- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
' പഴയിടത്തിന് പകരം ഇനി ഫിറോസ് ചുട്ടിപ്പാറ; ഒട്ടകത്തെ നിർത്തി പൊരിച്ചും മയിലിനെ കറി വെക്കാൻ നോക്കിയും വിവാദനായകനായ വ്ളോഗർ കലവറ നിയന്ത്രിക്കട്ടെ; ഭാഗവത പാരായണ മത്സരമില്ല, ബൈബിൾ പാരായണ മത്സരമില്ല, പിന്നെ ഖുർആൻ പാരായണ മത്സരം എങ്ങനെ കയറിക്കൂടി'; വെജ് വിവാദം സാമുദായിക അന്തരീക്ഷം കലുഷിതമാക്കുമ്പോൾ
കോഴിക്കോട്: മനുഷ്യമനസ്സുകളിലേക്ക് സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും, മാനവികതയുടെയും ചിന്തകൾ ഉണർത്തുക കൂടിയാണ് സംസ്ഥാന സ്കുൾ കലോത്സവങ്ങളുടെ ധർമ്മമായി പറയുന്നത്. സർക്കാർ കോടികൾ പൊടിച്ച് മേള നടത്തുന്നതു സമൂഹത്തിലേക്ക് കുറേ ഗുണപരമായ ചർച്ചകള്ൾ ഉണ്ടാകാൻ വേണ്ടി കൂടിയാണല്ലോ.
എന്നാൽ ഇത്തവണത്തെ, സംസ്ഥാന സ്കുൾ കലോത്സവം കഴിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ നിറയുന്നത് വിവാദങ്ങളും വിദ്വേഷ ചർച്ചകളുമാണ്. കേരള സ്കൂൾ കലോത്സവത്തിൽ ഉയർന്ന നോൺ വെജ് ഭക്ഷണ വിവാദം പഴയിടം മോഹൻ നമ്പൂതിരിയുടെ പിന്മാറ്റത്തിലാണ് കലാശിച്ചത്. വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും, തനിക്ക് കലവറയിൽ കയറാൻ പേടിയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചത് വലിയ വിവാദമായിരുന്നു. 24 ന്യൂസിലെ മൂൻ അവതാരകകനും, പ്രഭാഷനുമായ ഡോ അരുൺകുമാർ അടക്കമുള്ളവർ ഉയർത്തിയ ബ്രാഹ്മണിക്കൽ ഹെജമണിയെന്ന ചർച്ച തീർത്തും സാമുദായിക ചർച്ചകളിലേക്കാണ് കലോത്സവത്തെ കൊണ്ടുപോകുന്നത്.
ഹലാലിനെ ചൊല്ലി തർക്കം
ഇനി നോൺ വെജ് വിളമ്പുകയാണെങ്കിൽ അതിൽ പോർക്ക് ഉണ്ടാവുമോ എന്ന് പലരും പിണറായി സർക്കാറിനെ വെല്ലുവിളിക്കുന്നുണ്ട്. അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നിങ്ങൾ ഭക്ഷണ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ചിട്ട് എന്തുകാര്യമെന്നാണ് ചോദ്യം. അതുപോലെ വിളമ്പുന്ന നോൺ വെജ് ഭക്ഷണം ഹലാൽ ഫുഡ് ആവുമോ എന്നും ചർച്ച ഉയരുന്നുണ്ട്. കലോത്സവത്തിൽ ഹലാൽ ഭക്ഷണം വിളമ്പിയാൽ തടയുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കിയതോടെയാണ് മുസ്ലിം ലീഗ് തങ്ങളുടെ നിലപാട് മാറ്റിയത്.
24 ന്യൂസിൽ അവതാരകൻ വേണു നയിച്ച ചർച്ചയിൽ, യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ഇക്കാര്യം തുറന്ന് സമ്മതിക്കുന്നുണ്ട്. 'നോൺ വെജ് വിളമ്പിയാൽ അവിടെ അത് ഹലാൽ ഭക്ഷണം ആവണമെന്ന് ആവശ്യം ഉയരും. അത് സ്വാഭാവികമാണ്. അപ്പോൾ അത് തടയുമെന്ന് സംഘപരിവാർ പറഞ്ഞിട്ടുണ്ട്. ഇത് കേരളത്തെ സംഘർഷത്തിലേക്കും വിദ്വേഷത്തിലേക്കും കൊണ്ടുപോകും. അതുകൊണ്ടാണ്, ഞങ്ങൾ പഴയ രീതിയെ അനുകൂലിക്കുന്നത്''- പി കെ ഫിറോസ് തുറന്ന് സമ്മതിക്കുന്നു. ഇതോടെ നോൺ വെജ് വേണമെന്ന് എടുത്തുചാടി പറഞ്ഞ, വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ശരിക്കും പ്രതിരോധത്തിൽ ആയിരിക്കയാണ്.
