തിരുവനന്തപുരം: സൂപ്പർ താരം വിജയകാന്ത് വിടവാങ്ങിയപ്പോൾ, അധികം ആർക്കും അറിയാത്ത അദ്ദേഹത്തിന്റെ തിരുവനന്തപുരം ബന്ധം വീണ്ടും ഓർമയിൽ പൊന്തി വന്നു. സോഷ്യൽ മീഡിയയിൽ പലരും കുറിപ്പുകളിട്ടു. മധുരയാണ് വിജകാന്തിന്റെ സ്വദേശം. കുട്ടിക്കാലത്ത് തന്നെ തിരുവനന്തപുരത്തേക്ക് വരവും പോക്കും ഉണ്ടായിരുന്നു.

ആദ്യം സിനിമ കാണാൻ, പിന്നീട് ചാൻസ് തേടിയും

മധുരയിൽ അരിമില്ലുടമയായിരുന്നു വിജയകാന്തിന്റെ അച്ഛൻ അളഗർസാമി. സ്വാമിയുടെ മകൻ കുട്ടിക്കാലത്ത് തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറിയിരുന്നത് സിനിമ കാണാനും സ്ഥലങ്ങൾ കാണാനും ഭക്ഷണം കഴിക്കാനുമൊക്കെയായിരുന്നു. സൂപ്പർതാരമായപ്പോഴും, രാഷ്ട്രീയത്തിൽ ശോഭിച്ചപ്പോഴും തന്റെ പഴയ ഇഷ്ടയിടം അദ്ദേഹം മറന്നില്ല.

സ്‌കൂളിലെ കൂട്ടുകാർക്കൊപ്പം മധുരയിൽ നിന്ന് ട്രെയിൻ കയറി തിരുവനന്തപുരത്ത് വരുമായിരുന്ന വിജയകാന്ത് തമ്പാനൂരിലും ചാലയിലും മ്യൂസിയത്തിലും കിഴക്കേക്കോട്ടയിലും കോവളത്തുമെല്ലാം കറങ്ങി നടന്നു. സ്ഥലംകാണലും സിനിമ കാണലുമായിരുന്നു കമ്പം. ഏറ്റവുമൊടുവിൽ പോകാൻ നേരം നല്ല ശാപ്പാടും കഴിച്ചിട്ടാണ് മടക്കം.

പിന്നീട് അത് സിനിമയോടുള്ള ഭ്രമമായി. സിനിമ കാണാൻവേണ്ടി മാത്രം വിജയകാന്ത് തിരുവനന്തപുരത്ത് എത്തുമായിരുന്നു. തമ്പാനൂരിലെ ശ്രീകുമാർ തീയേറ്റർ ആയിരുന്നു അക്കാലത്ത് വിജയകാന്തിന് പ്രിയം. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് ചാലയിലെ കടയിൽ നിന്ന് ഒന്നോ രണ്ടോ കവർ ഉപ്പേരി വാങ്ങും. അതുകഴിച്ചുകൊണ്ടാണ് സിനിമ കാണുന്നത്.

സിനിമാ കമ്പം കൂടിയപ്പോൾ

കൗമാരക്കാരനായതോടെ എല്ലാ വാരാന്ത്യങ്ങളിലും വിജയകാന്ത് തിരുവനന്തപുരത്ത് വരുമായിരുന്നു. എങ്ങനെയെങ്കിലും മലയാള സിനിമയിൽ അഭിനയിക്കുകയായിരുന്നു ലക്ഷ്യം. എഴുപതുകളിൽ സിനിമാക്കാരുടെ പ്രധാന കേന്ദ്രം മദ്രാസും തിരുവനന്തപുരവുമൊക്കെയായിരുന്നു. മദ്രാസിൽ പോകുന്നതിനേക്കാൾ എളുപ്പത്തിൽ തിരുവനന്തപുരത്ത് വരാമെന്നതാണ് വിജയകാന്തിനെ ഇവിടേക്ക് ആകർഷിച്ചത്. ചാൻസ് ചോദിച്ച് അലഞ്ഞ് ചെരിപ്പ് തേഞ്ഞതല്ലാതെ ആ തമിഴ് പയ്യന് മലയാള സിനിമയിൽ ആരും അവസരം നൽകിയില്ല.

