- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ വിജയന് തിരിച്ചടി; എസ് എഫ് ഐ ഒ അന്വേഷണം തുടരാം; എക്‌സാലോജിക്കിന്റെ ഹർജി തള്ളി; കേസിൽ അറസ്റ്റിന് സാധ്യത; പിണറായി കുടുംബത്തിന് വെല്ലുവിളിയായി കർണ്ണാടക ഹൈക്കോടതി വിധി
ബംഗ്ലൂരു: കർണ്ണാടക ഹൈക്കോടതിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് തിരിച്ചടി. പിണറായിയുടെ മകൾക്കെതിരായ അന്വേഷണം തുടരാമെന്നാണ് കോടതിയുടെ വിധി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കരുത്ത് പകരുന്നതാണ് വിധി. ഒറ്റ വരിയിലാണ് വിധിപ്രസ്താവം. അതുകൊണ്ട് തന്നെ വിശദ വിധിയിലൂടെ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരൂ. എക്‌സാലോജിക്കിന്റെ ഹർജി തള്ളുന്നുവെന്നും നാളെ വിശദ വിധി പറയാമെന്നുമാണ് കോടതിയുടെ ഇന്നത്തെ വിശദീകരിക്കൽ. ഇതോടെ എസ് എഫ് ഐ ഒയ്ക്ക് അന്വേഷണവുമായി മുമ്പോട്ട് പോകാം. അറസ്റ്റുൾപ്പെടെയുള്ള നീക്കത്തിന് കഴിയുന്ന ഏജൻസിയാണ് എസ് എഫ് ഐ ഒ. അതുകൊണ്ട് തന്നെ വീണയ്ക്ക് മുമ്പിൽ പ്രതിസന്ധി കൂടുകയാണ്.
സിഎംആർഎല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തെ ചോദ്യം ചെയ്തുള്ള കേസിൽലാണ് എക്‌സാലോജിക്കിനു തിരിച്ചടി ഉണ്ടാകുന്നത്. എസ്എഫ് ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും എക്‌സാലോജിക് ഡയറക്ടറുമായ വീണ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളുന്നത് അന്വേഷണത്തിന് പുതിയ മാനം നൽകും. വിധിയുടെ വിശദവിവരങ്ങൾ ശനിയാഴ്ച രാവിലെ 10.30-ന് നൽകാമെന്ന് കോടതി വ്യക്തമാക്കി. എസ്എഫ്ഐഒ അന്വേഷണം തുടരാം. അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) അന്വേഷണം പുരോഗമിക്കുന്നതിനിടെ മറ്റൊരു വകുപ്പ് ചുമത്തി സമാന്തര അന്വേഷണം നടത്തുന്നതിനെയാണ് എക്‌സാലോജിക് ചോദ്യം ചെയ്തത്. എന്നാൽ, സിഎംആർഎലിൽനിന്ന് 1.72 കോടി രൂപ എക്‌സാലോജിക് കൈപ്പറ്റിയതിനു തെളിവുണ്ടെന്നും ഗുരുതര കുറ്റമാണെന്നും വിപുലമായ അധികാരമുള്ള ഏജൻസി തന്നെ അന്വേഷിക്കേണ്ടതുണ്ടെന്നും എസ്എഫ്‌ഐഒ വാദിച്ചു. ഇത് കോടതി മുഖവിലയ്‌ക്കെടുത്തു. അതുകൊണ്ടാണ് അന്വേഷണത്തിന് അനുമതി നൽകുന്നത്. വീണാ വിജയന്റെ അറസ്റ്റു തടയുമോ എന്ന് വിശദ വിധിയിൽ അറിയാം. ഇടക്കാല ഉത്തരവാണ് ഇന്ന് പ്രതീക്ഷിച്ചത്. എന്നാൽ ഹർജി തള്ളുകയാണ് ഉണ്ടായത്. ഇതോടെ വിശദ വിധി വന്ന ശേഷം വീണാ വിജയന് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ കഴിയും. വലിയ തിരിച്ചടിയാണ് പിണറായി കുടുംബത്തിനുണ്ടാകുന്നത്.
