കൊച്ചി: കേരളത്തിലടക്കം പോപ്പുലർ ഫ്രണ്ടിനെ അടപടലം പൂട്ടിയ ഓപ്പറേഷൻ ഒക്ടോപ്പസ് എന്ന ഓപ്പറേഷൻ ദക്ഷിണേന്ത്യയിൽ നയിച്ച ദേശീയ അന്വേഷണ ഏജൻസിയിലെ (എൻ.ഐ.എ) ഡി.ഐ.ജി കെ.ബി വന്ദനയ്ക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ കിട്ടുമ്പോൾ അത് രഹസ്യ ഓപ്പറേഷനുള്ള അംഗീകാരം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് അടിസ്ഥാനമായ അവരുടെ ഭീകരബന്ധം തെളിയിക്കുന്ന രേഖകൾ റെയ്ഡിലൂടെ കണ്ടെത്തിയത് വന്ദനയുടെ നേതൃത്വത്തിലായിരുന്നു. ശരിക്കും ഒക്ടോപ്പസ് എന്ന പേരിലെ നീരാളി പോലെ പോപ്പുലർ ഫ്രണ്ടിനെ വരിഞ്ഞുമുറുക്കുകയായിരുന്നു വന്ദന.

രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന പോപ്പുലർ ഫ്രണ്ടിനെതിരേ എൻഐഎയും ഇ ഡിയും ചേർന്നു നടത്തിയ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡായിരുന്നു ഓപ്പറേഷൻ ഒക്ടോപ്പസ്. അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഡൽഹിയിലേക്ക് കൊണ്ടുപോവാൻ വ്യോമസേനാ വിമാനവും കരിപ്പൂരിൽ എത്തിച്ചിരുന്നു. കേരള ബന്ധമുള്ള കോയമ്പത്തൂർ, മംഗളുരു സ്‌ഫോടനങ്ങളുടെ അന്വേഷണവും വന്ദനയ്ക്കായിരുന്നു.

വിമാനത്താവളം വഴിയുള്ള നയതന്ത്ര സ്വർണക്കടത്ത് കേസിലും കേരള ബന്ധമുള്ള തീവ്രവാദക്കേസുകളിലും അന്വേഷണം നയിച്ചത് വന്ദനയായിരുന്നു. ഈ നേട്ടത്തിലെത്തുന്ന എൻ.ഐ.എയിലെ ആദ്യ ഉദ്യോഗസ്ഥയാണ് വന്ദന. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദക്ഷിണമേഖലാ ഡി.ഐ.ജിയാണ് വന്ദന. ശിവശങ്കറിനെ സ്വർണ്ണ കടത്ത് കേസിൽ ചോദ്യം ചെയ്തതും വന്ദനയാണ്.

2004ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ വന്ദന, അമേരിക്കൻ ഇന്റലിജൻസ് ട്രെയിനിങ് അക്കാഡമിയിൽ നിന്ന് തീവ്രവാദവിരുദ്ധ പരിശീലനം നേടിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് സ്വദേശിയായ വന്ദനയുടെ പിതാവ് തമിഴ്‌നാട്ടിൽ എ.ഡി.ജിപിയായിരുന്നു. സ്‌കൂൾ, കോളേജ് പഠനം തമിഴ്‌നാട്ടിലായിരുന്നതിനാൽ നന്നായി തമിഴ് സംസാരിക്കും. മലയാളവും അറിയാം. ഡൽഹി ജെ.എൻ.യുവിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എം.ഫിലും പൂർത്തിയാക്കി. സ്‌കൂൾതലത്തിൽ മികച്ച എൻ.സി.സി കേഡറ്റായിരുന്നു.

കോളേജിൽ സീനിയർ അണ്ടർ ഓഫീസറായും തിളങ്ങി. രാജസ്ഥാൻ കേഡറിലെത്തിയതോടെ ജയ്പൂർ അസി.സൂപ്രണ്ട്, ജയ്‌സാൽമീർ, ബരാൻ, പാലി ജില്ലകളുടെ പൊലീസ് സൂപ്രണ്ട് പദവികൾ വഹിച്ചു. രാജസ്ഥാനിലെ ആദ്യ വനിതാ സായുധ ബറ്റാലിയനായ ഹദീറാണിയുടെ കമൻഡാന്റായി. ജയ്പൂരിലെ സർദാർ വല്ലഭായ് പട്ടേൽ പൊലീസ് സർവകലാശാലയിൽ സോഷ്യൽ ഡിഫൻസ് വിഭാഗം മേധാവിയായി. കേന്ദ്രധനകാര്യ സഹമന്ത്രി അർജുൻ റാം മേഘ്വാളിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായി. പിന്നീടാണ് സ്ഥാനക്കയറ്റത്തോടെ എൻ.ഐ.എയിൽ ഡി.ഐ.ജിയായത്.