വിജയകാന്ത് മലയാള സിനിമയിൽ അവസരം തേടി വരാനും ചില കാരണങ്ങളുണ്ട്. അതിലൊന്ന് നടൻ സത്യനോടുള്ള കടുത്ത ആരാധനയാണ്. മുമ്പൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയെങ്കിലും, കഴിവില്ലെന്ന് പറഞ്ഞ് അവർ ഒഴിവാക്കി. ഇതോടെ എങ്ങനെയും സിനിമാ നടനാകണമെന്ന വാശി മനസിൽ കയറി. അങ്ങനെയാണ് തന്നെ ആദ്യം തിരസ്‌ക്കരിച്ച തമിഴിനെ ഒഴിവാക്കി മലയാളത്തിൽ നടനാകാൻ ശ്രമിച്ചത്. അക്കാലത്തെ ഒട്ടുമിക്ക സംവിധായകരെയും നിർമ്മാതാക്കളെയും നേരിൽ കണ്ടെങ്കിലും ആരും അവസരം നൽകാൻ തയ്യാറായില്ല. തനിക്ക് അവസരം നിഷേധിച്ചവരെ പിന്നീട് പല തവണ കണ്ടുമുട്ടിയെങ്കിലും അതിന്റെ പരിഭവം ഒന്നും തന്നെ വിജയകാന്ത് കാണിച്ചിരുന്നില്ല.

സത്യന് പുറമെ ജയൻ, ഷീല, ജയഭാരതി എന്നിവരായിരുന്നു വിജയകാന്തിന് പ്രിയമുള്ള മലയാളതാരങ്ങൾ. ഇവരുടെ എല്ലാ സിനിമകളും അദ്ദേഹം കാണുമായിരുന്നു. തുലാഭാരം സിനിമ കണ്ട് കരഞ്ഞ അനുഭവം പിന്നീട് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് മുടക്കാറില്ലായിരുന്നു.

ചാലയിലെ ഗോൾഡ് കവറിങ് കടയിലെ ഇരിപ്പ്

തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ വിജയകാന്ത് താമസിച്ചിരുന്നത് ചാല പിള്ളയാർക്കോവിൽ ലെയ്‌നിൽ കണ്ണന്റെയും മുത്തുലക്ഷ്മിയുടെയും വീട്ടിൽ ആയിരുന്നു. വിജയകാന്തിന്റെ ബാല്യകാല സുഹൃത്ത് സുന്ദരരാജന്റെ സഹോദരിയാണ് മുത്തുലക്ഷ്മി. ഇവർക്ക് ചാലയിൽ ജ്യോതി ജൂവലറി മാർട്ട് എന്ന പേരിൽ ഒരു ഗോൾഡ് കവറിങ് ആഭരണക്കട ഉണ്ടായിരുന്നു.

കട നടത്തിയിരുന്ന കണ്ണൻ മരിച്ചതോടെ മുത്തുലക്ഷ്മി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് അവരെ സഹായിക്കാൻ വിജയകാന്ത് ആ കട വാങ്ങിയത്. പഴവങ്ങാടിക്കും ഓവർബ്രിഡ്ജിനും ഇടയിലുള്ള ഭാഗത്തായിരുന്നു ജ്യോതി ജൂവലറി മാർട്ട്. ഏഴു ലക്ഷം രൂപയ്ക്കാണ് വിജയകാന്ത് ആഭരണക്കട വാങ്ങിയത്. കച്ചവടം നഷ്ടമായതോടെ പിന്നീട് അത് വിൽക്കുകയായിരുന്നു. അക്കാലത്ത് ഓണക്കാലത്ത് മിക്കവാറും വിജയകാന്ത് തിരുവനന്തപുരത്തുണ്ടാകും. ഓണത്തിരക്കും ഗതാഗതക്കുരുക്കുമൊക്കെ കണ്ട് കടയിലിരിക്കും. അല്ലെങ്കിൽ വെറുതേ ഇറങ്ങി നടക്കും.

പിൽക്കാലത്ത് വിജയകാന്ത് തമിഴിലെ സൂപ്പർതാരമായി മാറിയെങ്കിലും തിരുവനന്തപുരം ഇഷ്ടനഗരമായിരുന്നു. ആരുമറിയാതെയും എല്ലാവരെയും അറിയിച്ചും നിരവധി തവണ അദ്ദേഹം തിരുവനന്തപുരത്തെത്തി. നിരവധി തവണ പൊതു ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തു. നടൻ മോഹൻലാലിന്റെ അഭിനയജീവിതത്തിലെ രജതജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിലും വിജയകാന്ത് എത്തി. അന്ന് പഴവങ്ങാടി എവിടെയെന്ന് കാർ ഡ്രൈവറോട് ചോദിച്ചു. 'അത് കുറേ ദൂരെയാണ് സാർ' എന്നായിരുന്നു മറുപടി. വിജയകാന്ത് ഉള്ളിൽ ചിരിച്ചുകാണണം.