കൊച്ചി: വെള്ളിയാമറ്റത്തെ കണ്ണീർ ജയറാം തുടയ്ക്കും... നടന് കൊടുക്കാം ഒരു കൈയടി. വെള്ളിയാമറ്റത്തെ വേദനയെ നടൻ നെഞ്ചോട് ചേർക്കുകയാണ്. വെള്ളിയാമറ്റത്ത് നേരിട്ടെത്തി കുട്ടികളെ സമാധാനിപ്പിക്കാൻ എത്തുകയാണ് ജയറാം. പുതുവർഷത്തിലെ ആദ്യദിനം വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ കുടുബത്തിന് സമ്മാനിച്ചത് വൻ ദുരന്തം. തീറ്റയായി നൽകിയ കപ്പത്തൊലിയിൽനിന്ന് വിഷബാധയേറ്റ് അഞ്ച് കറവപ്പശുക്കളക്കം 13 കന്നുകാലികളാണ് ചത്തത്. ഇവരിലേക്കാണ് സമാധാനവും പ്രതീക്ഷയും ആശ്വാസവുമായി ജയറാം എത്തുന്നത്. കുട്ടിക്കർഷകരായ കിഴക്കേപ്പറമ്പിൽ മാത്യുവിനും ജോർജിനും പുതുവർഷപ്പുലരി സമ്മാനിച്ചത് തീരാനഷ്ടവും നെഞ്ചുതകരുന്ന വേദനയുമാണ്. ഇവർ അരുമയായി വളർത്തിയിരുന്ന 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. ഇതിൽ കറവയുണ്ടായിരുന്ന അഞ്ച് പശുക്കളും ഉൾപ്പെടും. 

വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ കുടുബത്തിന്റെ വേദന താനും അനുഭവിച്ചതാണെന്ന് ജയറാം പറയുന്നു. മികച്ച ക്ഷീര കർഷകനുള്ള അവാർഡ് ഒന്നിലേറെ തവണ ജയറാമിന് കിട്ടിയിട്ടുണ്ട്. ഏഴു വർഷമായി ക്ഷീര വകുപ്പിന്റെ ബ്രാൻഡ് അംബാസിഡർ. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി വേണ്ടത് ചെയ്യുമെന്ന് ജയറാം വിശ്വസിക്കുന്നു. അതിന് അപ്പുറം ആ കുടുംബത്തിന്റെ വേദന ഏറ്റെടുത്ത് സഹായം ഉറപ്പാക്കുകയാണ് ജയറാം. തന്റെ പുതിയ ചിത്രമായ ഓസ് ലറിന്റെ ഓഡിയോ-ട്രയ്‌ലർ ലോഞ്ചിനായുള്ള പരിപാടി നടൻ വേണ്ടെന്ന് വച്ചു. ഈ പരിപാടിക്കായി മാറ്റി വച്ച തുക വെള്ളിയാമറ്റത്തെ കുട്ടികർഷകന് നൽകും. ഇതിന് കാരണവും ഉണ്ട്.

ജയറാമിന്റെ ഫാമിലും അറു വർഷം മുമ്പ് സമാന ദുരന്തമുണ്ടായി. 22 പശുക്കളാണ് അന്ന് മരിച്ചത്. ജയറാമും പാർവ്വതിയും പശുകളൊരോന്ന് ചത്തു വീഴുന്നത് കണ്ട് പൊട്ടിക്കരഞ്ഞു. വിഷബാധയാണ് പശുക്കളുടെ ജീവനെടുത്തതെന്ന് ഡോക്ടർമാർ അറിയിച്ചു. സ്വന്തം മക്കളെ പോലെ വളർത്തിയ പശുക്കളായിരുന്നു അന്ന് മരിച്ചത്. അതുകൊണ്ടു തന്നെ വെള്ളിയാമറ്റത്തെ വേദന താനും അറിഞ്ഞതാണ്. ഞാൻ അനുഭവിച്ച വേദനയാണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്. അതുകൊണ്ടാണ് അവർക്കൊപ്പം ഇരുന്ന് ആശ്വസിപ്പിക്കാനായി അങ്ങോട്ട് പോകുന്നത്-ജയറാം പറയുന്നു.

പശുക്കളും കിടാരികളും ഒന്നിനുപിറകേ ഒന്നായി ജീവൻ വെടിയുമ്പോൾ ഒന്നും ചെയ്യാനാകാതെ നോക്കി നിൽക്കാൻ മാത്രമേ കുട്ടിക്കർഷകൻ മാത്യു ബെന്നിക്കും കുടുംബാംഗങ്ങൾക്കും സാധിച്ചുള്ളൂ. സങ്കടം സഹിക്കാനാകാതെ വന്നതോടെ മാത്യുവും അമ്മ ഷൈനിയും സഹോദരി റോസ്മേരിയും തളർന്നുപോയി. ശാരീരികാസ്വസ്ഥത ഉണ്ടായതോടെ ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടിൽ തിരിച്ചെത്തി. അപ്പോഴും ആവരുടെ വേദന മാറിയില്ല. ഇതിന് ആശ്വാസമാകാനാണ് ജയറാം അങ്ങോട്ട് പോകുന്നത്.