അതുപോലെ തന്നെ കലോത്സവ സ്വാഗതഗാനത്തിൽ, ഇസ്ലാമോഫോബിയ ഉണ്ടെന്ന് ആരോപണവും ഇപ്പോഴും വലിയ ചർച്ചയാണ്. ഇതിന്റെ നടത്തിപ്പുകാരനായ മന്ത്രി മുഹമ്മദ് റിയാസ് തന്നെ ഇത് സംഘപരിവാർ അജണ്ടയാണെന്നാണ് പറയുന്നത്. ഇടതു അദ്ധ്യാപക സംഘടനകളിലെ അംഗങ്ങളെ കുത്തിനിറച്ച് ഉണ്ടാക്കിയ കമ്മറ്റിയാണ് ഈ സ്വാഗതഗാനത്തിന് അനുമതി നൽകിയത്. പക്ഷേ കുറ്റം സംഘപരിവാറിനും. പാട്ടുണ്ടാക്കിയ മുഴവൻ പേരും സജീവ ഇടതുപക്ഷക്കാർ ആണ്. അത് അവതരിപ്പിച്ച ഒരാൾ മാത്രമാണ് സംഘപരിവാർ അനുഭാവി. അയാൾ വഴിയാണ് മൊത്തം കാര്യങ്ങൾ സംഘപരിവാറിന്റെ തലയിൽ ഇടുന്നത്. ആഗോള ഇസ്ലാമിക തീവ്രവാദം കത്തിനിൽക്കുന്ന ഈ സമയത്ത്, ആശയപരമായി ഗാനത്തിൽ തെറ്റില്ല എന്നും വിലയിരുത്തലുണ്ട്. പക്ഷേ ഇസ്ലാമിക പക്ഷത്തിന്റെ സമ്മർദത്തിന് അനുസരിച്ചാണ് സിപിഎം പ്രവർത്തിക്കുന്നത് എന്ന് ആരോപണമാണ് ഉയരുന്നത്.
ഇനി ഫിറോസ് ചുട്ടിപ്പാറ
അതിനിടെ പഴയിടം മോഹനൻ നമ്പൂതിരി പിന്മാറിയ സാഹചര്യത്തിൽ ഇനി ആര് എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഫുഡ് വ്ളോഗർ ഫിറോസ് ചുട്ടിപ്പാറയുടെ പേരാണ് സോഷ്യൽ ഉയർത്തി കാട്ടുന്നത്. ഫിറോസ് ചുട്ടിപ്പാറയും സഹായി രതീഷും വരണമെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത്.
പുതുമയാർന്ന പാചക വീഡിയോകൾക്കായി ഏതറ്റം വരെയും പോകുന്ന വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. അടുക്കളയിൽ നിന്നും പുറത്ത് അടുപ്പ് കൂട്ടിയുള്ള ഇദ്ദേഹത്തിന്റെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഒട്ടകത്തെ നിർത്തി പൊരിച്ചതും വിവാദമായ മയിൽ കറി വെയ്ക്കലും ചുട്ടിപ്പാറയുടെ ഫുഡ് വ്ളോഗിന്റെ വ്യത്യസ്തമാക്കിയിരുന്നു. പക്ഷേ ഇത് വെറും ട്രോൾ മാത്രമാണെന്നും, കലോത്സവം നടത്താനുള്ള സംവിധാനമൊന്നും ഫിറോസിനില്ല എന്നതും യാഥാർഥ്യമാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ ചർച്ചകളും ട്രോളുകളും പെരുകുകയാണ്.
ഭക്ഷണത്തിലടക്കം ജാതിയും മതവും നോക്കിയാൽ ഞങ്ങൾക്കും ചിലത് പറയാനുണ്ടെന്ന് ചിലർ ചോദിക്കുന്നു. കലോത്സവത്തിൽ ഖുർആൻ പാരായണ മത്സരം എങ്ങനെ കയറിക്കൂടി എന്നാണ് ചോദ്യം. 'ഭാഗവത പാരായണ മത്സരമില്ല, ബൈബിൾ പാരായണ മത്സരമില്ല, ഇതൊക്കെ വേണമെന്നല്ല. പക്ഷേ സകല കലകൾക്കും എതിരായ ഖുർആൻ പാരായണ മത്സരം കലോത്സവത്തിൽ എങ്ങനെ കയറിക്കൂടി'' എന്നാണ് ചോദ്യം ഉയരുന്നത്.
അതായത് ഈ കലോത്സവത്തോടെ കേരളത്തിന്റെ സാമുദായിക അന്തരീക്ഷം ഒന്ന്കൂടി കലുഷിതമാവുമെന്ന് ഉറപ്പായിരിക്കയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