രാജ്യാന്തര ഭീകരവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം തെളിയിച്ച് സംഘടനയെ പൂട്ടിക്കെട്ടിയത് വന്ദനയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തിയ റെയ്ഡുകളായിരുന്നു. ഇരുചെവിയറിയാതെ നടത്തിയ റെയ്ഡുകളിൽ ദേശീയ നേതാക്കളാണ് പിടിയിലായ്. പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാമിനെ മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിൽനിന്നും ജനറൽ സെക്രട്ടറി നസിറുദ്ദീൻ എളമരത്തെ കൊണ്ടോട്ടിക്കടുത്ത് വാഴക്കാട്ടെ വീട്ടിൽനിന്നുമാണ് പിടികൂടിയത്. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീറിനെ തിരുനാവായയിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്തു. മുഹമ്മദലി എന്ന കുഞ്ഞാപ്പുവിനെ വളാഞ്ചേരിയിലെ വീട്ടിൽനിന്ന് പിടികൂടി. കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡിനെത്തിയത് വന്ദനയുടെ നേതൃത്വത്തിൽ ഇരുനൂറിലേറെ പേരടങ്ങുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) സംഘമായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇതിനായി ഉദ്യോഗസ്ഥരെ ഇവിടെ എത്തിക്കുകയായിരുന്നു. കേരളത്തിൽ അമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒരു ടീമിൽ നാലുപേരായിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കിയത് 50 പേർ വീതമടങ്ങുന്ന കേന്ദ്ര സേന. ഇതിനായി കേന്ദ്ര റിസർവ് പൊലീസിലെയും ദ്രുതകർമസേനയിലെയും അംഗങ്ങളെ നേരത്തെ എത്തിച്ചു. കേരളാ പൊലീസ് വിവരം അറിയാതെ അതീവരഹസ്യമാക്കി വയ്ക്കാനും വന്ദനയ്ക്ക് കഴിഞ്ഞു. കേരളത്തിൽ പൊലീസിനെ ആശ്രയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. കൊച്ചിയിലേക്ക് സി.ആർ.പി.എഫിന്റെ റാഞ്ചി കേഡറിലെ 10 കമ്പനികളിൽനിന്നുള്ള 750 ഭടന്മാരാണ് എത്തിയത്. അഞ്ചുദിവസംമുമ്പ് കൊച്ചിയിലെത്തിച്ച ഇവരോട് ജോലി എന്താണെന്ന് അവസാന നിമിഷംവരെ അറിയിച്ചിരുന്നില്ല. ഇതെല്ലാം അതീവരഹസ്യമായി സൂക്ഷിക്കാൻ വന്ദനയ്ക്ക് കഴിഞ്ഞിരുന്നു.

വ്യോമസേനയും ഓപ്പറേഷൻ ഒക്ടോപ്പസിൽ ഭാഗമായിരുന്നു. അതിർത്തിയിൽ സേന നീക്കങ്ങൾ ഉണ്ടാകുമ്പോൾ പട്ടാളക്കാരെ എത്തിക്കുന്ന വ്യോമസേന വിമാനത്തിലാണ് എൻഐഎ സംഘം കേരളത്തിൽ എത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലാണ് വ്യോമസേനയുടെ ഗജരാജ എന്നറിയപ്പെടുന്ന ഐഎൽ 76 വിമാനം ഇറങ്ങിയത്. കോഴിക്കോട് വിമാനത്താവളത്തിൽ ഇത്തരം വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ ഉണ്ടായിരുന്നില്ല. എന്നാൽ, പ്രത്യേക സാഹചര്യം പരിഗണിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര അനുമതി നൽകുകയായിരുന്നു.

ഡി ശ്രേണിയിൽപ്പെട്ട വലിയ വിമാനമാണു കേന്ദ്രസേനയെ എത്തിക്കാനായി പ്രത്യേക അനുമതിയോടെ കരിപ്പൂരിലെത്തിയത്. ഈ വിമാനത്തിന് കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾക്കുള്ള പാർക്കിങ് സ്ഥലമാണ് അനുവദിച്ചത്.