- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് നിന്നു കണ്ണൂരിലേക്ക് ഇനി വന്ദേ ഭാരതിൽ കുതിക്കാം; പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ പ്രഖ്യാപിച്ചേക്കും; ദക്ഷിണ റെയിൽവേ ഒരുക്കങ്ങൾ തുടങ്ങി; ആദ്യഘട്ടത്തിൽ തിരുവനന്തപുരം - ഷൊർണൂർ പരീക്ഷണ സർവീസ്; ഉദ്ഘാടനം ഈ മാസം 25ന്? ഔദ്യോഗിക സ്ഥിരീകരണം നാളെ; പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനിടെ വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനത്തിന് തിരക്കിട്ട നീക്കവുമായി ദക്ഷിണ റെയിൽവേ. തിരുവനന്തപുരം കണ്ണൂർ സർവീസാണ് പരിഗണനയിൽ ഉള്ളത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ പരീക്ഷണ സർവീസ് ആരംഭിക്കും. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനാണ് നീക്കം നടക്കുന്നത്.
ഒരുക്കങ്ങൾ പൂർത്തിയാക്കാൻ റെയിൽവേ ബോർഡിന്റെ നിർദ്ദേശം വന്നുകഴിഞ്ഞു. ദക്ഷിണ റെയിൽവേ ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നും റിപ്പോർട്ടിലുണ്ട്. വന്ദേഭാരത് ട്രെയിനിന്റെ റേക്കുകൾ ചെന്നൈയിൽനിന്ന് പുറപ്പെടും. നാളെ തിരുവനന്തപുരത്ത് എത്തും. ഉദ്ഘാനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഏഴ് നിർദേശങ്ങൾ പുറത്തിറക്കി. ആദ്യസർവീസ് നടത്തുന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തിറക്കിയത്.
മണിക്കൂറിൽ 160 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനിന്റെ വേഗത. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ വേഗത എത്രയായിരിക്കും എന്ന് വ്യക്തമല്ല. നിർമ്മാണം പൂർത്തിയായ വന്ദേ ഭാരത് ട്രെയിൻ കേരളത്തിനെന്നാണ് സൂചന.
കൊച്ചിയിൽ യുവം പരിപടിക്കായാണ് പ്രധാനമന്ത്രി എത്തുന്നത്. ഈ സന്ദർശനത്തിനിടെ തിരുവനന്തപുരത്ത് വച്ച് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
കൊച്ചിയിലെത്തുന്ന നരേന്ദ്ര മോദി തിരുവനന്തപുരത്ത് കൂടി എത്തുമെന്നും വന്ദേ ഭാരത് ട്രെയിന്റെ ഫ്ളാഗ് ഓഫ് നിർവഹിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ നാളെയോടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിന്റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയായിരിക്കും വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെയാകും പരീക്ഷണ ഓട്ടം. കേരളത്തിൽ മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുക. മണിക്കൂറിൽ 160 കിലോമീറ്റാണ് വന്ദേഭാരത് ട്രെയിനിന്റെ വേഗത.
മറുനാടന് മലയാളി ബ്യൂറോ