തിരുവനന്തപുരം: വെള്ളായണി കായലിന്റെ ആഴങ്ങളിൽ മൂന്ന് ഉറ്റ കൂട്ടുകാരുടെ ജീവൻ തന്റെ കൺമുന്നിൽ പൊലിഞ്ഞതിന്റെ ഞെട്ടൽ ഇപ്പോഴും സൂരജിനൊപ്പം. അവധി ദിനത്തിൽ സുഹൃത്തുകൾക്ക് ഒപ്പം ഭക്ഷണം കഴിച്ച ശേഷം വെള്ളായണി കായലിനടുത്തുള്ള വവ്വാമൂലയിൽ എത്തിയതായിരുന്നു സൂരജ്. അവധി ആഘോഷിക്കാനെത്തുമ്പോൾ അത് തീരാ ദുഃഖത്തിലേക്കുള്ള പോക്കാണെന്ന് സൂരജ് അറിഞ്ഞിരുന്നില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥികളും സൂരജിന്റെ ഉറ്റ സുഹൃത്തുക്കളുമായ വിഴിഞ്ഞം കടയ്ക്കുളം വാറുതട്ട് വിള വീട്ടിൽ ലാസറിന്റെ മകൻ ലിബിനോ. എൽ (20), മണക്കാട് കുര്യാത്തി എൻ.എസ്.എസ് കരയോഗം എആർഡബ്ല്യൂഎ 120ൽ സുരേഷ് കുമാറിന്റെ മകൻ മുകുന്ദൻ ഉണ്ണി(20), വെട്ടുകാട് തൈവിളകം ഹൗസിൽ ഫ്രാൻസിന്റെ മകൻ ഫെർഡിനാൻ ഫ്രാൻസിസ് (19) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് പൊഴിയൂർ ഇടച്ചിറ കരുണാഭവനിൽ സൂരജ് രക്ഷപ്പെട്ടു.

സുഹൃത്തുക്കളിൽ ഒരാൾ പുതിയ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിനാണ് നാലംഗ സംഘം അവധി ദിവസം വവ്വാമൂലയിൽ എത്തിയത് തുടർന്ന് മൂന്നുപേരും കായലിൽ കുളിക്കാൻ ഇറങ്ങി. ഈ സമയം സൂരജ് കരയിൽ നിൽക്കുകയായിരുന്നു. കുളിക്കുന്നതിനിടയിൽ മൂന്നംഗ സംഘം കായലിലെ ചാലിൽ അകപ്പെടുകയായിരുന്നു. മൂവരും വെള്ളത്തിൽ മുങ്ങിയത് കണ്ട് ഭയന്ന സൂരജ് ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് വാഹനം വരുന്നത് കണ്ടാണ് സമീപവാസികൾ സ്ഥലത്തെത്തുന്നത്.

വിഴിഞ്ഞത്തുനിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘം ചെറിയ വള്ളത്തിൽ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലാണ് മൂവരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. തുടർന്ന് വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർത്ഥികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നടപടികളെടുത്തു. ജില്ലാ കലക്ടറോടാണ് അന്വേഷിക്കാൻ നിർദ്ദേശം നൽകിയത്.

മരിച്ച മൂന്ന് വിദ്യാർത്ഥികളുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വിഴിഞ്ഞം ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥികളാണ് മരിച്ചത്. വർഷങ്ങൾ മുമ്പ് മണലെടുത്തുണ്ടായ വൻ കയങ്ങളിലാണ് വിദ്യാർത്ഥികൾ മുങ്ങി പോയത്. രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാർത്ഥികൾ അവധി ദിവസത്തിൽ സ്ഥലത്തെത്തിയത്.

സാധാരണയായി ആളുകൾ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നത്. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാർ പറഞ്ഞു. വെള്ളായണി കിരീടം പാലത്തിന് അടുത്താണ് വവ്വാമൂല.