ഇടുക്കി: വീണ്ടും സാമൂഹിക പെൻഷനിൽ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി സമരം. കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ജന്തർമന്തറിൽ സമരത്തിന് ഡൽഹിയിലാണ്. ഇതിനിടെയാണ് കേരളത്തിൽ വ്യത്യസ്ത സമരം. ക്ഷേമ പെൻഷൻ മുടങ്ങിയ സംഭവത്തിൽ റോഡിലിരുന്ന് പ്രതിഷേധിച്ച് 90കാരി ചർച്ചകൾ പുതു മാനം നൽകുന്നു. ഇടുക്കിയിലെ മറിയക്കുട്ടിയുടെ പുതിയ പിൻഗാമി.

ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ് പാലത്താണ് സംഭവം. കറുപ്പ് പാലം സ്വദേശിനി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം ഉണ്ടായത്. റോഡിലിരുന്ന് പ്രതിഷേധിക്കുന്നത് അറിഞ്ഞ പൊലീസ് പൊന്നമ്മയെ അനുനയിപ്പിച്ച് തിരിച്ചയച്ചു. വണ്ടിപ്പെരിയാർ പൊലീസെത്തിയാണ് പൊന്നമ്മയെ അനുനയിപ്പിച്ചത്. അഞ്ചു മാസമായി പെൻഷൻ കിട്ടുന്നില്ലെന്ന് പൊന്നമ്മയുടെ മകൻ പറഞ്ഞു. കിടപ്പു രോഗിയായയിട്ടും വീട്ടിൽ വന്ന് മസ്റ്ററിങ് നടപടിയും നടത്തിയിട്ടില്ലെന്ന് മകൻ പറയുന്നു. ഈ സമയം മുഖ്യമന്ത്രി ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരായ സമരത്തിന്റെ മുന്നൊരുക്കത്തിലായിരുന്നു.

പെൻഷൻ മുടങ്ങിയതോടെ റോഡിൽ കസേരയിട്ടിരുന്ന് പ്രതിഷേധിക്കുകയായിരുന്നു തൊണ്ണൂറുകാരി. അഞ്ചുമാസമായി വണ്ടിപ്പെരിയാർ സ്വദേശിനി പൊന്നമ്മയ്ക്ക് പെൻഷൻ ലഭിച്ചിട്ട്. വണ്ടിപ്പെരിയാർ വള്ളക്കടവ് റോഡിലെ എച്ച്പിസിയിൽ ഒന്നര മണിക്കൂറോളം റോഡിൽ കസേരയിട്ടിരുന്നാണ് പൊന്നമ്മ തന്റെ പ്രതിഷേധം അറിയിച്ചത്. അതിനിടെ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് പൊന്നമ്മയ്‌ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. ഇത് പൊലീസ് പരിശോധിക്കുന്നുവെന്നാണ് സൂചന. എന്നാൽ വിവാദങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ പക്ഷം.

റോഡിലിരുന്നതിനെ തുടർന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങൾ നിർത്തിയിട്ടു. സ്വകാര്യ ബസും അൽപനേരത്തേക്കു കുടുങ്ങി. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്നും പ്രശ്‌നം പരിഹരിക്കാതെ റോഡിൽ നിന്നു മാറില്ലെന്നും പൊന്നമ്മയും മകൻ മായനും നിലപാടെടുത്തു. പിന്നീടു വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി അനുനയിപ്പിച്ച് പൊന്നമ്മയെയും മകനെയും വീട്ടിലേക്കു മാറ്റുകയായിരുന്നു. എച്ച്പിസിയിൽ ഒറ്റമുറി വീട്ടിലാണു പൊന്നമ്മ കഴിയുന്നത്. ഈ പ്രതിഷേധത്തിന് പിന്നിലും രാഷ്ട്രീയ ഇടപെടലുകൾ സിപിഎം സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അന്വേഷണം നടത്താനും സാധ്യത ഏറെയാണ്.

ഇത്തരം പ്രതിഷേധങ്ങൾ സർക്കാരിന് തലവേദനായാണ്. അതുകൊണ്ട് തന്നെ ഇത് ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ എടുക്കും. മറിയക്കുട്ടിയുടെ പിച്ച ചട്ടി എടുക്കൽ സമരം കേരളത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇത്തരം സമരത്തിനെതിരായ ഒളിയമ്പുകൾ ബജറ്റിലും ഉണ്ടായിരുന്നു.