തിരുവനന്തപുരം : മരണത്തിനും ജീവിതത്തിനുമിടയിലെ സന്ധികളിലൂടെ പലവട്ടം കടന്നുപോയ മലയാളികളുടെ പ്രിയപ്പെട്ട വാവ സുരേഷ് വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള കഠിനശ്രമത്തിലാണ്. പത്തു മാസത്തിനിടെയുണ്ടായ മൂന്ന് അപകടങ്ങളിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ആശ്വാസത്തിലാണ് മലയാളികളുടെ സ്വന്തം വാവ സുരേഷ്. ഒടുവിലുണ്ടായ വാഹനാപകടത്തിലെ ചികിത്സയ്ക്ക് ശേഷം സജീവമായി മടങ്ങിവരാനൊരുങ്ങുകയാണ് വാവസുരേഷ്.

ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കിണറ്റിൽ വീണ പാമ്പിനെ പുറത്തെടുക്കാൻ സഹായം തേടിയുള്ള ഫോൺ വിഴി വന്നതോടെ ആലപ്പുഴ ചെങ്ങന്നൂർ കാരക്കാടേക്ക് പോകുന്ന വഴിയിയിൽ ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ വച്ച് വാവ സുരേഷ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുകയായിരുന്നു. മുന്നിലൂടെ പോയ കാർ അമിത വേഗതയിൽ റോഡരികിലെ മൺതിട്ടയിൽ ഇടിച്ചശേഷം വാവ സഞ്ചരിച്ചിരുന്ന കാറിൽ വന്നിടിക്കുകയിരുന്നു. ഇതോടെ വാവയുടെ കാർ വെട്ടിത്തിരിക്കുന്നതിനിടെ എതിരെ വരികയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറി.

ഓടിയെത്തിയ നാട്ടുകാർ 108 വിളിച്ചുവരുത്തി വാവയെയും ഡ്രൈവർ നന്ദുവിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ മൂക്ക് എല്ലിന് പൊട്ടലും സ്പൈനൽ കോഡിന് ക്ഷതവുമേറ്റു. കഴുത്തിൽ കോളറും, നടുവിൽ ബെൽറ്റുമിട്ട് വിശ്രമത്തിലാണിപ്പോൾ വാവ. മെഡിക്കൽ കോളേജിന് സമീപത്തെ മുറിയിലാണ് വാവ സുരേഷ് വിശ്രമത്തിൽ കഴിയുന്നത്.

നേരത്തെയുണ്ടായ വാഹനാപകടത്തിലും വാവസുരേഷിന്റെ സ്പൈനൽ കോഡിന് ക്ഷതമേറ്റിരുന്നു. ഇപ്പോഴും അതേ സ്ഥാനത്ത് തന്നെ ക്ഷതമുണ്ടായതിനാൽ ഡോക്ടർമാർ ആശങ്കയിലാണ്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം സുഖപ്പെട്ടില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ വാവയോട് പറഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ ആവശ്യം വരില്ലെന്നും വളരെപെട്ടെന്ന് കർമ്മരംഗത്ത് തിരിച്ചെത്താനാകുമെന്നുമാണ് വാവ സുരേഷിന്റെ പ്രതീക്ഷ പത്തുമാസത്തിനിടെ മൂന്നാമത്തെ അപകടമാണ് വാവയ്ക്ക് ഉണ്ടാകുന്നത്.

അതിൽ ഏറ്റവും ഭീകരം ഇക്കഴിഞ്ഞ ജനുവരി 13 നുണ്ടായ വാഹനാപകടമായിരുന്നു. അതിന്റെ പരുക്കിൽ നിന്നും മോചിതനാകും മുൻപ് അതേമാസം 31 ന് കോട്ടയത്തു വച്ച് പാമ്പുകടി. ഇപ്പോൾ ഏറ്റവുമൊടുവിൽ മറ്റൊരു വാഹനാപകടം കൂടി. കോട്ടയത്ത് വച്ചുള്ള പാമ്പുകടിയിൽ നിന്ന് എറെ പണിപ്പെട്ടാണ് വാവ സുരേഷ് മടങ്ങിയെത്തിയത്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം കൂടിയായിരുന്നു അത്. ദിവസവും മെഡിക്കൽ ബോർഡ് കൂടി ചേർന്ന് വാവ സുരേഷിന്റെ ആരോഗ്യ നില പരിശോധിച്ചിരുന്നു. മരുന്നുകളിൽ വേണ്ട സമയത്ത് നടത്തിയ മാറ്റം ആണ് സുരേഷ് ഇന്ന് ജീവിച്ചിരിക്കാൻ കാരണം.
സാധാരണ ഒരാൾക്ക് നൽകുന്നതിൽ കൂടുതൽ ആന്റിവെനം ആണ് വാവ സുരേഷിന് നൽകിയത്.കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.65 കുപ്പി ആന്റിവെനമാണ് വാവ സുരേഷിന്റെ ശരീരത്തിൽ കുത്തിവെച്ചത്. ആദ്യം കൊടുത്ത ആന്റിവെനം കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് കൂടുതൽ മരുന്ന് പ്രയോഗിക്കേണ്ടി വന്നു.

സാധാരണ മൂർഖൻ പാമ്പിന്റെ കടി ഏൽക്കുന്ന ഒരാൾക്ക് 25 കുപ്പി ആന്റി വെനം ആണ് നൽകി വരുന്നത്. സുരേഷിന്റെ ശരീരത്തിൽ കൂടുതൽ അളവിൽ വിഷം കയറിയതുകൊണ്ടാണ് കൂടുതൽ ആന്റി വെനം നൽകേണ്ടി വന്നത്. ആ സംഭവത്തിന് ശേഷം ദൂരെ സ്ഥലത്തേക്ക് പാമ്പുപിടിക്കാൻ പോകരുത് എന്ന് മന്ത്രി വി എൻ വാസവൻ വാവ സുരേഷിനോട് അഭ്യർത്ഥിച്ചിരുന്നു. പാമ്പുപിടിക്കുമ്പോൾ ഇനി കൂടുതൽ മുൻകരുതൽ വേണം എന്നും വാവ സുരേഷിനോട് അഭ്യർത്ഥിച്ചു. അതേസമയം മന്ത്രിയുടെ ആദ്യ അഭ്യർത്ഥന വാവ സുരേഷ് ചിരിച്ചു കൊണ്ട് ആണ് നേരിട്ടത്. കേരളത്തിൽ എവിടെ നിന്ന് ആളുകൾ വിളിച്ചാലും തനിക്ക് പോകാതിരിക്കാൻ ആകില്ല എന്നായിരുന്നു വാവ സുരേഷ് പറഞ്ഞത്.

ജനുവരി 31ന് വൈകിട്ട് 4.15 നാണ് വാവ സുരേഷിനെ കോട്ടയം കുറിച്ചിയിൽ വച്ച് മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്ത് പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് ഇഴഞ്ഞു പോയ പാമ്പിനെ പിടിച്ചു വാവ സുരേഷ് ചാക്കിലേക്ക് കയറ്റി. തുടർന്ന് കാറിൽ വാവസുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ സ്ഥിതി ഗുരുതരം ആയതോടെയാണ് കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചത്. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാണ് വാവസുരേഷിന് ചികിത്സ നൽകിയത്.