തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിലെ കേന്ദ്ര അന്വേഷണം സിപിഎമ്മിനേയും വെട്ടിലാക്കും. എക്‌സാലോജിക് രജിസ്റ്റർ ചെയ്തത് എകെജി സെന്ററിന്റെ അഡ്രസുപയോഗിച്ചാണ്. പാർട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് വീണ ബെംഗളൂരുവിൽ കമ്പനി രജിസ്റ്റർ ചെയ്തത്. വീണ 2014 ൽ കമ്പനി ആരംഭിക്കുന്ന കാലത്ത് പിണറായിയും കുടുംബവും തലസ്ഥാനത്തു താമസിച്ചിരുന്നത് എകെജി സെന്ററിനടുത്ത് പാർട്ടിയുടെ ഫ്‌ളാറ്റിലായിരുന്നു. എന്നാൽ ഈ ഫ്‌ളാറ്റിന്റെയല്ല, പാർട്ടി ആസ്ഥാനത്തിന്റെ തന്നെ വിലാസമാണ് വീണ ഉപയോഗിച്ചത്. എന്നാൽ നോമിനിയായി ഉൾപ്പെടുത്തിയ അമ്മ കമലയുടെ വിലാസം കണ്ണൂരിലേതായിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥർ എകെജി സെന്ററിലും എത്താനുള്ള സാധ്യത സിപിഎം കാണുന്നുണ്ട്.

പിണറായി മുഖ്യമന്ത്രിയായതോടെ കമ്പനിയുടെ വളർച്ച അതിവേഗമായി. നിരവധി കരാറുകൾ കിട്ടി. എന്നാൽ മാസപ്പടി വിവാദം വന്നതിന് പിന്നാലെ കമ്പനി അടച്ചു പൂട്ടുകയും ചെയ്തു. ഈ വിഷയത്തിൽ സർക്കാരും മറുപടി പറയേണ്ടതുണ്ട്. കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ പ്രാഥമിക അന്വേഷണത്തോടു കെഎസ്‌ഐഡിസി സഹകരിച്ചില്ലെന്ന കോർപറേറ്റ്കാര്യ ഡയറക്ടർ ജനറലിന്റെ പരാമർശം ഗുരുതര സ്വഭാവമുള്ളതാണ്. കെഎസ്‌ഐഡിസി എന്തുകൊണ്ട് സ്വന്തം ഭാഗം വിശദീകരിച്ചില്ലെന്നതാണു ചോദ്യം. കെ എസ് ഐ ഡി സി മറുപടി നൽകിയിരുന്നു. എന്നാൽ ചോദ്യച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ലെന്നതാണ് വസ്തുത. ഇതുകൊണ്ടാണ് അന്വേഷണം കെ എസ് ഐ ഡി സിയിലേക്ക് പോകുന്നത്. സിഎംആർഎലിൽ ഏറ്റവും വലിയ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനം കെഎസ്‌ഐഡിസിയാണ്. കെ എസ് ഐ ഡി സിയുടെ പ്രതിനിധി ഡയറക്ടർ ബോർഡിലും ഉണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ തങ്ങൾക്ക് എക്‌സാലോജിക്കുമായി ബന്ധമില്ലെന്ന മറുപടിയാണ് കെ എസ് ഐ ഡി സി നൽകിയത്. ഇത് കമ്പനികാര്യ വകുപ്പ് അംഗീകരിക്കില്ല.

എക്‌സാലോജിക്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ബി.എസ്. വരുൺ (ഡെപ്യൂട്ടി ആർ.ഒ.സി.- കർണാടകം), കെ.എം. ശങ്കർനാരായൺ (ഡെപ്യൂട്ടി ഡയറക്ടർ, ചെന്നൈ), എ. ഗോകുൽനാഥ് (ആർ.ഒ.സി.-പുതുച്ചേരി) എന്നിവരാണ് അന്വേഷിക്കും. ഇവരോട് നാലുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കേന്ദ്ര കമ്പനികാര്യ ഡയറക്ടർ ജനറലിന്റെ ഓഫീസ് നിർദേശിച്ചു. സി.എം.ആർ.എൽ., എക്‌സാലോജിക് എന്നിവ നൽകിയ വിശദീകരണം അവ്യക്തമാണെന്ന് എറണാകുളത്തെ കമ്പനി രജിസ്ട്രാറും റിപ്പോർട്ട് നൽകി. കെ.എസ്‌ഐ.ഡി.സി.യാകട്ടെ ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കമ്പനി നിയമത്തിലെ 210(ഒന്ന്)(സി) വകുപ്പുപ്രകാരം മൂന്ന് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.

