തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം ആര്‍ അജിത്ത് കുമാറിന് സ്ഥാനമാറ്റം ഉണ്ടാകാന്‍ കളമൊരുങ്ങുന്നു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും അടക്കം പി വി അന്‍വര്‍ പരസ്യമായി ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.

ഡിജിപിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. അന്വേഷണ സംഘാംഗങ്ങളെ നാളെ തീരുമാനിക്കും. വിജിലന്‍സ് അന്വേഷണം കൂടിയായതോടെ അജിത് കുമാറിന് ക്രമസമാധന ചുമതലയില്‍ തുടരാന്‍ കഴിയില്ല. ഡിജിപി ശുപാര്‍ശ നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് തീരുമാനം.

എസ്പി സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ മലപ്പുറത്തെ പൊലിസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും മുറിച്ച മരം അജിത് കുമാറിനും നല്‍കിയെന്നാണ് പിവി അന്‍വറിന്റെ ആരോപണം. ഇതോടൊപ്പം ബന്ധുക്കളുടെ സ്വത്ത് സമ്പാദനം, സ്വര്‍ണക്കടത്തുകാരില്‍ നിന്ന് സ്വര്‍ണം പിടിച്ച് മുക്കി, കവടിയാറിലെ വീട് നിര്‍മ്മാണം അടക്കം ആരോപണത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് എഡിജിപിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത്. വിജിലന്‍സ് അന്വേഷണത്തിലൂടെ മറ്റൊരു ഡിജിപി തല അന്വേഷണം കൂടിയാണ് അജിത് കുമാര്‍ നേരിടേണ്ടി വരുന്നത്. മറ്റ് ആരോപണങ്ങളില്‍ ഷെയ്ഖ് ദര്‍വേസ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പി വി അന്‍വര്‍ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കി. അജിത്കുമാറിനായി പല കാര്യങ്ങളും വഴിവിട്ടു ചെയ്തുകൊടുക്കുന്നതും സംരക്ഷിക്കുന്നതും ശശിയാണ്, മുഖ്യമന്ത്രിയേല്‍പ്പിച്ച ദൗത്യങ്ങള്‍ പി. ശശി ചെയ്യുന്നില്ല, കാര്യങ്ങള്‍ ധരിപ്പിക്കുന്നില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് നേരത്തെ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നത്. ഇവയാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് എഴുതിനല്‍കിയിരിക്കുന്നത്.

എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ തെറ്റായ നീക്കങ്ങളെപറ്റി പി. ശശിയെ അറിയിച്ചിട്ടും അത് ഗൗനിച്ചില്ല എന്ന് ആരോപണമാണ് പി. വി. അന്‍വര്‍ ഉയര്‍ത്തിയത്. തത്വത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് സഹായം ചെയ്യുന്ന അജിത് കുമാറിന് പി. ശശി സഹായം ചെയ്യുന്നു എന്ന് അര്‍ഥം

ആഭ്യന്തരവകുപ്പ് വിശ്വസിച്ച് ഏല്‍പിച്ച പി. ശശി പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ശശി ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. 'എം.ആര്‍. അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. 29 വകുപ്പ് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്നുണ്ട്. നാലു ചായപ്പീടിക കൈകാര്യംചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമോ?', അന്‍വര്‍ ചോദിച്ചു.