- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാർ ഉദ്യോഗസ്ഥരുടെ വന്ദേഭാരത് യാത്രാപ്പടി നിശ്ചയിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ വന്ദേഭാരത് ട്രെയിൻ യാത്രയുടെ ചെലവ് സംബന്ധിച്ച് മാനദണ്ഡങ്ങൾ നിശ്ചയിച്ച് ധനവകുപ്പിന്റെ ഉത്തരവ്. ജനുവരി അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സംസ്ഥാന സർക്കാർ സർവീസിലെ ഗ്രേഡ് -1 ഉദ്യോഗസ്ഥരും അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും ഔദ്യോഗിക ആവശ്യങ്ങൾക്കായി വന്ദേഭാരത് ടെയ്‌രിനിൽ നടത്തുന്ന യാത്രകൾക്ക് താഴെപ്പറയും പ്രകാരമാകും യാത്രാബത്ത അനുവദിക്കുക.
77200-140500 ശമ്പള സ്‌കെയിലിലും അതിന് മുകളിലെ സ്‌കെയിലിലുള്ള ഉദ്യോഗസ്ഥർക്കും അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കും വന്ദേഭാരത് ട്രെയിനിന്റെ എക്സിക്യൂട്ടീവ് ചെയർകാറിലും ഇതേ ശമ്പള സ്‌കെയിലിൽ താഴെയുള്ള ഗ്രേഡ് -1 ഉദ്യോഗസ്ഥർക്ക് ചെയർകാറിലും യാത്ര നടത്താം. വന്ദേഭാരത് ട്രെയിനിലെ യാത്രയുടെ ഭാഗമായി വരുന്ന കൺവീനിയൻസ് ഫീ, ഏജന്റ് സർവീസ് ചാർജ്, അഷ്വേർഡ് ഫ്ളക്സ് ചാർജ് എന്നിവ അനുവദനീയമാണ്. കാറ്ററിങ് ചാർജസ്, ട്രാവൽ ഇൻഷുറൻസ് പ്രീമിയം എന്നിവ അനുവദനീയമല്ല. യാത്രാബത്ത ക്ലെയിം ചെയ്യുന്നവർ അസൽ ടിക്കറ്റും ബില്ലിനൊപ്പം സമർപ്പിക്കണം.
ഈ ഉത്തരവ് നിലവിൽ വന്നതോടെ എല്ലാ വകുപ്പുകളിലുമുള്ള മേൽപ്പറയുന്ന ഗ്രേഡിൽ വരാത്ത ജീവനക്കാർ വെട്ടിലായി. യാത്രാപ്പടി ലഭിക്കുമെന്ന പ്രതീക്ഷയിൽ വന്ദേഭാരതിൽ യാത്ര ചെയ്തിരുന്നവരാണ് ഏറെയും. പുതിയ ഉത്തരവ് അനുസരിച്ച് പൊലീസ് വകുപ്പിൽ ഡിവൈ.എസ്‌പി മുതൽ മുകളിലേക്ക് റാങ്കിലുള്ളവർക്കാകും വന്ദേഭാരതിൽ യാത്രാപ്പടിക്ക് അർഹത. റവന്യൂ വകുപ്പിൽ നോക്കിയാൽ ആർ.ഡി.ഓ, ഡെപ്യൂട്ടി കലക്ടർ തസ്തികയ്ക്ക് മുകളിലേക്കുള്ളവർക്ക് വന്ദേഭാരതിൽ യാത്ര ചെയ്യാം.
വന്ദേഭാരത് സമയലാഭം ഉണ്ടാക്കുമെന്നതിനാൽ സിവിൽ പൊലീസ് ഓഫീസർമാർ അടക്കം യാത്ര ചെയ്യുന്നത് ഇതിലാണ്. കോട്ടയത്തുള്ള ഒരു ഓഫീസർക്ക് കോഴിക്കോട് വരെ പോയി വരണമെങ്കിൽ വന്ദേഭാരതാണ് ആശ്രയിക്കുന്നത്. ശബരിമല ഡ്യൂട്ടിക്ക് വന്നിരിക്കുന്ന വടക്കൻ ജില്ലയിൽ നിന്നുള്ള പൊലീസുകാർ മടക്കയാത്രയ്ക്ക് വന്ദേഭാരതാണ് ബുക്ക് ചെയ്തിരിക്കുന്നത്. വന്ദേഭാരത് വന്നതിന് ശേഷം മിക്ക സർക്കാർ ജീവനക്കാരും ഔദ്യോഗിക യാത്രയ്ക്ക് തെരഞ്ഞെടുക്കുന്നത് അതാണ്. സർക്കാരിൽ നിന്ന് യാത്രാപ്പടി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. സമയലാഭമാണ് ഏറ്റവും വലിയ മെച്ചം.
അതേ സമയം, മന്ത്രിമാർക്കും പഴ്സണൽ സ്റ്റാഫിനും വന്ദേഭാരതിൽ യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. ജീവനക്കാർക്കിടയിൽ ഇത് ചർച്ചാ വിഷയമാണ്. ഡി.എ അടക്കം ആനുകൂല്യങ്ങൾ ജീവനക്കാർക്ക് മുടങ്ങിക്കിടക്കുകയും മന്ത്രിമാരും പഴ്സണൽ സ്റ്റാഫുകളും അതൊക്കെ അനുഭവിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം ജീവനക്കാർക്കിടയിൽ ശക്തമാണ്.