൾക്ക് പ്രതികരിക്കാൻ പാടില്ലെന്ന ധാരണ സൃഷ്ടിക്കാനാണ് ശ്രമമെങ്കിൽ അതിനെ ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യമെന്നത് ഏതപക്ഷീയമാണെന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വീഡിയോയും അവർ ചെയ്തു. ഇതോടെയാണ് സൈബറിടത്തിൽ വ്യാപകമായി കുരുപൊട്ടൽ. ഇടതു അനുഭാവികളടക്കമുള്ളവരാണ് ചിത്രക്കെതിരെ രംഗത്തു വന്നത്.
'അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ'എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു' ചിത്ര പറയുന്നു.
കഴിഞ്ഞ ദിവസം അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര സ്വീകരിച്ചിരുന്നു. വീഡിയോ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ എത്തി. ഇടതു സൈബർ ഇടങ്ങളിൽ പ്രമുഖനായ ശ്രീചിത്രൻ അടക്കമുള്ളവരാണ് ചിത്രക്കെതിരെ രംഗത്തുവന്നത്. എണ്ണമറ്റ കൂട്ടക്കൊലകളുടെ രക്തത്തിൽ കുതിർത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കൾ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളതെന്ന് ശ്രീചിത്രൻ പറയുന്നു.
നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്രശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിർത്തുന്നു. സുഖദമല്ലാത്ത സത്യങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സമസ്തലോകസുഖീമന്ത്രം പോലെ അസുഖകരമായ അപശ്രുതി മറ്റൊന്നുമില്ല.
വാനമ്പാടീ, ശ്രുതിയസൂയപ്പെടും ശ്രുതിയിൽ പാടുന്ന നിങ്ങളുടെ തൊണ്ടയിൽ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയിൽ അനുശോചനങ്ങൾ എന്നാണ് ശ്രീചിത്രൻ പങ്കുവച്ചത്.
മറുനാടന് ഡെസ്ക്