പത്തനംതിട്ട: നോക്കണേ, സിപിഎമ്മിന്റെ ഒരു ഗതികേട്. ആരോഗ്യമന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ ഗതിമാറ്റി നിർമ്മിക്കുന്നുവെന്ന് ആക്ഷേപം ഉന്നയിച്ചത് സിപിഎം ജില്ലാ കമ്മറ്റിയംഗം കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. സമരം ഏറ്റെടുത്ത് കോൺഗ്രസും ബിജെപിയും. വാർത്തകൾ റിപ്പോർട്ട് ചെയ്ത് മാധ്യമങ്ങളും.

ഇതിനിടെ റവന്യൂ-സർവേ വകുപ്പുകളുടെ പണി കൂടി സ്വയം ഏറ്റെടുത്ത് മന്ത്രി ഭർത്താവിന്റെ റോഡ് അളപ്പിക്കൽ. എല്ലാത്തിനും മൂല കാരണം മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിൽ ഓട വളഞ്ഞത്. ഇദ്ദേഹത്തെ വെള്ളപൂശാൻ വേണ്ടി രാഷ്ട്രീയ വിശദീകരണ യോഗം വിളിക്കേണ്ട ഗതികേടിലായിരിക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. കുറ്റം മുഴുവൻ മാധ്യമങ്ങൾക്കും കോൺഗ്രസിനും ബിജെപിക്കും ചാർത്തിക്കൊടുത്തു കൊണ്ടുള്ള ക്യാപ്സ്യൂൾ യഥാർഥത്തിൽ ലക്ഷ്യമിടുന്നത് ആരോഗ്യമന്ത്രി വീണാ ജോർജിന്റെയും ഭർത്താവ് ജോർജ് ജോസഫിന്റെയും ഇമേജ് സംരക്ഷണം.

ഇന്ന് വൈകിട്ട് നാലിന് കൊടുമൺ ജങ്ഷനിലാണ് രാഷ്ട്രീയ വിശദീകരണ യോഗം സിപിഎം വിളിച്ചിരിക്കുന്നത്. ജോർജ് ജോസഫിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ച സിപിഎം ജില്ലാ കമ്മറ്റിയംഗവും കൊടുമൺ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. ശ്രീധരനും യോഗത്തിനുണ്ടെന്നതാണ് ശ്രദ്ധേയം. ഇദ്ദേഹം ഓട നിർമ്മാണത്തിൽ എന്തു നിലപാടാകും വ്യക്തമാക്കുക എന്നാണ് എല്ലാവരുടെയും ശ്രദ്ധ. ജോർജ് ജോസഫ് കെഎസ്ടിപി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉന്നയിച്ചതും പഞ്ചായത്ത് കമ്മറ്റിയിൽ പ്രമേയം പാസാക്കിയതും കെ.കെ. ശ്രീധരനാണ്. ഇത് ഏറ്റു പിടിച്ച് കോൺഗ്രസും ബിജെപിയും കെട്ടിടത്തിന് മുന്നിൽ ഓട പണി തടഞ്ഞ് കൊടി നാട്ടി.

സിപിഎം ജില്ലാ സെക്രട്ടറി അടക്കം മന്ത്രിയുടെ ഭർത്താവിനൊപ്പം നിന്നു. ഇതോടെ കഴിഞ്ഞ ദിവസം ജോർജ് ജോസഫ് നേരിട്ട് റോഡ് അളക്കാനെത്തി. റവന്യൂ ഉദ്യോഗസ്ഥരുടെ അളവിന് സമാന്തരമായിട്ടായിരുന്നു ജോർജിന്റെ അളക്കൽ. കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് അളക്കാൻ ജോർജ് തന്റെ ആളുകളുമായി വന്നതോടെ പ്രവർത്തകർ തടഞ്ഞു. കൈയേറ്റവും വാക്കേറ്റവുമുണ്ടായി. ഭൂമി അളക്കാൻ ജോർജ് ആരാണെന്ന ചോദ്യമാണ് പ്രവർത്തകർ ഉന്നയിച്ചത്. ജോർജിന്റെ ഈ നടപടിയും പാർട്ടിക്ക് ക്ഷീണമായി. തുടർന്നാണ് ഇപ്പോൾ സിപിഎം ഇടപെട്ട് വെള്ളപൂശാൻ വേണ്ടി പൊതുയോഗം വിളിച്ചിരിക്കുന്നത്.

സർക്കാരിനെയും ആരോഗ്യമന്ത്രി വീണാ ജോർജിനെയും അധിക്ഷേപിക്കുന്നതിന് ഒരു കൂട്ടം മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നുവെന്ന് ഒരു വരി മാത്രമാണ് നോട്ടീസിലുള്ളത്. ബാക്കിയൊക്കെ കോൺഗ്രസ്, പുറമ്പോക്ക് കൈയേറിയെന്നും വികസനം തടസപ്പെടുത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങളാണ്. വികസന വിരോധികൾക്കെതിരേയാണ് സമരമെന്ന് പറയുന്നുണ്ടെങ്കിലും യഥാർഥ ലക്ഷ്യം ജോർജ് ജോസഫിന്റെയും മന്ത്രി വീണാ ജോർജിന്റെയും ഇമേജ് സംരക്ഷണമാണെന്നുള്ളത് വ്യക്തമാണ്.