മാസപ്പടി വിവാദത്തിൽ വീണയെ ചോദ്യം ചെയ്യാൻ എസ്എഫ്‌ഐഒ നീക്കം നടത്തുന്നതിനിടെയാണു ഹൈക്കോടതിയിൽ ഹർജി എത്തിയത്. ബെംഗളൂരുവിലെയും എറണാകുളത്തെയും രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) എക്‌സാലോജിക്‌സിഎംആർഎൽ ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയിരുന്നു. ഒരു സേവനവും നൽകാതെ എക്‌സാലോജിക്കിനു സിഎംആർഎൽ വൻ തുക കൈമാറിയെന്നാണു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇന്റിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം എസ്എഫ്‌ഐഒയ്ക്ക് കൈമാറി. 8 മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണു നിർദ്ദേശം. കേരള ഹൈക്കോടിതിയിൽ കെ എസ് ഐ ഡി സിക്ക് തിരിച്ചടിയുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് ബംഗ്ലൂരു കോടതിയിൽ എക്‌സാലോജിക് ഹർജി നൽകിയത്. അതും വിനയായി.
അറസ്റ്റ് തടയുന്ന എന്തെങ്കിലും കോടതി വിധിയിലുണ്ടാകുമോ എന്നതാണ് നിർണ്ണായകം. ഏതായാലും അന്വേഷണത്തിനുള്ള വസ്തുത കേസിലുണ്ടെന്ന് കർണ്ണാടക ഹൈക്കോടതിയും നിരീക്ഷിക്കുന്നതിന് തെളിവാണ് ഹൈക്കോടതിയുടെ ആദ്യ പരമാർശം. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ എക്‌സാലോജിക്കിന് ഇനി സഹകരിക്കേണ്ടി വരും. കെ എസ് ഐ ഡി സി നൽകിയ ഹർജി കേരളാ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹർജിയേയും കർണ്ണാടക കോടതിയുടെ വിധി സ്വാധീനിക്കും. ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ കേരള ഹൈക്കോടതിയുടെ തീരുമാനം വരും. കേരളാ ഹൈക്കോടതിയിലെ ജഡ്ജിമാർക്കെതിരെ എതിർവിധി വരുമ്പോൾ സൈബർ സഖാക്കൾ പലവിധ പരാമർശം നടത്താറുണ്ട്. അതുകൊണ്ട് തന്നെ കർണ്ണാടകയിലെ കേസ് അതിപ്രസക്തമാണ്.
എക്‌സാലോജിക് - സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്‌ഐഒ അന്വേഷണം തുടരാം എന്നതാണ് കർണ്ണാടക വിധിയുടെ അന്തസത്ത. കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. രണ്ട് സമാന്തര അന്വേഷണങ്ങളാണോ കമ്പനിക്കെതിരെ നടക്കുന്നത് എന്ന് പോലും അറിയില്ല. അങ്ങനെയെങ്കിൽ അത് നിയമപരമായി നിലനിൽക്കില്ല. എസ്.എഫ്.ഐ.ഒ പോലെ ഒരു ഏജൻസിയിൽ നിന്ന് അറസ്റ്റ് അടക്കമുള്ള നടപടികളുണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും എക്‌സാലോജികിന്റെ അഭിഭാഷകൻ കർണ്ണാടക ഹൈക്കോടതിയിൽ വാദിച്ചിരുന്നു.
ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സി.എം.ആർ.എല്ലിന്റെ ഇടപാടിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ്.എഫ്.ഐ.ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കി. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് സി.എം.ആർ.എൽ വഴി 135 കോടി രൂപ വ്യക്തമായ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ടുവെന്ന് ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിൽ 1.72 കോടി രൂപ വീണ വിജയന്റെ എക്‌സാലോജിക്കിന് ഒരു സേവനവും നൽകാതെ നൽകിയതിനും തെളിവുണ്ട്.
മറുനാടന് മലയാളി ബ്യൂറോ