വടകര: പാർട്ടി സംസ്ഥാന സെക്രട്ടറി കഴിഞ്ഞാൽ, സിപിഎമ്മിലെ ഏറ്റവും വലിയ അധികാര കേന്ദ്രം ഏതാണെന്ന് ചോദിച്ചാൽ, അത് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം എന്ന് തന്നെയായിരിക്കും പാർട്ടിയെ പഠിച്ചവർ പറയുക. അങ്ങനെ പാർട്ടിയിലെ രണ്ടാമൻ എന്ന നിലയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ്, വി എസ് കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും വലിയ ജനകീയ മുഖമായ പി ജയരാജനെ സിപിഎം ഒതുക്കിയത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയായതോടെയാണ് ജയരാജന് അടിതെറ്റിയത്.

രാഹുൽ തരംഗവും, ശബരിമല വികാരവും കത്തിനിൽക്കുന്ന സമയത്ത്, കണ്ണൂർ ജില്ലാ സെക്രട്ടറിയെ പൊടുന്നനെ വടകരയിലെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. അതോടെ പി ജയരാജന്റെ ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ചു. എം വി ജയരാജൻ രായ്ക്കുരാമാനം സെക്രട്ടറിയായി. പക്ഷേ തെരഞ്ഞെടുപ്പിൽ തോറ്റിട്ടും പി ജയരാജന് പഴയ സ്ഥാനം തിരിച്ചുകിട്ടിയതുമില്ല. അദ്ദേഹം ഇപ്പോൾ ഖാദിബോർഡ് ചെയർമാനായി കാലം കഴിക്കുന്നു.

പി ജയരാജന്റെ ജനപ്രീതിയിൽ അസ്വസ്ഥരായ പിണറായി പക്ഷം ഒരുക്കിയ കെണിയായിരുന്നു, വടകരയിലെ സ്ഥാനാർത്ഥിത്വം എന്നും പിന്നീട് ചർച്ചകൾ ഉയർന്നു. പി ജയരാജനെ കുറിച്ച് അണികൾ പാട്ടുണ്ടാക്കിയതും, അമ്പാടുമുക്കിൽ ബിജെപിയിൽനിന്ന് മാറി സിപിഎമ്മിലെത്തിയവർ അദ്ദേഹത്തെ ശ്രീകൃഷ്ണനാക്കി ചിത്രീകരിച്ചതുമെല്ലാം, പാർട്ടിയിൽ ഏറെ ചർച്ചയായിരുന്നു. അന്ന് ജയരാജനെതിരെ വ്യക്തിപ്രഭാവ വിവാദം ഉയർത്തിയവർ, ഇന്ന് പിണറായിയെ കാരണഭൂതനാക്കി തിരുവാതിര കളിക്കുന്നത് ഒരു പ്രശ്നവുമല്ല.

അന്ന് ജയരാജനെ ഒതുക്കിയതുപോലുള്ള ഒരു രാഷ്ട്രീയ തന്ത്രത്തിനാണോ സിപിഎം വീണ്ടും തയ്യാറെടുക്കുന്നത്? ശൈലജ ടീച്ചറൂടെ വടകരയിലെ സ്ഥാനാർത്ഥിത്വം ഈ ചോദ്യമാണ് ഉയർത്തുന്നത്.

ശൈലജ ടീച്ചറെ കെണിയിലാക്കിയോ?

ഇന്ന് സിപിഎമ്മിന്റെ ഏറ്റവും ജനപ്രിയ മുഖങ്ങളിൽ ഒന്നാണ്, ഒന്നാം പിണറായി സർക്കാറിൽ ആരോഗ്യമന്ത്രിയായി തിളങ്ങിയ കെ കെ ശൈലജടീച്ചർ. അടുത്ത നിയസഭാ തെരഞ്ഞെടുപ്പിൽ, പിണറായി അനാരോഗ്യം മൂലം മത്സരിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിവരെ പരിഗണിക്കപ്പെടുക, ശൈലജയായിരിക്കുമെന്ന് മാധ്യമങ്ങൾ പറയുന്നുണ്ട്. അതിനാൽ ശൈലജ ടീച്ചറെ ഒതുക്കാനും, പിണറായിയുടെ മരുമകൻ റിയാസിന് പാർട്ടിയിൽ എതിരാളികൾ ഇല്ലാതിരിക്കാനുമുള്ള ഒരു തന്ത്രവുമാണ്, ഇപ്പോഴത്തെ സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് സംശയം പാർട്ടി കേന്ദ്രങ്ങളിൽ നിന്നുതന്നെ ഉയരുന്നുണ്ട്.

