തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷന്റെ പക്കലുള്ള വന്ദേഭാരത് സ്‌പെയർ ട്രെയിൻ ഉപയോഗിച്ച് എറണാകുളം-ബെംഗളൂരു, കോയമ്പത്തൂർ-തിരുവനന്തപുരം വന്ദേഭാരത് സർവീസുകളിൽ ഒന്നിനു സാധ്യത. കാസർകോട് ട്രെയിൻ മംഗളൂരുവിലേക്കു നീട്ടുന്നതോടെ ട്രെയിനിന്റെ തിരുവനന്തപുരത്തെ അറ്റകുറ്റപ്പണിയും അവിടേക്കു മാറും. ഇതോടെ സ്‌പെയർ റേക്ക് ഇല്ലാതെ സർവീസ് നടത്താൻ കഴിയും. ഈ സാഹചര്യത്തിലാണ് തീരുമാനം.

ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം കാസർകോട് വന്ദേഭാരത് മംഗളൂരുവിലേക്കു നീട്ടാൻ റെയിൽവേ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനൊപ്പം ഗോവയിൽ നിന്നുള്ള വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടാനും സാധ്യതയുണ്ട്. കേരളം ആദ്യം മുതൽ എറണാകുളം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് ആവശ്യപ്പെടുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണി സൗകര്യം ഇല്ലാതിരുന്നതിനാൽ പരിഗണിച്ചിരുന്നില്ല. ഇതിനുള്ള സാഹചര്യമാണ് മാറുന്നത്.

വന്ദേഭാരത് അറ്റകുറ്റപ്പണിക്ക് ആവശ്യമായ വൈദ്യുതീകരിച്ച പിറ്റ്ലൈൻ എറണാകുളത്ത് വൈകാതെ കമ്മിഷൻ ചെയ്യും. ബെംഗളൂരു സർവീസിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഹൈബി ഈഡൻ എംപി റെയിൽവേ മന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്. പുലർച്ചെ 5ന് ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന തരത്തിൽ ട്രെയിനോടിക്കണമെന്നാണ് ആവശ്യം. ഇത് കേരളത്തിന് ഏറെ ഗുണം ചെയ്യും.

കോയമ്പത്തൂർ-തിരുവനന്തപുരം വന്ദേഭാരതിനായി പാലക്കാട് എംപി വി.കെ.ശ്രീകണ്ഠനും കോയമ്പത്തൂർ എംഎൽഎയും മഹിളാ മോർച്ച ദേശീയ പ്രസിഡന്റുമായ വാനതി ശ്രീനിവാസനും റെയിൽവേ മന്ത്രിയെ കണ്ടിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പുലർച്ചെ 3ന് ഐലൻഡ് എക്സ്‌പ്രസ് പോയിക്കഴിഞ്ഞാൽ അടുത്ത പ്രതിദിന ട്രെയിൻ രാവിലെ 8നുള്ള ശബരി എക്സ്‌പ്രസാണ്. പാലക്കാടും തിരുവനന്തപുരവും വന്ദേഭാരതിൽ ബന്ധപ്പെടുത്തിയാൽ കേരളത്തിലെ എല്ലാ തീവണ്ടി പാതയിലൂടെയും വന്ദേഭാരത് ഓടുകയും ചെയ്യും.

എന്നാൽ ബംഗ്ലൂരു സർവ്വീസിനോടാകും കേന്ദ്രം കൂടുതൽ താൽപ്പര്യം കാട്ടുകയെന്ന് സൂചനയുണ്ട്. തിരിഞ്ഞെടുപ്പ് അടുത്തതിനാൽ ഉടൻ തീരുമാനം എടുക്കും. പ്രധാനമന്ത്രി 27ന് കേരളത്തിലെത്തുന്നുണ്ട്. അതിനു മുമ്പ് പ്രഖ്യാപനത്തിന് സാധ്യത കൂടുതലാണ്.