സയനൈഡ് അമിത അളവിൽ ഉള്ളിലെത്തിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. കൂട്ടുകാരെപ്പോലെ ഓരോ പശുവിനെയും കിടാരിയെയും പേരുചൊല്ലിയാണ് മാത്യു വിളിച്ചിരുന്നത്. കൊച്ചുറാണിയും ഐശ്വര്യറാണിയും മഹാറാണിയും, ഇരട്ടകളായ പൊന്നുവും മിന്നുവും, മറിയാമ്മയും മർത്തയും കണ്ണാപ്പിയുമെല്ലാം മാത്യുവിനും സഹോദരൻ ജോർജിനും പ്രയപ്പെട്ടവരായിരുന്നു. വെറും വളർത്തുമൃഗങ്ങൾക്കപ്പുറം കുടുംബാംഗങ്ങളെപ്പോലെയാണ് ഇവർ പരിഗണിച്ചിരുന്നത്. വിഷബാധയേറ്റ അഞ്ച് കന്നുകാലികളുടെ നില ഗുരുതരമായി തുടരുകയാണ്. മൂന്നെണ്ണത്തിന്റെ നിലയിൽ പ്രതീക്ഷയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എട്ട് പശുക്കളും എട്ട് കിടാരികളും ആറ് മൂരികളും ഉൾപ്പെടെ ആകെ 22 കന്നുകാലികളാണ് ഫാമിൽ ഉണ്ടായിരുന്നത്.

മാത്യുവിന് 13 വയസ്സുള്ളപ്പോഴാണ് അച്ഛൻ ബെന്നി മരിക്കുന്നത്. മരണശേഷം പശുക്കളെ വിൽക്കാൻ തീരുമാനിച്ചെങ്കിലും മാത്യുവിന്റെ കടുംപിടുത്തത്തിനുമുൻപിൽ വീട്ടുകാർക്ക് വഴങ്ങേണ്ടിവന്നു. പശുക്കളെ വിറ്റില്ല. മാത്യുവാണ് അന്നുമുതൽ പ്രധാന പശുപരിപാലകൻ. ജ്യേഷ്ഠൻ ജോർജും അമ്മ ഷൈനിയും സഹോദരി റോസ്മേരിയും സഹായിക്കും. നല്ലനിലയിൽ ഫാം നടന്നുവരുമ്പോഴാണ് പച്ചക്കപ്പ ഉണക്കിനൽകുന്ന സ്ഥലത്തുനിന്ന് കപ്പത്തൊലിവാങ്ങി ഇവയ്ക്കുനൽകിയത്. ഇത് ദുരന്തമായി. ഇത് കഴിച്ചതോടെ പശുക്കൾ ഒന്നൊന്നായി കുഴഞ്ഞുവീണു. നുരയും പതയും വായിലും മൂക്കിലും വന്ന്, കൈകാലിട്ടടിച്ചു ഓരോന്നായി ചത്തുവീണു.

ഇൻഷുറൻസ് തുകയിലുണ്ടായ ഭീമമായ വർധന കാരണം കന്നുകാലികളെ ഇൻഷുർ ചെയ്യാൻ മാത്യുവിനും കുടുംബത്തിനും സാധിച്ചിരുന്നില്ല. ഇത്തരമൊരു ദുരന്തം അവർ പ്രതീക്ഷിച്ചിരുന്നുമില്ല. 800 രൂപ ആയിരുന്ന ഇൻഷുറൻസ് തുക 6000 ആക്കി ഉയർത്തിയതാണ് ഇവർക്ക് തിരിച്ചടിയായത്. ഇതെല്ലാം മനസ്സിലാക്കിയാണ് ജയറാം ഇടപെടലിന് വരുന്നത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാത്യു ബെന്നിയെ തിങ്കളാഴ്ച ഉച്ചയോടെ മന്ത്രി ജെ.ചിഞ്ചുറാണി വിളിച്ച് അശ്വസിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിളിച്ച് സഹായങ്ങൾ ഉറപ്പുനൽകി. പി.ജെ.ജോസഫ് എംഎ‍ൽഎ. വീട്ടിലെത്തി അശ്വസിപ്പിച്ചു. മിൽമ എറണാകുളം മേഖലാ ചെയർമാൻ ജയൻ നേരിട്ടത്തി വീട്ടിലുണ്ടായിരുന്ന സഹോദരൻ ജോർജിനെ കാണുകയും ആദ്യഘട്ട സഹായവും വാഗ്ദാനം ചെയ്തു.