സിഎംആർഎലിനെതിരെ ആദായനികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തലുണ്ടായശേഷവും ബന്ധം അവസാനിപ്പിക്കാൻ കെഎസ്‌ഐഡിസി തയാറായില്ല. പകരം, ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലെ ഒഴിവിലേക്കു സ്വന്തം പ്രതിനിധിയെ ഉൾപ്പെടുത്തി. 78 കമ്പനികളിലായി 800 കോടി രൂപ വിപണി മൂല്യമുള്ള നിക്ഷേപമുണ്ടെന്നും സിഎംആർഎലിലെ ഓഹരി പങ്കാളിത്തത്തിൽ പ്രത്യേക താൽപര്യമിമില്ലെന്നുമാണ് കെഎസ്‌ഐഡിസിയുടെ വാദം. ഇത് നിയമപരമായി നിലനിൽക്കില്ല. പൊതു ഖജനാവിലെ പണമാണ് കെ എസ് ഐ ഡി സിയുടെ അനാസ്ഥയിൽ നഷ്ടമാകുന്നത്. എക്‌സാലോജികിലും സംശയങ്ങൾ കമ്പനി കാര്യ വകുപ്പിനുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ് കമ്പനി കേരളത്തിൽ കൂടുതൽ കരാറുകൾ നേടുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയാണെങ്കിലും ഇവർ തയാറാക്കിയ സോഫ്റ്റ്‌വെയറുകളെക്കുറിച്ചോ ഇടപാടുകാരെക്കുറിച്ചോ ഉയർന്ന ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ കമ്പനിക്കോ പാർട്ടിക്കോ കഴിഞ്ഞിട്ടില്ല.

എക്‌സാലോജിക് ജീവനക്കാരുടെ വിവരങ്ങൾ പുറത്തുവിടാൻ മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. സാമ്പത്തിക ഇടപാടുകൾക്കു മറയായ 'ഷെൽ കമ്പനി' ആണിതെന്നു പ്രതിപക്ഷം ആരോപിച്ചത് ഈ സാഹചര്യത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ, കേന്ദ്രത്തിന്റേത് രാഷ്ട്രീയലക്ഷ്യമെന്നാണ് സിപിഎമ്മിലെ വിലയിരുത്തൽ. വിവാദം തിരഞ്ഞെടുപ്പ് ചർച്ചയാക്കി പാർട്ടിക്കും സർക്കാരിനും പരിക്കേൽപ്പിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ നീക്കത്തെ കരുതലോടെ സിപിഎം ചെറുക്കും. നിയമയുദ്ധം വീണ വ്യക്തിപരമായി നടത്തുമെന്ന നിലപാടിലാണ് സിപിഎം. സി.എം.ആർ.എലും എക്‌സാലോജിക്കും തമ്മിലുള്ളത് രണ്ടു കമ്പനികളുടെ കരാർപ്രകാരമുള്ള ഇടപാടാണെന്നും അക്കൗണ്ട് വഴി നടന്ന പണവിനിമയം സുതാര്യമാണെന്നുമാണ് മാസപ്പടി വിവാദത്തിൽ സിപിഎം. നേരത്തെ വിശദീകരിച്ചത്.

കേരളത്തിലും കർണാടകയിലും നികുതി അടച്ചെന്ന് ധനവകുപ്പും വ്യക്തമാക്കി. ആദായനികുതി തർക്കപരിഹാര ബോർഡിന്റെ ഉത്തരവിൽ സ്വാധീനമുള്ള ഉന്നതന്റെ മകളെന്നു വീണയെ വിശേഷിപ്പിച്ചതിൽത്തന്നെ രാഷ്ട്രീയം ഉണ്ടെന്ന് സിപിഎം വാദിക്കും. വീണയ്ക്ക് സ്വകാര്യകമ്പനിയായ സി.എം.ആർ.എൽ. 1.72 കോടി രൂപ നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയിരുന്നു.