സാംസ്കാരിക പ്രവർത്തകനും, ഇടതു സഹായാത്രികനും, സിപിഐയുടെ കലാസംഘടനയായ ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ പി അഹമ്മദ് ഒരു ചാനലിൽ ഇക്കാര്യം കൃത്യമായി പറയുകയും ചെയ്തു. -' വടകര പിടിക്കാൻ കെ കെ ശൈലജ തന്നെ വേണമെന്ന് പറഞ്ഞ് പരത്തുക. അവരുടെ ഇമേജ് ഉപയോഗപ്പെടുത്തുക. പക്ഷേ ഈ തെരഞ്ഞെടുപ്പിൽ ടി പി ചന്ദ്രശേഖരന്റെ ചോര ചർച്ചക്ക് വന്നാൽ ശൈലജയല്ല, ശൈലജയേക്കാൾ കേമന്മാരായ പുണ്യവാളന്മാർ വന്നുനിന്നാലും വടകരക്കാർ തോൽപ്പിച്ച് കൈയിൽ കൊടുക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതുവഴി കെ കെ ശൈലജയെ രാഷ്ട്രീയമായി അവസാനിപ്പിക്കാനും കഴിയും. ചന്ദ്രശേഖരന്റെ പേരിൽ മറ്റൊരു രാഷ്ട്രീയ കൊലപാതകം കൂടി നടത്താൻ കഴിയും. ഒരു തുള്ളി ചോരപോലും ചിന്താതെ''- എ പി അഹമ്മദ് വ്യക്തമാക്കി.

വീണ്ടും ചർച്ചയായി ടി പി കേസ്

അതേസമയം ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ടി പി കേസ് ചർച്ചയാവുകയാണ്. കേസിന്റെ അപ്പീൽ പരിഗണിക്കുന്ന ഹൈക്കോടതി കൊടി സുനി അടക്കമുള്ളവരുടെ ശിക്ഷ വധശിക്ഷയാക്കി വർധിപ്പിക്കുമെന്ന് കേൾക്കുന്നുണ്ട്. നേരത്തെ രക്ഷപ്പെട്ട രണ്ടു സിപിഎം നേതാക്കളെ കൂടി കോടതി ശിക്ഷിച്ചിട്ടുമുണ്ട്. ഇങ്ങനെ ടി പി വികാരം കത്തിനൽക്കുന്ന സമയത്ത്, കെ മുരളീധരണെപ്പോലെ ഇമേജുള്ള ഒരു വ്യക്തിക്കുമുന്നിൽ ടീച്ചർക്ക് പിടിച്ചുനിൽക്കാൻ കഴിയുമോ എന്നാണ് ചോദ്യം.

വടകര ലോക്സഭാ മണ്ഡലത്തിൽ കെകെ ശൈലജ മത്സരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് , ടി പിയുടെ വിധവയായ കെ കെ രമ എംഎൽഎ പ്രതികരിച്ചിരുന്നു. വടകരയിൽ ശൈലജ ടീച്ചർ മത്സരിച്ചാൽ ദയനീയമായ പരാജയം നേരിടേണ്ടി വരും. ശൈലജ ടീച്ചർ മത്സരരംഗത്തേക്കെത്തുന്നതുകൊണ്ട് ആർഎംപിക്ക് യാതൊരു പ്രശ്നവുമില്ലെന്നും രമ കൂട്ടിച്ചേർത്തു.

'ശൈലജ ടീച്ചർ സിപിഎമ്മിന്റെ വക്താവാണല്ലോ. പാർട്ടിയുടെ എല്ലാ കൊള്ളരുതായ്മകളേയും ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ആളാണ് കെകെ ശൈലജ. ആ പാർട്ടിയുടെ നേതാവല്ലേ, അതുകൊണ്ട് തന്നെ വ്യക്തി മാറിയതുകൊണ്ട് മാത്രം കാര്യമില്ല. സിപിഎമ്മിൽ വ്യക്തികൾക്കല്ല, പാർട്ടിക്കാണല്ലോ പ്രാധാന്യം. ഏതെങ്കിലും തരത്തിൽ ഒരു സീറ്റ് എങ്ങനെയെങ്കിലും ഉറപ്പിക്കാനാവുമോ എന്ന കാര്യമാണ് പാർട്ടി നോക്കുന്നത്' -കെകെ രമ പറഞ്ഞു.

അതിനിടെ വടകരയിൽ ശൈലജക്കെതിരെ ആരോപണവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. പിപിഇ കിറ്റ് അഴിമതി ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ചർച്ചയാക്കുമെന്നാണ് മുല്ലപ്പള്ളി വ്യക്തമാക്കുന്നത്. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇങ്ങനെ ആരോപണ- പ്രത്യാരോപണങ്ങളുമായി സജീവമാവുകയാണ് വടകരയിലെ തെരഞ്ഞെടുപ്പ് രംഗം.